തുലാവർഷം തുലച്ച തുരപ്പന്മാർ ഇവിടെത്തന്നെയുണ്ട്, ഈ പാപത്തറയിലുണ്ട്‌.

സഹകരണ സംഘങ്ങളെ രക്ഷിക്കാൻ സഹകാരികൾ ഒരുമിക്കയാണല്ലോ ?  സഹകരണ ക്വാറി മാഫിയകളെ നിലക്ക് നിർത്തി ഒരു നാടിനെ രക്ഷപെടുത്താൻ ഒരു ചങ്കോ ഇരു ചങ്കുകളോ ഉള്ള ആരെങ്കിലും ഇന്നാട്ടിൽ ഉണ്ടോ എന്നറിയാനാണ് ഈ കുറിപ്പ്.  നിയമങ്ങൾ പെരണത്തു കയറ്റി വച്ച് ഒരു പ്രദേശത്തെ നശിപ്പിക്കാൻ രാഷ്ട്രീയ – ക്വാറി മാഫിയകൾക്ക് ഏതറ്റം വരെ പോകാൻ കഴിയും എന്നതിന്റെ ഒന്നാം തരം ഉദാഹരണമാണ് തൃശൂർ ജില്ലയിലെ നടത്തറ ഗ്രാമം. img-20161121-wa0060img-20161121-wa0059500 കോടിയുടെ ആഡംബര വിവാഹം നടത്തിയ കർണാടകയിലെ റെഡ്‌ഡിയുടെ പണ സ്രോതസ്സുകൾ പരിശോധിക്കുന്ന ആദായനികുതി വകുപ്പിനെ ഞങ്ങൾ നടത്തറയിലോട്ടു ക്ഷണിക്കുകയാണ്.  ബെല്ലാരിയിൽ നിന്ന് ഇരുമ്പയിരാണ് റെഡ്‌ഡി കടത്തിയതെങ്കിൽ നടത്തറയിൽ നിന്ന് കടത്തിയത് ഗ്രാനൈറ്റും പാറയുമാണ് .  ഹൈക്കോടതി  കമ്മീഷന്റെ എഞ്ചുവടി കണക്കു പ്രകാരം കുറഞ്ഞത് 1300 കോടിയുടെ കരിങ്കൽ ഈ പാറമടകളിൽ നിന്ന് ‘നടത്തറ റെഡ്‌ഡി’മാർ നാളിതുവരെ കടത്തിക്കഴിഞ്ഞു.  ഈ സർക്കാർ വിലാസം കണക്കിന്റെ എത്രയോ ഇരട്ടിയാണ് യഥാർത്ഥ കൊള്ളയെന്നു നാട്ടുകാർ സാക്ഷ്യം പറയും.  കാൽ നൂറ്റാണ്ട് മുൻപാണ് ഈ വികസന കൊള്ള ആരംഭിക്കുന്നത്.  അതു വരെ തൃശൂർ ജില്ലയിലെ ഈ മലയോര മേഖല ഒരു കാർഷിക ഗ്രാമം ആയിരുന്നു.  ആർത്തിപൂണ്ട ചില കഴുകന്മാർ നടത്തറയുടെ ആകാശത്തുകൂടെ വട്ടമിട്ടു പറന്നു.  രണ്ടാം ലോക മഹായുദ്ധ കാലത്തെ പട്ടിണി നേരിടാൻ സർക്കാർ കൃഷിക്കു വേണ്ടി പതിച്ചു കൊടുത്ത ഈ മണ്ണ് അതിനല്ലാതെ മറ്റൊന്നിനും ഉപയോഗിക്കരുത്  എന്നു സർക്കാർ തന്നെ വ്യവസ്ഥ വച്ചു.  തലസ്ഥാനത്തെ രാഷ്ട്രീയ വേതാളങ്ങളുടെ ആശീർവാദത്തോടെ  ഈ വ്യവസ്ഥകൾ ആദ്യമായി അട്ടിമറിക്കപ്പെട്ടു.  ആദ്യം നാട്ടുകാരുടെ കയ്യിൽ നിന്നും അന്ന് ആ പ്രദേശത്തു നിലവിലില്ലാത്ത വില നൽകി കുറച്ചു സ്ഥലംക്വാറി വ്യവസായ സംരംഭകർ (!) വാങ്ങി.  പിന്നെ കൃഷിയിൽ നിന്നുള്ള വരുമാനത്തേക്കാൾ ലാഭം ഭൂമി വിൽക്കുന്നതാണ് എന്നു തോന്നിയ കർഷകർ വരാനിരിക്കുന്ന വിപത്തു തിരിച്ചറിയാതെ കൂടുതൽ ഭൂമി കൈമാറി.  ‘നിയമപരമായി ‘ വാങ്ങിക്കൂട്ടിയ ഈ ഭൂമിയുടെ വിസ്തൃതി 350 ഏക്കറുകളായി വളരുന്നതോടൊപ്പം ഖനനവും ആരംഭിച്ചപ്പോഴാണ് നാട്ടുകാർ അപകടം തിരിച്ചറിഞ്ഞു തുടങ്ങിയത്. ആദ്യമൊക്കെ ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ ആയിരുന്നു. img-20161121-wa0056 നാട്ടുകാരെ സംഘടിപ്പിക്കാൻ കെ കെ ജോർജ്,  സുരേഷ് തെക്കൂട്ടു,  ഷാജി കുര്യൻ  എന്നിവർ രംഗത്തിറങ്ങി.  വില്ലേജ് – പോലീസ് അധികാരികൾ നൽകിയ പല ഉറപ്പുകൾക്കു മുന്നിൽ നാട്ടുകാരുടെ സമരം അവസാനിക്കുന്ന സ്ഥിതി പല തവണ ആവർത്തിച്ചു.  രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ ഇല്ലാത്ത നാട്ടുകാരുടെ സമരത്തിന് അൽപ്പായുസ്സു മാത്രമേ ഉണ്ടായിരുന്നുള്ളു.  എന്നാലും പ്രതിഷേധത്തിന്റെ കനൽ പുകഞ്ഞു കൊണ്ടേയിരുന്നു.  അതു പുതിയ സമര രൂപങ്ങളുടെ കുട മാറ്റമായി.  കൂടും കുടുംബവും സമരയോരത്തു കുടിൽ കെട്ടി.  മിനിമോളും റാണിയും ഷെൽബിയും ഒക്കെ സമരച്ചൂട് അധികാരികൾക്ക് പല പ്രാവശ്യം കാട്ടിക്കൊടുത്തു..  img-20161122-wa0083 പാർട്ടി പോലും ജനങ്ങളെ വഞ്ചിച്ചു കൊണ്ട്‌ ക്വാറി മാഫിയയെ സഹായിക്കുന്നതിൽ പ്രതിഷേധിച്ചു കെ കെ ജോർജ് തന്റെ ലോക്കൽ  കമ്മിറ്റി സെക്രട്ടറി സ്ഥാനം രാജി വച്ചു.  കേരളത്തിലെ ഒരു പുരോഗമന (!) രാഷ്ട്രീയ പ്രസ്ഥാനത്തിന് തങ്ങളുടെ  ലോക്കൽ  കമ്മിറ്റി സെക്രെട്ടറിയേക്കാൾ വലുത് ക്വാറി മാഫിയ ആണെന്ന് തെളിയിക്കുമ്പോൾ ക്വാറി പണത്തിന്റെ നീരാളി പിടുത്തം എത്ര വ്യാപിച്ചു എന്നു ബോധ്യം വരുകയാതിരുന്നു.  img-20161122-wa0065അപ്പോഴേക്കും കേരളത്തിൽ മുന്നണി ഭരണം പലതും നാറി മാറിക്കഴിഞ്ഞിരുന്നു.  അതോടൊപ്പം  ആർക്കും മാറ്റാൻ കഴിയാത്ത ആഴത്തിൽ ഖനന മാഫിയയുടെ നഖങ്ങൾ നടത്തറയുടെ മാറിടത്തിൽ ആഴ്ന്നിറങ്ങി കഴിഞ്ഞിരുന്നു.  ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന ജോബിക്ക് നടത്തറയിൽ കുറച്ചു റബ്ബർ കൃഷി ഉണ്ടായിരുന്നു. ടാപ്പിങ്ങിനു വരാൻ തൊഴിലാളികൾ വിസമ്മതിച്ചപ്പോൾ ജോബി കാര്യമന്വേഷിച്ചു.  