പിണറായി ‘പുലിമുരുകൻ ‘ ആസ്വദിക്കുമ്പോൾ പ്രഭാകരൻ ‘പുലിമട ‘ യിൽ അകപ്പെട്ടിരിക്കുന്നു !

tmpsnapshot1477382556175ഇനി ശിഷ്ടകാലം ആസ്വദിക്കാനുള്ളതാണല്ലോ ? അതായിക്കൊള്ളുക.  അതിനിടയ്ക്കുള്ള ഇടവേളകളിൽ കൊലപാതകം ഒഴിച്ചുള്ള കുറച്ചു  കണ്ണൂർ -കാസർഗോഡ് കാര്യങ്ങൾ കൂടി സ്വയം അറിയാൻ ശ്രമിക്കണം.  അതിനും നേരമില്ലെങ്കിൽ പ്രസ് സെക്രട്ടറിയായും മീഡിയ അഡ്വൈസറായും സെക്രട്ടറി റാങ്കുകളിൽ നിയമിക്കപ്പെട്ടവരോട്,  കവിതകളുടെയും കാഴ്ചകളുടെയും  തിരക്കൊഴിയുമ്പോൾ എങ്കിലും പത്രങ്ങളിൽ വരുന്ന ‘പുലിമടകളിൽ’ അകപ്പെട്ടുപോയ പാവങ്ങളുടെ കഥകൾ ഒന്നന്വേഷിച്ചുണർത്തിക്കുവാൻ ഉത്തരവുണ്ടാകണം. img-20161025-wa0097-1  ‘പുലിമട’ യിൽ ഇപ്പോഴും മരിക്കാതെ മരിച്ചു ജീവിക്കുന്ന  ഒരു പ്രഭാകരനുണ്ട്.  പിണറായിൽ നിന്നും അധികം അകലത്തിലല്ലാത്ത ചെറുവത്തൂരുകാരൻ.  ഒരു മരുന്നിനു വേണ്ടി ജില്ലകൾ തോറും യാത്ര ചെയ്യുന്ന മനുഷ്യൻ.  പുലിയല്ലാത്ത ആ പ്രഭാകരന്റെ കഥ മലയാളത്തിലെ പ്രധാന ദിനപ്പത്രം റിപ്പോർട്ട് ചെയ്തിട്ട് ഒരു മാസം പിന്നിട്ടു.  img_20161025_160350ആ വാർത്ത വന്നത് കാരണം പ്രഭാകരന്റെ ആയുസ്സിന് ഒരല്പം ഇളവ് കിട്ടി.  നാടിന്റെ പല ഭാഗത്തു നിന്നും മരുന്നായി പലരും സഹായിച്ചു.  ഇനി എട്ടു ദിവസത്തെ അവശേഷിക്കുന്ന മരുന്ന് തീരുമ്പോൾ പ്രഭാകരൻ എട്ടുനിലയിൽ പൊട്ടില്ലെങ്കിലും ജീവിതം ചീഞ്ഞു തുടങ്ങും.  അതാണ് വിൽസൺ ഡിസീസ് എന്ന പാരമ്പര്യ രോഗം.  ശരീരത്തിൽ വന്നടിയുന്ന ചെമ്പിന്റെ അംശം കരളിൽ തങ്ങി നിന്നാൽ അത് ക്രമേണ വൃക്ക,  കണ്ണുകൾ,  തലച്ചോർ എന്നിവയെ ബാധിക്കും.  പിന്നെ നിത്യ രോഗിയായി ജീവിതം ആസ്വദിക്കാം ! അതിനു ആകെയുണ്ടായിരുന്ന മറുമരുന്ന് സിലാമിൻ എന്ന ഗുളികയാണ്.  tmpsnapshot1477393119726ഈ അവശ്യ മരുന്ന് ഇന്ന് നാട്ടിൽ ലഭ്യമല്ല.  കാരണങ്ങൾ രണ്ടാണ് പറയപ്പെടുന്നത്,  സിലാമിനെ കേന്ദ്ര സർക്കാർ വില നിയന്ത്രണ പട്ടികയിൽപ്പെടുത്തി.  വില കുറച്ചു വിൽക്കണം എന്ന് വന്നതോടെ കമ്പനികൾ ഉത്പാദനം നിർത്തി.  രണ്ട്‌,  ഇത്തരം മരുന്നുകളുടെ അസംസ്കൃത വസ്തുക്കൾ കയറ്റുമതി ചെയ്തിരുന്ന ചൈന അത് നിർത്തി.  