ഏഴര വെളുപ്പിനെഴുന്നേറ്റു എറണാകുളത്തു നിന്നും യാത്ര തിരിക്കുന്ന ഏഴാം ക്ലാസ്സു കാരന്റെവിചിത്രമായ കഥ

_20170103_143033മഷിപ്പേനയും മഷിത്തണ്ടും തലസ്ഥാനത്തെ കുരുന്നുകൾക്ക് പരിചയപ്പെടുത്തിയ ഇന്നലെ മുഹമ്മദ് റസീൻ അവധി കാരണം സ്‌കൂളിൽ വന്നു കാണില്ല.  അല്ലെങ്കിൽ എറണാകുളം ജില്ലയിലെ വടക്കേ വിളാകം എന്ന ഗ്രാമത്തിൽ നിന്നും ദിവസേന ട്രെയിനിലോ ബസ്സിലോ കയറി  തലസ്ഥാനത്തെ ഉള്ളൂർ  സർക്കാർ യുപിഎസ്സിൽ വന്നു പഠിച്ചു തിരിച്ചു പോകണ്ടതായിരുന്നു .  എന്ത്‌ കൊണ്ടാണ് ഏഴാം ക്‌ളാസിൽ പഠിക്കുന്ന റസീൻ ദിവസേന 450 കിലോ മീറ്ററോളം അങ്ങോട്ടും ഇങ്ങോട്ടും  ഇങ്ങനെ സഞ്ചരിച്ചു പഠിക്കുന്നത്  എന്ന് വ്യക്തമല്ല.  ഒരു പക്ഷെ മലയാള ഭാഷയോടുള്ള അദമ്യമായ ആരാധന മൂത്ത് കവിത്രയങ്ങളിൽ ഒരാളുടെ നാടായ ഉള്ളൂരിൽ വന്നു പഠിക്കാനുള്ള മോഹമാകാം കാരണം.  അല്ലെങ്കിൽ ഏതെങ്കിലും മുജ്ജന്മ സുകൃതം കൊണ്ടുമാകാം ഈ വിപരീത ബുദ്ധി.  എന്തായാലും എറണാകുളത്തു നിന്നും ദിവസേന തിരുവനന്തപുരത്തോട്ടു യാത്ര ചെയ്‌തു ഏഴാം ക്‌ളാസിൽ  പഠിക്കാനുള്ള  യഥാർത്ഥ കാരണം എന്താണ് എന്നറിയാനുള്ള ശ്രമത്തിലാണ് എൻടിവി.  ഇതിനു വായനക്കാരുടെയും സഹകരണം  ആവശ്യമാണ്.  കഥ തുടങ്ങുന്നത് ഇങ്ങനെയാണ്.  തലസ്ഥാനത്തെ മെഡിക്കൽ കോളേജിന്  സമീപം ഉള്ളൂർ എന്ന സ്ഥലത്ത് ഒരു സർക്കാർ വിലാസം യുപി സ്കൂൾ ഉണ്ട്. img_20170103_144009 ഇല്ലാത്ത കുട്ടികൾ അവിടെ പഠിക്കുന്നു എന്നും അവരുടെ പേരിൽ ദിവസേന റേഷൻ വാങ്ങി സർക്കാരിനെ കബളിപ്പിക്കുന്നു എന്നും ഒരു വിവരം ലഭിക്കുന്നു.  അങ്ങനെ എൻടിവി വിവരാവകാശം എന്ന ആയുധം പ്രയോഗിക്കുന്നു.  പ്രധാനമായുള്ള  ചോദ്യങ്ങൾ എത്ര കുട്ടികൾ സ്‌കൂളിൽ പഠിക്കുന്നു എന്നും അതിൽ എത്ര കുട്ടികളുടെ പേരിൽ റേഷൻ വാങ്ങുന്നു എന്നുമായിരുന്നു.  നാട്ടിലെ ഒരു നിയമത്തെ പുല്ലു പോലെ അവഗണിക്കാൻ കരുത്തും കാര്യ ശേഷിയുമുള്ള ഒരു ഹെഡ് മിസ്ട്രസ് ആണ് ആ സ്‌കൂൾ ഭരിക്കുന്നത് എന്ന് ആദ്യമേ ബോധ്യമായി.  അപേക്ഷ അയച്ചിട്ട് നാൽപതു ദിവസം കഴിഞ്ഞിട്ടും മറുപടി നൽകണ്ട എന്ന് തീരുമാനിക്കുന്നവരുടെ മടിയിൽ കനമുണ്ട് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ ? പിന്നെ യാതൊരു ഉളുപ്പുമില്ലാതെ ഉള്ളൂരിൽ നിന്നും ഒരു മറുപടി പൊങ്ങി വരാൻ മാത്രം ശക്തമാണ് വിവരാവകാശ നിയമം എന്ന് മുകളിലുള്ള സാറന്മാർക്കു ബോധ്യമായി.  