പൊട്ടിക്കുന്ന പാറച്ചീളുകൾ ആ പ്രദേശത്തൊക്കെ ‘മിസൈൽ’ ആക്രമണം നടത്തുന്നു എന്ന പുതിയ വാർത്തയറിഞ്ഞു !  തുടർന്നു ജോബി,  മനോഹരമായിരുന്ന കുന്നിൻ താഴ്വരകൾ തകർക്കപ്പെടുന്ന കാഴ്ചകളുടെ നേർ സാക്ഷിയായി.  നടത്തറക്കു മുകളിൽ പാറപ്പൊടി ഒരു പരവതാനി വിരിച്ചു,  പരാഗ പ്രാണികൾ നടത്തറ വിട്ടൊഴിഞ്ഞു,  ചെടികൾ വന്ധ്യകളായി,  റബ്ബർ മരങ്ങളുടെ മുല ഞെട്ടുകൾ കരിഞ്ഞുണങ്ങി,  കൂമ്പില്ലാ വാഴകളെന്ന  നടത്തറ ഇനം പിറവിയെടുത്തു,  നീരൊഴുക്കില്ല,  നിറഞ്ഞ കിണറുകളില്ല, നിലാവ് പോലും നടത്തറയെ കാണാതെ പോയി.  ക്വാറികളിൽ നിന്ന് വീശിയടിക്കുന്ന പൊടിക്കാറ്റു മാത്രം പൊതു സ്വത്തായ നടത്തറ പാപത്തറയായി പരിണമിച്ചു.  ജോബി ക്വാറി മുതലാളി മാരെ വിളിച്ചു പരാതി പറഞ്ഞു.  പരാതി പരിഹരിക്കാൻ ക്വാറി മുതലാളിമാർ ജോബിയെ നടത്തറയിലേക്കു ക്ഷണിച്ചു.  കഴിഞ്ഞ ക്രിസ്തുമസ് കാലമായിരുന്നു അതു.  യേശുദേവൻ പുൽത്തൊട്ടിയിൽ കിടന്നെങ്കിൽ ജോബിയെ ക്രഷർ മുതലാളിമാർ ‘ക്രഷ്’ ചെയ്‌ത്‌ പഞ്ഞിക്കിടക്കയിൽ കിടത്തി. img-20161121-wa0062 

ഇവിടെയാണ് ജോബി എന്ന സമര യോദ്ധാവിനെ നാട്ടുകാർക്ക് കിട്ടുന്നത്‌.  ജോബി സമരത്തിന്റെ നായകത്വം ഏറ്റെടുത്തു.  ജനകീയ പോരാട്ടങ്ങൾ,    നിയമ യുദ്ധങ്ങൾ,  പ്രേ- പെറ്റീഷൻ പാതകൾ എന്നിവ പിന്നിടുമ്പോൾ തടസ്സങ്ങൾ ഓരോന്നായി വഴി മാറി തുടങ്ങി.  താൽക്കാലികമായിട്ടാണെങ്കിലും പാറ ഖനനത്തിന് സ്റ്റേ നിലവിൽ വന്നു.  എന്നാൽ പട്ടയം റദ്ദാക്കപ്പെട്ടില്ല.  ഇതിനിടക്ക്  സർക്കാർ,  ഹൈകോടതി,  കളക്ടർ,  പഞ്ചായത്ത് തുടങ്ങിയവരൊക്കെ ഖനനം അനധികൃതമാണെന്നു വിധിച്ചു.  നാട്ടുകാരെ കബളിപ്പിച്ചു വാങ്ങിയ പട്ടയം റദ്ദാക്കണം എന്ന ഉത്തരവുകൾ പല തവണ ഇറങ്ങി.  നടത്തറയിൽ നിയമത്തിന്റെ നട കൊട്ടിയടക്കുകയാണ് എന്നു പറഞ്ഞവർ ചില്ലറക്കാരല്ല.  അതിൽ മേല്പറഞ്ഞവർ കൂടാതെ ആർക്കിയോളജി ഡയറക്ടർ,  മൈനിങ് ആൻഡ് ജിയോളജി ഡയറക്ടർ,  പരിസ്ഥിതി മലിനീകരണ ബോർഡ്,  വനം വകുപ്പ് തുടങ്ങി മിക്കവാറും എല്ലാ സർക്കാർ സംവിധാനങ്ങളും ഖനനത്തിനെതിരെ രേഖമൂലം നിലപാട് വ്യക്തമാക്കി,  പട്ടയം റദ്ദാക്കാൻ ആവശ്യപ്പെട്ടു.  