കാരണം എന്തു തന്നെ ആയാലും കൊള്ളാം പ്രഭാകരന്റെ  കരളും കഞ്ഞികുടിയും എപ്പോൾ വേണമെങ്കിലും നിൽക്കാമെന്ന  അവസ്ഥയായി.  പത്ര വാർത്ത വന്നതുകൊണ്ട് ഒരു ഗുണം കൂടി ഉണ്ടായി,  സിലാമിൻ കഴിച്ചു ‘ജീവിച്ചു’ കൊണ്ടിരിക്കുന്നവർ പ്രഭാകരന്റെ കുചേല സുഹൃത്തുക്കളായി. അങ്ങോട്ടും ഇങ്ങോട്ടും പരിവട്ടവും പരാധീനതകളും പറയാമെന്നല്ലാതെ വേറെ കാര്യമൊന്നുമില്ല.  ആയിരത്തോളം വരാവുന്ന അവർ ഒരു കാര്യം തീർച്ചപ്പെടുത്തി,  കേരളത്തിനകത്തു മരുന്നിനു പോലും ഈ മരുന്ന് കിട്ടാനില്ല .  പരിചയത്തിൽ ഉള്ള ചില ഡോക്ടർമാരുടെ സഹായത്തിൽ കേരളത്തിന് പുറത്തു എവിടെയെങ്കിലും കിട്ടുമോ എന്ന് തിരക്കി കാത്തിരിക്കയാണ് പ്രഭാകരനും കരളലിഞ്ഞുകൊണ്ടിരിക്കുന്ന കൂട്ടുകാരും.  അതിനിടക്ക് പ്രഭാകരൻ ആരോഗ്യ മന്ത്രിക്കും ആരോഗ്യം ഉണ്ടോ എന്ന് വലിയ നിശ്ചയമില്ലാത്ത മറ്റൊരു മന്ത്രിക്കും തന്റെ ആരോഗ്യത്തെ കുറിച്ച് കത്തുകൾ എഴുതി.  അന്തർ ദേശീയ വിഷയങ്ങൾ മാത്രം കൈകാര്യം ചെയ്യുന്ന മന്ത്രി ഇത് തന്റെ വിഷയമല്ലെന്നും ആരോഗ്യ മന്ത്രിക്കാണ് അയക്കേണ്ടതെന്നും കാണിച്ചുകൊണ്ടുള്ള മറുപടി അയക്കാൻ മഹാ മനസ്ക്കത കാട്ടി .  തന്റെയും കുടുംബക്കാരുടെയും ആരോഗ്യവും അല്ലാത്തതുമായ വിഷയങ്ങളിൽ അതീവ താല്പര്യമുള്ള ആരോഗ്യ മന്ത്രി ഒന്നര മാസമായ പ്രഭാകരന്റെ കത്തിനെ കണ്ട ഭാവം കാട്ടിയില്ല.  കൂലിപ്പണിക്കാരനായ തന്റേയും തന്റെ കരളിന്റെയും വിഷമങ്ങൾ കാസർഗോട്ടെ പ്രാദേശിക കുടുംബ ക്ഷേത്രങ്ങളിലെ ‘ദൈവങ്ങ’ ളായ പി.  കരുണാകരൻ എംപി,,  തൃക്കരിപ്പൂർ എംഎൽഎ,  എം രാജഗോപാലൻ   തുടങ്ങിയവരെയും ധരിപ്പിച്ചു.  നിത്യവൃത്തിക്ക് തന്നെ കഴിവില്ലാത്ത പ്രഭാകരൻ തന്റെ മേൽ കാരുണ്ണ്യത്തിന്റെ ഒരല്പം  പ്രഭ ചൊരിഞ്ഞു കിട്ടുവാൻ  ഇനി ഇതിൽ കൂടുതൽ എന്താണ് ചെയ്യേണ്ടത് ? ഓരോ ഗുളിക കഴിച്ചു കഴിയുമ്പോഴും പ്രഭാകരന് ഒന്നറിയാം,  തന്റെ ആയുസിന്റെ  ഓരോ താളാണ് ഓരോ ദിവസവും കീറിയെടുക്കുന്നതു എന്ന്.  ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ‘പുലിമട’യിൽ  അകപ്പെട്ടു പോയ പ്രഭാകരന് മംഗലാപുരം കെഎംസി ആശുപത്രിയിലെ ഡോക്ടർ ദാമോദർ ഷേണായ് മാത്രമാണ് ഏക പ്രതീക്ഷ.  tmpsnapshot1477382851259മുരുകൻ പുലിമടയിൽ തീർത്ത വിസ്മയം കണ്ടു മുഖ്യ മന്ത്രി കോരിത്തരിച്ചിരിക്കുമ്പോൾ പ്രഭാകരനെ മരണത്തിന്റെ പുലിമടയിൽ നിന്ന് മോചിപ്പിക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ എന്ന് ലോകത്തിന്റെ പല ഭാഗത്തുമിരുന്ന് രാവുപകലുകൾ അറിയാതെ  പലരും ചിന്തിച്ചു,  പ്രവർത്തിച്ചു.  സൗഹൃദങ്ങളെ വിളിച്ചുണർത്തി സഹായം അഭ്യർത്ഥിച്ചു.  അതിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സലിം,  ഡോ.  മനോജ്, പുനലൂരിലെ  ഇമ്മാനുവേൽ,  തൃശ്ശൂരിലെ രമേശ്,  പെരിന്തൽമണ്ണയിൽ മനോജ്,  മുംബൈയിൽ നിന്നും ഹരീഷ്,  ഡൽഹിയിൽ നിന്നും ലക്ഷ്മി,  ബാംഗ്ലൂരിൽ നിന്നും സേവിയർ, പ്രിയ, ആസ്സാമിൽ അന്ന,  മംഗലാപുരത്തു പ്രകാശ് എന്നിവർ നാട്ടിലെ ലഭ്യത അന്വേഷിച്ചു നിരാശരായി.  യാത്രക്കൊരുങ്ങി ഇറങ്ങിയ പ്രിയ അമേരിക്കയിൽ അന്വേഷണം തുടരാം എന്ന് വാക്ക് തരുമ്പോൾ ശ്രീകാന്തും പ്രശാന്തും  അമേരിക്കയിൽ അന്വേഷണം തുടങ്ങിക്കഴിഞ്ഞിരുന്നു.  ജർമനിയിലെ അന്വേഷണം സുദീപും സിദ്ധാർഥും ഏറ്റെടുത്തു.  ദുബായിലെ അന്വേഷണം ശോഭ സമ്മതിച്ചു . ഖത്തറിലേതു ജോണും.  ഒടുവിൽ ‘സേവ് പ്രഭാകരൻ’  യജ്ഞത്തിൽ ആദ്യമെത്തിയത് യൂ കെയിലെ അരവിന്ദ് ആയിരുന്നു.  ‘മരുന്ന് ലഭ്യമാണ് പക്ഷെ  യൂ കെയിലെ തന്നെ ഒരു ഡോക്ടർ കുറിപ്പടി എഴുതണം’! ഇതെഴുതുമ്പോൾ അരവിന്ദ് അതിന്റെയും  സാധ്യത അന്വേഷിക്കുകയാണ്.  ഒരു മാസം മുമ്പ് സംഭവിച്ച,  ആയിരത്തിൽ അധികം പേരെ ബാധിക്കുന്ന,  അവരുടെ കുടുംബങ്ങൾ തളർന്നും തകർന്നും പോകാവുന്ന  ഒരു വിഷയത്തിൽ ഈ സർക്കാരിന് എന്തെങ്കിലും താല്പര്യം ഉണ്ടായിരുന്നെങ്കിൽ കുറച്ചു പീക്രി പിള്ളാര് നടത്തിയ ഈ അന്വേഷണത്തിന്റെ എത്രയോ മടങ്ങു് ഒരു പുരോഗമന ‘എല്ലാം ശരിയാക്കൽ’ സർക്കാരിന് ചെയ്യാൻ കഴിയുമായിരുന്നു ? _20161025_183729‘പോകുന്ന വഴിക്ക് കുറച്ചു മരുന്നുകൂടി വാങ്ങീട്ടു വാ ബാലാ ‘എന്ന് മുഖ്യ മന്ത്രി പറഞ്ഞിരുന്നെങ്കിൽ നെതെർലെൻഡ്സിൽ മകന്റെ ബിരുദ ദാന ചടങ്ങിന് പോയി വരുന്ന വഴിക്ക് മന്ത്രി എ കെ ബാലന്റെ വകയായി പ്രഭാകരന് കുറച്ചു  ദിവസത്തേക്കുള്ള മരുന്ന് എങ്കിലും കിട്ടുമായിരുന്നു. അതിനു ഊണിലും ഉറക്കത്തിലും പ്രജകളെ കുറിച്ച് ചിന്തയുള്ള ഒരു സർക്കാർ ആദ്യം ഉണ്ടാകണം.  