മന്ത്രിക്കും ഒരു ചുവന്ന പൂവ്!

ഇന്നലെ ഡോക്ടർമാരുടെ ദിവസമായിരുന്നല്ലോ.  ഡോക്ടർമാർക്ക് പലരും ഓടി നടന്നു പൂക്കൾ സമ്മാനിക്കുന്നത് കണ്ടിരുന്നു.  ഒന്നും കാണാതെ ആരും ഒന്നും ചെയ്യില്ല എന്ന ലോക നിയമം വെറുതെ ഓർത്തതല്ല.  തലസ്ഥാനത്തെ സർക്കാർ വിലാസം ആയുർവേദ ആശുപത്രിയിലെ കുറിപ്പടി കിട്ടിയപ്പോൾ പൂക്കൾ എവിടെ  നിന്നൊക്കെയാണ് വന്നത് എന്ന് ഊഹിച്ചെടുക്കാൻ വലിയ ബ്രില്ലിയൻസിന്റെ ഒന്നും ആവശ്യമില്ല എന്നോർമ്മവന്നു.

അതിനിടക്ക് നമ്മുടെ ആരോഗ്യ മന്ത്രി സമഗ്ര ആരോഗ്യ പദ്ധതി കൊണ്ടുവരുമെന്ന് ഇന്നലെത്തന്നെ പറയുകയും ചെയ്തു.  എന്താണാവോ ഈ സമഗ്രം? ഇതിനു മുമ്പിരുന്ന ഇടതു വനിത ആരോഗ്യ മന്ത്രിയും ഇത് പോലെ എന്തൊക്കൊയോ അഞ്ചു വർഷക്കാലം മംഗ്ലീഷിലും അല്ലാതെയും  പറഞ്ഞു നടന്നു കാലം കഴിച്ചു.  എന്തു പദ്ധതി വന്നാലും കൊള്ളാം അതിനു മുമ്പ് ആശുപത്രികൾക്ക് ഒരല്പം കടലാസ്സു വാങ്ങിച്ചു കൊടുക്കണം.  ഇല്ലെങ്കിൽ ഡോക്ടർമാർ പച്ചക്കിതുപോലെ സ്വകാര്യ കുറിപ്പടികൾ ഇറക്കിക്കളയും.

സ്വകാര്യത്തോടു നമുക്ക് പൂർവ വൈരാഗ്യം ഒന്നുമില്ല.  പക്ഷെ ഈ സ്വകാര്യ -പൊതുമേഖലാ കച്ചവടം കാണുമ്പോൾ ഒരു ഗതിയും പരഗതിയും ഇല്ലാത്തവർ എന്തു ചെയ്യും എന്ന് വെറുതെ ചിന്തിച്ചു പോയി.  ആയുർവേദ ഡോക്ടറുടെ കുറിപ്പടിയിലുള്ള രണ്ടു ടെസ്റ്റുകൾ നടത്താനുള്ള  ഫീസ് HLL എന്ന പൊതുമേഖലാ സ്ഥാപനത്തിൽ ചോദിച്ചു.  അവരുടെ നിരക്ക് 550 രൂപയാണ്.  അത് പോലെ ഡോക്ടർ നയത്തിൽ സൂചിപ്പിച്ച സ്ഥാപനത്തിലെ നിരക്കും ചോദിച്ചു.  കുറ്റം പറയരുതല്ലോ,  നേരെ ഇരട്ടിയായ 1100  രൂപ മാത്രം. രണ്ടു സ്ഥാപനങ്ങളും മെഡിക്കൽ കോളേജിന്റെ അപ്പുറവും ഇപ്പുറവും എന്ന വ്യത്യാസമേ ഉള്ളൂ!

കുറിപ്പടിയിൽ ഡോക്ടർ കൃത്യമായി പേരും ഫോൺ നമ്പറുമൊക്കെ എഴുതിവച്ചു. കമ്മീഷൻ കണക്കാക്കുമ്പോൾ ആള് മാറിപ്പോകരുതല്ലോ! ഞാൻ അതൊരു ചുവന്ന പൂ കൊണ്ടു മറച്ചു വച്ചു.  കാരണം ഇത് ഒരാൾ മാത്രം ചെയ്യുന്ന  ക്രൂര കൃത്യമല്ല എന്നത് തന്നെ. പാവങ്ങളെ  പിഴിയുന്ന ഈ ഏർപ്പാടൊക്കെ നിർത്തലാക്കിയിട്ടു പോരെ സമഗ്രവും സനാതനവുമായതൊക്കെ ചെയ്യാൻ എന്ന് മന്ത്രിക്കും ഒരു ചുവന്ന പൂ കൂടി സമ്മാനിച്ചുകൊണ്ട് പറയട്ടെ.

Share This:

Leave a Reply

Your email address will not be published.