img-20161122-wa0064ഇതൊക്കെ കണ്ട പൊതു ജനം സർക്കാരിൽ ഒരു നീതിമാനെ പ്രതീക്ഷിച്ചു.  ഇവിടെയാണ് ഭരണ കൂട കാപട്യം മറനീക്കി പുറത്തു വരുന്നത്.  ക്വാറി ഉടമകൾ മുൻ വ്യവസായ മന്ത്രി ഇ പി ജയരാജനെ നേരിൽക്കണ്ട് ഒരു  നിവേദനം സമർപ്പിച്ചു.  പട്ടയം റദ്ദാക്കരുത് എന്നതായിരുന്നു ആവശ്യം.  അനധികൃത ഖനനം എന്നു നിലപാടെടുത്ത തൃശൂർ കളക്ടർക്കു മന്ത്രി  ഖനനം റദ്ദാക്കരുത് എന്ന നിവേദനം മേൽ നടപടിക്കയച്ചു കൊടുക്കുമ്പോൾ സർക്കാർ ചെമ്പരത്തി പൂ പോലുള്ള അഴിമതിച്ചങ്കു എടുത്തു കാണിക്കുകയായിരുന്നു.  ഹൈക്കോടതി , ചീഫ് സെക്രട്ടറി ,  കളക്ടർ തുടങ്ങിയ ഉദ്യോഗസ്ഥന്മാരെല്ലാം എടുത്ത നിലപാടുകളെ ഒരു അൽപ്പ പ്രാണിയെ  മുന്നിൽ നിർത്തിയാണ് ജില്ലയിലെ പാർട്ടി നേതൃത്വം നേരിട്ടത്.  തലസ്ഥാനത്തേയും മുഖ്യ മന്ത്രിയെ തന്നെയും ധിക്കരിക്കാൻ അപാരമായ അധികാരങ്ങൾ ഉള്ള പുതിയ ശക്തൻ തമ്പുരാൻ ആരാണെന്നറിയണ്ടേ ? ആ ഒരാൾ തൃശൂർ തഹസിൽദാർ ആണെന്ന് വ്യക്തമാകും.  ഒരു സർക്കാർ തീരുമാനത്തെ  താഴെത്തട്ടിലെ ഉദ്യോഗസ്ഥർ അട്ടിമറിക്കുന്നു എന്നു തലയിൽ ആൾ താമസ്സമുള്ള ആർക്കും വിശ്വസിക്കാൻ കഴിയില്ല.  ഇവിടെയാണ് പീഡിപ്പിക്കപ്പെട്ട ഇരയുടെ പേര് വരെ വിളിച്ചു പറഞ്ഞുകൊണ്ട് വിപ്ലവം നടത്തിയ തൃശ്ശൂരിലെ സിപിഎം നേതൃത്വം പ്രതിക്കൂട്ടിലാകുന്നത്.  സൂക്ഷിച്ചു നോക്കിയാൽ തഹസിൽദാരുടെ പിന്നിൽ അണിനിരന്നിരിക്കുന്ന കൗരവപ്പടയെ വ്യക്തമായി കാണാം.  ത്രിശൂർ ജില്ലയിലെ പാർട്ടി പിമ്പുകൾ.  ക്വാറി കോടികൾക്കു  മുന്നിൽ പാവങ്ങളും അവരുടെ  പട്ടിണിയും  മാത്രമല്ല പ്രകൃതിയെ പോലും തങ്ങൾ വ്യഭിചരിക്കുമെന്ന് അവർ  ആണയിട്ടുകൊണ്ടിരിക്കുന്നു.  ഇതൊന്നും നിയന്ത്രിക്കാനോ നീതിയുടെ നിലപാട് തറയിൽ ഉറച്ചു നിൽക്കാനോ കഴിയാതെ സർക്കാരും കൂട്ടിക്കൊടുപ്പുകാരന്റെ റോൾ തകർത്തഭിനയിക്കുന്നു. എല്ലാം ദാ ഇപ്പോൾ ശരിയാക്കിത്തരാം എന്നു പറഞ്ഞു അധികാരത്തിൽ കയറിയവർ ആറു മാസം പിന്നിടുമ്പോൾ  നടത്തറ പാപത്തറയായി തന്നെ മാനഭംഗപ്പെട്ടു തളർന്നു തകർന്നു കിടക്കുന്നു. img-20161121-wa0055

Share This:

Leave a Reply

Your email address will not be published.