അതൊന്നും ഇല്ലാത്തവർ  സൂട്ടും കോട്ടുമിട്ടാൽ സായിപ്പാകില്ല എന്നെങ്കിലും ചുരുങ്ങിയത് തിരിച്ചറിയണം.  നാട്ടിൽ സായിപ്പിനേക്കാൾ കേമന്മാരായി ജീവിക്കുന്നവർക്ക് ദുരന്ത നിവാരണ വെട്ടു മേനി കേന്ദ്രങ്ങൾ പടച്ചു കൂട്ടാനേ അറിയൂ.  സാധരണക്കാരുടെ  യഥാർത്ഥ ദുരന്തങ്ങൾ ഇനിയും തൊട്ടറിയേണ്ടിയിരിക്കുന്നു.  ഇതൊരു ദേശീയ ദുരന്തമായി ആർക്കൊക്കെയോ തോന്നി ആവശ്യക്കാരെ സഹായിക്കാൻ cilamin.com എന്ന ഒരു സൈറ്റ് തുറന്നു വച്ചു.  പക്ഷെ തുറന്ന കട മരുന്നില്ലാത്തതു കൊണ്ടാകാം സെപ്റ്റംബർ 28ന് ശേഷം കച്ചവടം ഒന്നും നടത്തിയതായി കാണുന്നില്ല.  മരുന്നിന്റെ ലഭ്യത അറിയാൻ തുടങ്ങിയ വാട്സാപ്പ് ഗ്രൂപ്പിൽ അയച്ച സന്ദേശങ്ങൾ തുറന്നു നോക്കുന്നു പോലുമില്ല.  കാരണം,  പറയാൻ മറുപടിയോ മരുന്നോ ഉണ്ടാവണമെന്നില്ല എന്നതാകാം അവസ്ഥ .  അയൽ കൂട്ടങ്ങൾ തുടങ്ങി ഇന്ദ്രപ്രസ്ഥം വരെ ഒരു കാക്കത്തൊള്ളായിരം വകക്ക് കൊള്ളാത്ത ജനകീയ ആൾദൈവങ്ങൾ ഉണ്ട്.  മനുഷ്യൻ ഒടുക്കത്തെ വലി ആഞ്ഞു വലിക്കുമ്പോഴും അണ്ണാക്കിൽ ഒരു കൈവിരലിറ്റു വെള്ളം നനച്ചു  നൽകാത്തവർ.  ക്ലാവ് പിടിച്ച കരളുകളുമായി മരണത്തിന്റെ പുലിമുഖത്തിനു മുമ്പിൽ പെട്ടിരിക്കുന്ന  ആയിരങ്ങളുടെ  നാട്ടിൽ ഒരു മുഖ്യ മന്ത്രിക്കെങ്ങനെയാണ് അതൊന്നുമറിയാതെ ഇരട്ടക്കരളുമായി ഇടിവെട്ട് കഥകൾ കണ്ടിരിക്കാൻ കഴിയുക ?!

Share This:

One thought on “പിണറായി ‘പുലിമുരുകൻ ‘ ആസ്വദിക്കുമ്പോൾ പ്രഭാകരൻ ‘പുലിമട ‘ യിൽ അകപ്പെട്ടിരിക്കുന്നു !

  1. It is not proper to criticise a CM for seeing a film with his family in his leisure time.True, Prabhakarans case deserves urgent attention and he should be given all help from all quarters.Wondering why a Minister who wears a suit and coat while on tour in a personal foreign journey be criticised as he had not purchased certain medicine for Prabhakaran from Netherlands!!!why didn’t the reporter request the Minister early or reminded him who would have done it if possible.

Leave a Reply

Your email address will not be published.