വിഴിഞ്ഞത്തെ മറ്റൊരു മുല്ലപ്പെരിയാർ ആക്കരുത്.

IMG-20160622-WA0004നൂറു മീറ്ററിലധികം കടലിലേക്ക് നീണ്ടുകഴിഞ്ഞ വിഴിഞ്ഞം ബ്രേക്ക് വാട്ടറിന്റെ പണി പുരോഗമിക്കുന്നതിനോടൊപ്പം തന്നെ രണ്ടാമത്തെ ‘കുളച്ചൽ യുദ്ധവും’ ആരംഭിച്ചു കഴിഞ്ഞു.  ഇങ്ങനെ ഒരു പണി നടന്നു കാണാൻ ഏകദേശം കാൽ നൂറ്റാണ്ടു കാലത്തെ ജനകീയ സമര പോരാട്ടങ്ങൾ വേണ്ടി വന്നു എന്നത് ഇനിയാരെങ്കിലും എഴുതേണ്ട ചരിത്രമായി ബാക്കി നിൽക്കുന്നു.  അതേ സമയം വിഴിഞ്ഞത്തിന്റെ വർത്തമാനകാലം പിന്നെയും വിവാദത്തിലൂടെ കടന്നു പോകുന്നു.

മുഖ്യമന്ത്രി പ്രധാന മന്ത്രിയെ കാണേണ്ടിയിരുന്നത് കുളച്ചൽ തുറമുഖത്തെ കുറിച്ചുള്ള ആശങ്കകൾ പറയാൻ വേണ്ടിയായിരുന്നില്ല.  മറിച്ചു  വിഴിഞ്ഞത്തിന്റെ മുഴുവൻ സാധ്യതകളും ഉപയോഗപ്പെടുത്താൻ പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെടാൻ വേണ്ടിയാവണമായിരുന്നു.  നിർഭാഗ്യവശാൽ കേവല രാഷ്ട്രീയത്തിനപ്പുറം ഓരോ വിഷയത്തെ സമീപിക്കുവാൻ രാഷ്ട്രീയ നേതൃത്വങ്ങൾക്കു കഴിയുന്നില്ല എന്നതാണ് സത്യം.

എന്താണ് നമ്മുടെ മുൻപിലുള്ള സാധ്യതകൾ? 2014-ൽ ലോകം മുഴുവനുമായി 68 കോടിയോളം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യപ്പെട്ടപ്പോൾ ഇന്ത്യയുടെ പങ്കു വെറും 1. 16 കോടി മാത്രമായിരുന്നു.  അതേസമയം ചെറിയ ചെറിയ ഗൾഫ് നാടുകൾ എല്ലാം ചേർന്നു അഞ്ചു കോടിയിൽ പുറത്തു കണ്ടെയ്നറുകൾ കൈകാര്യം ചെയ്തു.  2020-ൽ ലോക വ്യാപാരം 100 കോടി കവിയുമെന്നാണ് പ്രവചനം.  ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാൻ ശ്രമിക്കുന്ന ഇന്ത്യ കേവലം ഒരു ശതമാനമെന്ന കുറ്റിയിൽ തളക്കപ്പെട്ടു കിടക്കേണ്ടി വരുന്നതാണ് ഇന്നത്തെ അവസ്ഥ.  വിഴിഞ്ഞം പൂർത്തിയായാലും ഇതിനു മാറ്റമുണ്ടാവില്ല.  കാരണം വിഴിഞ്ഞത്തെ കൊന്നു കുഴിച്ചു മൂടിയ ഒരു കരാറാണ് ഉമ്മൻ ചാണ്ടി സർക്കാർ അദാനിക്ക് നൽകിയത്. നടപ്പു വര്ഷം ഇത്തിരിയില്ലാത്ത സിംഗപ്പൂർ പോർട് നാലു കോടിയോളം കണ്ടൈയിനെർ കൈകാര്യം ചെയ്തെങ്കിൽ 2018-ൽ പൂർത്തിയാകുമെന്ന് പറയുന്ന വിഴിഞ്ഞത്തിന്റെ ശേഷി കേവലം 10ലക്ഷമായി ചുരുക്കിക്കളഞ്ഞതാണു ആ കൊടും ചതി! അത് പഠിക്കാനോ തിരുത്താനോ തയ്യാറാവാത്ത പിണറായി സർക്കാർ ഒരു വശത്തും വിഴിഞ്ഞം എന്താണെന്നു പോലും പഠിക്കാതെ കുളച്ചലിനെ വല്ലാതെ  പ്രണയിക്കുന്ന കേന്ദ്രം മറുവശത്തും നിന്നാടുന്ന ചൊൽക്കാഴ്ചകൾ കാണുമ്പോൾ നിസ്സഹായരായി നിൽക്കാനേ പൊതുജനത്തിന് കഴിയു.  യാതൊരു സംശയവുമില്ല,  രണ്ടു പോർട്ടുകളും വരണം.  വിഴിഞ്ഞത്തിനു 7250 കോടിയുടെ പദ്ധതി,  ഇന്നലെ പിറന്ന കുളച്ചലിന് 27000 കോടിയുടെ പദ്ധതി,  ഇതിൽ സാമാന്യ നീതി കാണാൻ എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല. പിന്നെയുള്ള ഏക ആശ്വാസം രണ്ടും ഇന്ത്യാ മഹാരാജ്യത്തിനകത്തു തന്നെയാണല്ലോ എന്നത് മാത്രമാണ്.  ഉമ്മൻ ചാണ്ടിയുടെ കൈക്കുറ്റപ്പാടിന്റെ പാപഭാരം എന്തിനു മോദിയുടെ മേലിൽ ചാരണം?

