ചിക്കിങ് മൻസൂറിക്ക വായിച്ചറിയാൻ…….

കഴിഞ്ഞ ദിവസം ദുബായിലുള്ള ഒരു സുഹൃത്ത് എനിക്കൊരു വീഡിയോ അയച്ചു തന്നിരുന്നു.  താങ്കളുടെ ചാവക്കാടുള്ള പുതിയ വീട് കയറുന്നതിന്റെ ദൃശ്യങ്ങൾ എന്നാണ് അതോടൊപ്പം എഴുതിയിരുന്നത്..  മറ്റു ചിലരോടും വീടും വിഡിയോയും സൂചിപ്പിച്ചപ്പോൾ അവരും അത് സമ്മതിച്ചു.  വീട് വീഡിയോയിൽ കണ്ടപ്പോൾ അത്ഭുതവും അഭിമാനവും ഒക്കെ തോന്നി.  ഒരു വീട് ഇങ്ങനെയൊക്കെ ആകണോ എന്ന അതിശയം ഒരു വശത്തു,  ഒരു കേരളീയനും ഇങ്ങനെ ഒക്കെ ഉയരാം എന്ന അഭിമാനം മറു വശത്തു.  എത്രയൊക്കെ മണ്ണും കല്ലും പാഴായി എന്നൊക്കെയുള്ള പരിസ്ഥിതി ചിന്തകൾ വരാതിരുന്നില്ല. 

വീടിന്റെ മായിക ലോകത്തങ്ങനെ ഇരിക്കുമ്പോൾ അതാ പാർവതി അമ്മാൾ പടി കയറി വരുന്നു.  സ്ഥിരം കയറി വരുന്ന പറ്റിക്കൽ ഭിക്ഷക്കാരിയല്ലെന്നു ആദ്യ നോട്ടത്തിൽ തന്നെ മനസ്സിലായി.  പിന്നീടുള്ള ഒന്ന്‌ രണ്ട്‌ മണിക്കൂറിനുള്ളിൽ ഞാൻ മകനും അവർ അമ്മയുമായി മാറി.  തിരുവനന്തപുരത്തു നിന്നും തൃശൂർ ബസ്സിൽ ഞാൻ അമ്മയെ കയറ്റിവിട്ടു മടങ്ങുമ്പോൾ കഴിഞ്ഞ രണ്ട്‌ മണിക്കൂർ കൊണ്ട് അമ്മ പറഞ്ഞു തീർത്ത എൺപത്താറു വർഷത്തെ കാളിക്കത്തുന്ന ജീവിത വേദന മൻസൂറിക്കയോട് പറയണമെന്ന് തോന്നി.  

രാജഭരണത്തിന്റെ ധാരാളിത്തത്തിനു നടുവിൽ അനന്തപുരിയിൽ ജനിച്ചു വളർന്നതാണു പാർവതി.  കുടുംബത്തിൽ ഉയർന്ന ഉദ്യോഗസ്ഥർ പലരുമുണ്ടായിരുന്നെങ്കിലും പാർവതിക്ക് കാര്യമായി പഠിക്കാൻ കഴിഞ്ഞില്ല.  ബാല്യ വിവാഹത്തിന്റെ പല്ലക്കിലേറി അവർ തൃശ്ശൂരിലേക്ക് പറിച്ചുനടപ്പെട്ടു.  സ്വതന്ത്ര ഭാരതം പലതും പിടിച്ചെടുത്ത കൂട്ടത്തിൽ പാർവതിയുടെ ബ്രാഹ്മണ കുടുംബം വഴിയാധാരമായി.  ഭർത്താവ് കിടപ്പിലായി.  ഏക മകളെ ഭർത്താവു ഉപേക്ഷിച്ചു പോയി.  മകളുടെയും രണ്ട്‌ പേരക്കുഞ്ഞുങ്ങളുടെയും ഭാരം ഇത്തിരിയില്ലാത്ത പാർവ്വതിയമ്മയുടെ നെഞ്ചിൻ കൂടിനുള്ളിലായി.  മിക്സി ഒന്നും വാങ്ങ മുടിയാത്,  അതുക്കാകെ ദിവസവും മൂന്ന് കവർ ഇഡ്ഡലി മാവ് വാങ്ങും.  മല്ലികയും മക്കളും ഇഡ്ഡലി ഉണ്ടാക്കി തരും.  മെഡിക്കൽ കോളേജിൻറെ മുമ്പിൽ പോയിരുന്നാൽ പത്തറുപതെണ്ണം വിൽക്കാൻ പറ്റും.  ബാക്കി മാവ് വച്ചു ഞങ്ങൾ നാലു പേരും രണ്ട്‌ ഇഡ്ഡലി വീതം കഴിക്കും.  ചമ്മന്തി മിക്കവാറും കാണില്ല,  തേങ്ങക്കൊക്കെ ഇപ്പൊ എന്താ വില ? മാസം 200 രൂപ വാടക കൊടുക്കുന്ന ഒറ്റ മുറിയിലാണ് കിടപ്പിലായ ഒരു രോഗിയും ഞങ്ങൾ നാലുപേരും കിടക്കുന്നത്‌.

നവരാത്രി ഉത്സവമല്ലേ,  ചിലപ്പോൾ ഒടപ്പെറന്നോൻ വല്ലതും തന്നാൽ കൊളന്തക്കു ഒരു പട്ടു പാവാട വാങ്കി കൊടുക്കാമെന്നു നിനച്ചിരുന്തേൻ.  അങ്കെ ആരെയും പാക്കതെയില്ല.  അങ്ങനെയാണ് പാർവതി അമ്മാൾ എന്റെ മുമ്പിലെത്തിയത്.  തിരുമ്പി പോവതുക്കു പണമേയില്ല.  മകന്റെ കണ്ണ് നനഞ്ഞു തുടങ്ങിയത് അറിയാനും മാത്രം കാഴ്ച അവർക്കില്ലായിരുന്നു.  

രാജഭരണത്തിന്റെ ധാരാളിത്തത്തിൽ വളർന്ന പാർവതി ഒരു നുള്ളു ചമ്മന്തി  കൂട്ടി ഒരിഡ്ഡലി കഴിക്കാൻ കനവ് കാണുന്നിടത്തു എത്താൻ എൺപത്താറു വർഷമെടുത്തു.  മൻസൂറിക്ക,  ആർക്കറിയാം കാലം നമുക്കായി എന്തൊക്കെ കരുതി വച്ചിരിക്കയാണെന്നു ?  വിഡിയോയിൽ പാടുന്നത് പോലെ കരുണാമയനായ പടച്ചോൻ നമ്മളെയെല്ലാം കാത്തു പരിപാലിക്കട്ടെ.  

 

Share This:

Leave a Reply

Your email address will not be published.