ഒരു ഇടതു രോഷം!

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് ഒരു തുറന്ന കത്ത്.
എൻ്റെ പേര് സുധിഷ് അലോഷ്യസ്. താമസം വെട്ടുകാട്. എൽ.ഡി.എഫ്. വരും എല്ലാം ശരിയാകും എന്ന തലക്കെട്ടുമായാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഒരു ഇടതുപക്ഷ അനുഭാവിയായ ഞാനും ഈ തലക്കെട്ട് പറഞ്ഞു തന്നെയാണ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. കേരള സർക്കാരിൻറെ ആദ്യകാല പ്രവർത്തനങ്ങൾ എല്ലാം ശരിയാക്കുന്ന രീതിയിൽ തന്നെയാണ് മുന്നോട്ടു പോകുന്നത്. കേരള സർക്കാരിന് അഭിവാദ്യങ്ങൾ! ഇനി ഞാൻ കാര്യത്തിൽ കടക്കട്ടെ:
തിരുവനന്തപുരം ജില്ലയിൽ പ്രശസ്തമായ ബീച്ചാണ് ശംഖുമുഖം ബീച്ച്. കുറെയേറെക്കാലമായി (കഴിഞ്ഞ സർക്കാർ കാലഘട്ടത്തിലും) ഈ ബീച്ചിന്റെ സ്ഥിതി കുറ്റാകൂരിരുട്ടാണ്. ദിവസവും ആയിരക്കണക്കിനാളുകൾ കടൽകാറ്റ് ആസ്വദിക്കാൻ ഈ ബീച്ചിൽ വന്നു പോകുന്നു. അങ്ങനെയുള്ള ഈ ബീച്ചിലെ കേടായ ലൈറ്റുകൾ മാറ്റി സ്ഥാപിക്കാൻ 40 നാൾ അധികം തന്നെയാണ്. പലവട്ടം ജനപ്രതിനിധികളോട് പരാതിപ്പെട്ടിട്ടും ഒരു കാര്യവുമില്ലെന്ന് മനസ്സിലാക്കിയ ഞാൻ, ഈ പ്രശ്നം മന്ത്രിമാരെ നേരിട്ടറിയിക്കാൻ തീരുമാനിച്ചു. ശംഖുമുഖം ബീച്ച് ഡി.ടി.പി.സി.യുടെ കീഴിലായതിനാൽ ടൂറിസം മന്ത്രിയേയും തിരുവനന്തപുരം ജില്ലയിലെ മന്ത്രിയായ വൈദ്യുതി മന്ത്രിയേയും നേരിട്ട് കണ്ട് പരാതി കൊടുക്കാം എന്ന് കരുതി, 05/07/2016, 3:30ന് സെക്രട്ടറിയേറ്റിൽ എത്തി. പാസ്സെടുക്കാൻ ചെന്നപ്പോൾ ഐ.ഡി. കാർഡ് നിർബന്ധമായി വേണം എന്ന് പറഞ്ഞു. മന്ത്രിമാരെ സന്ദർശിക്കാവുന്ന സമയം 3:00 മുതൽ 5:00 വരെയെന്ന് ഓർമ്മിപ്പിച്ചു. ഉടൻ തന്നെ ഞാൻ അവിടെനിന്നും തിരിച്ചു വീട്ടിൽ എത്തി ഐ.ഡി. കാർഡുമായി പാസ്സെടുക്കാൻ ചെന്നു. കാണാൻ ആഗ്രഹിക്കുന്ന മന്ത്രിമാരുടെ പേരുകൾ പറഞ്ഞു. പാസ്സ് കിട്ടി, വളരെ ആവേശത്തോടെ മന്ത്രിമാരുടെ ഓഫീസിലേക്ക് നടന്നു നീങ്ങി. ഒന്നാം നിലയിൽ ടൂറിസം മന്ത്രിയുടെ ഓഫീസിൽ എത്തിയപ്പോൾ മന്ത്രി വന്നിട്ടില്ല. ഇപ്പോൾ മന്ത്രി വരും എന്നന്വേഷിച്ചപ്പോൾ അറിയില്ല എന്ന ഉത്തരവും കിട്ടി. എന്താണ് കാര്യം എന്ന് ഒരു ഉദ്യോഗസ്ഥൻ ചോദിച്ചു. ഞാൻ കാര്യം പറഞ്ഞു. എന്നാൽ പരാതി ഇങ്ങു തന്നേക്കു മന്ത്രിയെ ഏൽപ്പിക്കാം എന്ന് ഉദ്യോഗസ്ഥൻ. ഞാൻ സന്തോഷത്തോടെ പരാതി കൊടുത്തിട്ട് രസീത് ചോദിച്ചു. പരാതി കൊടുത്ത അതേ സ്പീഡിൽ തിരിച്ചു തന്നു. രസീത് നൽകാനുള്ള ഓപ്‌ഷൻ ഇവിടില്ല എന്ന് പറഞ്ഞു. പിന്നെ ഈ പരാതി ആരെ ഏൽപ്പിക്കണം എന്ന് ചോദിച്ചപ്പോൾ, മന്ത്രിയുടെ പി.എസ്‌.നെ ഏൽപ്പിച്ചാൽ മതിയെന്ന് പറഞ്ഞു. അങ്ങനെ പി.എസ്.ന്റെ ഓഫീസിൽ കയറി. പരാതി വാങ്ങി അദ്ദേഹം മേശപ്പുറത്തു വെച്ചു. എന്നെ പോകാനും പറഞ്ഞു. ഞാൻ ചോദിച്ചു, ഇതിൽ പറഞ്ഞിരിക്കുന്ന പരാതിയിന്മേൽ നടപടി ഉടൻ ഉണ്ടാകുമോ? അത് പരാതി വായിച്ച ശേഷം പറയാം എന്ന് കടുപ്പിച്ച സ്വരത്തിൽ പറഞ്ഞു. ഞാൻ പറഞ്ഞു, ഇത് വ്യക്തിപരമായ ആവശ്യമല്ല, പൊതുതാല്പര്യ പരാതിയാണെന്ന്. മന്ത്രിയുടെ കൈയ്യിൽ ഇതെത്തിക്കണം എന്ന് അഭ്യർത്ഥിച്ചു ഞാൻ മടങ്ങി.