ഏറ്റവും പ്രധാനപ്പെട്ട വിഷയം തമിഴ് നാടിന്റെ സഹകരണമില്ലാതെ വിഴിഞ്ഞം പദ്ധതി വിജയിക്കില്ല എന്ന സത്യം കേരള സർക്കാർ മനസ്സിലാക്കണം.  അതുകൊണ്ടു ഉമ്മൻ ചാണ്ടി ചെയ്ത തെറ്റിന് കുളച്ചലിന്റെ പുറത്തു കുതിര കയറുന്നതു ശുദ്ധ വിവരക്കേടാണ്.  കുളച്ചലിനെതിരായുള്ള നമ്മുടെ ചെറിയ നീക്കം പോലും വിഴിഞ്ഞത്തിനെതിരെയുള്ള തന്ത്രങ്ങൾക്ക് രൂപം കൊടുക്കാൻ തമിഴ്‌നാടിനെ പ്രേരിപ്പിക്കും.  അതുകൊണ്ടു തമിഴ്നാടുമായി പോർട്ടുകൾക്കു വേണ്ടി ഒരു പുതിയ അച്ചുതണ്ടിനു രൂപം കൊടുക്കണം. 100 കോടിയോളം വരുന്ന ആഗോള കണ്ടൈനറുകളിൽ പരമാവധി ഈ രണ്ടു പോർട്ടുകളും കൈകാര്യം ചെയ്യുന്ന ഒരു പൊളിറ്റിക്കൽ സമവാക്യത്തിന് നമ്മൾ തുടക്കമിടണം. നിലവിൽ റയിൽവേ 9%വും റോഡുകൾ 6%വും രാജ്യത്തിന്റെ ജി ഡീ പി ക്ക് സംഭാവന ചെയ്യുമ്പോൾ 7500 കിലോമീറ്ററോളം വരുന്ന കടലുണ്ടായിട്ടും പോർട്ടുകളുടെ സംഭാവന ജിഡീപിയുടെ കേവലം ഒരു ശതമാനം മാത്രമാണ്.  ഈ സാഹചര്യത്തിന് മാറ്റമുണ്ടാകണം,  അതിലൂടെ കേരളവും തമിഴ്‌നാടും ഒരു മാരിടൈം ഇക്കണോമിയുടെ തുടക്കകാരാകണം.  അത്തരം ഒരു കാഴ്ചപ്പാട് രൂപപ്പെടേണ്ട വേളയാണിത്.  അല്ലാതെ വീണ്ടും ഒരു മുല്ലപ്പെരിയാർ ഇഫ്ഫെക്ട് ദയവു ചെയ്തു ആരും സൃഷ്ടിക്കരുത്.

Share This:

Leave a Reply

Your email address will not be published.