അങ്ങനെ കിട്ടിയ വിവരമനുസരിച്ചു ഉള്ളൂർ സ്‌കൂളിൽ ഇപ്പോൾ ഒന്നു മുതൽ ഏഴു വരെ ക്‌ളാസ്സുകളിലായി  37 കുട്ടികൾ പഠിക്കുന്നു എന്ന് നമ്മൾ അറിയുന്നു.  എന്നാൽ ഇപ്പോഴും ക്ലാസ്സുകളിൽ വരുന്ന കുട്ടികളുടെ എണ്ണം 24 മാത്രമാണ് എന്നതാണ് സത്യം.  അതായത് 13 കുട്ടികളുടെ പേര് വെറുതെ ഹാജർ ബുക്കിൽ എഴുതി വച്ചിരിക്കുന്നു എന്നു മാത്രമല്ല ആ 13 കുട്ടികളുടെയും പേരിലുള്ള റേഷൻ കൃത്യമായി അധ്യാപകർ വാങ്ങിയെടുത്തു വരികയും ചെയ്യുന്നു .  ഇവിടെയാണ് ഏഴാം ക്‌ളാസ്സിലെ മുഹമ്മദ് റസീൻ എന്ന നായക കഥാപാത്രം രംഗപ്രവേശം ചെയ്യുന്നത്. പണ്ടേതോ വെള്ളപ്പൊക്കത്തിൽ ഒഴുകി വന്ന കുട്ടിയല്ല റസീൻ.  ഏഴു വര്ഷങ്ങള്ക്കു മുമ്പ് ഒന്നുകിൽ റസീൻ അല്ലെങ്കിൽ അടുത്ത ബന്ധുക്കൾ ആരോ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തിയിരിക്കാം.  സ്കൂളിൽ ചേരേണ്ട പ്രായമായതിനാൽ റസീനെ ആശുപത്രിക്കടുത്തുള്ള സ്കൂളിൽ ചേർത്തു കാണും.  കാരണം റസിന്റെ വിലാസത്തിൽ ഒരു മെഡിക്കൽ കോളേജ്  കൂടിയുണ്ട്.  img_20170103_144358  ചികിത്സ കഴിഞ്ഞ റസീൻ ഏഴു വര്ഷങ്ങള്ക്കു മുമ്പ് തന്നെ ഉള്ളൂർ സ്കൂളിലെ പഠിത്തം മതിയാക്കി നാട്ടിലോട്ട് പോയി. പക്ഷെ സ്കൂൾ അധികൃതർ റസീൻ എന്ന പേര് ഒരു നിധി പോലെ കാത്തു എന്നു മാത്രമല്ല പരീക്ഷ പോലും എഴുതാതെ ജയിപ്പിച്ചു ജയിപ്പിച്ച് ഏഴാം ക്ലാസ്സു വരെ എത്തിച്ചു.  ക്‌ളാസിൽ ജയിക്കാൻ കുട്ടികൾ സ്കൂളിൽ പോലും വരണമെന്നില്ല എന്ന വിചിത്ര കാലത്തിലൂടെയാണ് കേരളം ഇപ്പോൾ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്.  പേരുകളും വിലാസങ്ങളും ഹാജർ ബുക്കുകളിൽ മാത്രം ജീവിക്കുന്ന പുതിയ കാലം.  ഒരു പക്ഷെ റസീനെ പോലുള്ള കുട്ടികളുടെ പേരുകൾ അവർ പഠിച്ച എല്ലാ സ്കൂളുകളിലും കണ്ടെന്നിരിക്കും.  റസീൻ 10 വർഷത്തിനിടക്ക് 10 സ്കൂൾ മാറിയെങ്കിൽ 10 സ്കൂളിലും റസീൻ ഇപ്പോഴും പഠിക്കുന്ന 10 തലയുള്ള രാവണ റസീൻ ആണെന്നാണ് ‘ഉള്ളൂർ മാതൃക’ നമുക്ക് ബോധ്യപ്പെടുത്തി തരുന്നത്.  അറിവും നന്മയുമൊക്കെ ഇളം തലമുറയ്ക്ക് കൈ മാറേണ്ട അധ്യാപക വർഗം സ്വന്തം നിലനിൽപ്പിനു വേണ്ടി പച്ചക്കള്ളങ്ങൾ എഴുതുകയും പറയുകയും പ്രവർത്തിക്കുകയും ചെയ്യേണ്ടി വരുന്ന ‘എല്ലാം ശരിയാകുന്ന’ കാലത്തിലാണ് സ്കൂളുകളുടെ വാതിലുകൾ തുറന്നടയുന്നത്.  അങ്ങനെ ഒരു പ്രത്യേക  ദൗത്യം ഏറ്റെടുത്തിരിക്കുന്ന ഉള്ളൂർ സ്കൂൾ ഹെഡ് മിസ്ട്രസ് തന്റെ വിചിത്ര നിയോഗം ഈ വാക്കുകളിലൂടെ വ്യക്തമാക്കുന്നു. 

Share This:

Leave a Reply

Your email address will not be published.