ശേഷം തിരുവനന്തപുരം ജില്ലയിലെ മന്ത്രിയെ കാണാൻ രണ്ടാം നിലയിൽ ചെന്നു. അവിടെയും മന്ത്രിയില്ല. നേരെ മന്ത്രിയുടെ പി.എസ്.ന്റെ മുറിയിൽ ചെന്ന് പരാതി നൽകി. പരാതി വായിച്ചു ചെറുപുഞ്ചിരിയോടെ എന്നെ പറഞ്ഞയച്ചു.
സെക്രട്ടറിയേറ്റിൽ നിന്നും പുറത്തു വന്നതിനു ശേഷം ഈ രണ്ടു മന്ത്രിമാരുടെ മൊബൈൽ നമ്പറിൽ വിളിക്കാൻ ശ്രമിച്ചു. രണ്ടുപേരുടെയും മൊബൈൽ റിംഗ് ചെയ്യുന്നുണ്ട്, പക്ഷെ എടുക്കുന്നില്ല. പലതവണ വിളിച്ചു നോക്കി, നോ രക്ഷ! പിന്നെ ഇതിനാണ് മന്ത്രിമാരുടെ മൊബൈൽ നമ്പരുകൾ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചത്?
എല്ലാ മന്ത്രിമാരും ഇങ്ങനെയാണെന്ന് പറയാൻ കഴിയില്ല. വലിയതുറയിൽ കടൽ ക്ഷോഭത്തിൽ വീടുകൾ നഷ്ട്ടപ്പെട്ടു അഭയാർത്ഥികളായി കഴിയുന്നവരുടെ കാര്യങ്ങളിൽ ഉടൻതന്നെ നടപടിയുണ്ടാകണം എന്ന് അഭ്യർത്ഥിച്ചു ഫിഷറീസ് മന്ത്രിക്ക് വോട്ട്സ്അപ്പിൽ മെസ്സേജ് അയച്ചപ്പോൾ, ഒരു വോയ്‌സ് മെസ്സേജിലൂടെ മറുപടി നൽകുകയുണ്ടായി.
സന്ദർശന സമയത്ത് മന്ത്രിമാർ തങ്ങളുടെ ഓഫീസിൽ ഇല്ലെങ്കിൽ, പാസ്സെടുക്കുമ്പോൾ തന്നെ പറയാമാലോ?
മന്ത്രിമാർക്ക് പരാതി നൽകുമ്പോൾ രസീത് കിട്ടിയില്ലെങ്കിൽ, ആ പരാതി എങ്ങനെ ഫോളോഅപ്പ് നടക്കും? പ്രത്യേകിച്ചു ഒരു പൊതുതാല്പര്യ വിഷയത്തിൽ.
ഇനി ഈ പരാതികളൊക്കെ മുഖ്യമന്ത്രിയുടെ വെബ്സൈറ്റ് വഴി അയക്കാം എന്ന് കരുതിയാൽ, പരാതി അയക്കേണ്ട പേജ് ഓഫ് ലൈൻ ആണ്. മുൻ മുഖ്യമന്ത്രിയുടെ വെബ്സൈറ്റ് വഴി പരാതി അയക്കാൻ കഴിയുമായിരുന്നു. ഇതിപ്പോ ഭരണം തുടങ്ങിയിട്ട് 40 ദിവസങ്ങൾ പിന്നിട്ടു. ഇതുവരെയും മുഖ്യമന്ത്രിയുടെ വെബ്സൈറ്റ് ശരിയാക്കിയിട്ടില്ല.
ഇത്തരം നിസ്സാര കാര്യങ്ങൾ ശരിയാകാൻ സമയമെടുത്താൽ, വലിയ കാര്യങ്ങളുടെ ഗതിയെന്താവും?
എല്ലാം ശരിയാകും എന്ന് ആത്മാർത്ഥമായി വിശ്വസിച്ചുകൊണ്ട് ഒരു ഹാർഡ്കോർ ഇടതനുഭാവി,
സുധിഷ് അലോഷ്യസ്, വെട്ടുകാട്.

9048283957IMG_20160709_183417

Share This:

One thought on “ഒരു ഇടതു രോഷം!

  1. If the publicity is without appropriate arrangements for response the trust that people deposed in the LDF government will vanish soon.Government officials are generally not sympathetic and responsive to the public . The CM should ensure better coordination between ministers and public.

Leave a Reply

Your email address will not be published.