പുലിമുരുകനല്ല, പിണറായി കാണേണ്ടത് പാഡ് മാനാണ് !

ട്വിങ്കിൾ ഖന്ന നിർമ്മിച്ച് ആർ ബാൽക്കി സംവിധാനം ചെയ്യുന്ന അക്ഷയ് കുമാറും സോനം കപൂറും പ്രധാന വേഷങ്ങൾ ചെയ്യുന്ന പാഡ് മാൻ എന്ന സിനിമ മുഖ്യ മന്ത്രി പിണറായി വിജയൻ,   ഇല്ലാത്ത സമയം കണ്ടെത്തി  എന്തിന് കാണണം ?  കാരണം മുഖ്യ മന്ത്രി വലിയ വലിയ കാര്യങ്ങൾ പറഞ്ഞു തുടങ്ങുന്നു – “ഒരു ടൺ പ്ലാസ്റ്റിക് ബോട്ടിലുകൾ നിർമ്മിക്കുമ്പോൾ മൂന്നു ടൺ കാർബൺ ഡയോക്‌സൈഡ് അന്തരീക്ഷത്തിൽ കലരും.  ഒരു കുപ്പിക്ക് 562 ഗ്രാം എന്ന കണക്കിൽ ഹരിത ഗൃഹ വാതകം അന്തരീക്ഷത്തിലേക്ക് പ്രസരിക്കുന്നു ” മുഖ്യ മന്ത്രിയുടെ ഹരിത കേരള മിഷൻ ഇത്ര സൂക്ഷ്മമായി വിഷയങ്ങൾ പഠിക്കുന്നത് കൊണ്ടാണ് പാഡ് മാൻ സിനിമ അദ്ദേഹം കാണണം എന്നു പറയുന്നത്.  മാത്രമല്ല ഇന്ന് ഒരു പ്രത്യേക ‘ദിശ’യുമായി മുഖ്യ മന്ത്രിയും എംഎൽഎ മാരും അയ്യൾക്കൂട്ട യോഗങ്ങളിലേക്കു ഇറങ്ങിച്ചെല്ലുകയാണല്ലോ ? ഈ  സാർവ്വ ലൗകീക  പറച്ചിലുകളും പ്രവർത്തികളും തമ്മിൽ ആടും പൂടയും തമ്മിലുള്ള ബന്ധമെങ്കിലും ഉണ്ടാകണ്ടേ മുഖ്യ മന്ത്രി?   ഒരു വശത്തു കൂടെ ആർദ്രം,  ഹരിതം,  ദിശ  തുടങ്ങിയ അമുട്ടുകൾ പൊട്ടിക്കും.  മറുവശത്തുകൂടെ അതേ അമുട്ടുകൾക്കു ആപ്പുകൾ പണിതു കൊണ്ടു ഗംഭീരമായി അട്ടിമറി നടത്തുകയും ചെയ്യും.  സർക്കാരുകളുടെ നയങ്ങൾ പ്രസംഗിക്കാൻ ഉള്ളവ മാത്രമാണെന്നും അവ നടപ്പിലാക്കാൻ ഉള്ളതാണെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചാൽ അതു സർക്കാരുകളുടെ കുറ്റമല്ലായെന്നും ഉള്ള ഒരു കീഴ്വഴക്കം ഉള്ള നാടാണ് ഇതെന്നറിയാം.  എന്നാൽ കരുതലുള്ള സർക്കാറിനെ പോലെയല്ലല്ലോ എല്ലാം ശരിയാക്കുന്ന സർക്കാർ ? അധികാരത്തിലെത്താൻ കാണിച്ച മാജിക്കുകളിൽ ഒന്നായ മാനിഫെസ്റ്റോയുടെ 255/259 ഇനങ്ങൾ മുഖ്യ മന്ത്രിയോ മുഖ്യനല്ലാത്ത മന്ത്രിയോ ഒന്ന്‌ മറിച്ചു നോക്കിയാൽ കൊള്ളാം.  മൊത്തം പരിസ്ഥിതി പ്രേമവും കുടുംബശ്രീയെ കൂദാശ ചൊല്ലി ബദൽ ഉല്പന്നങ്ങൾക്കായി നവീകരിക്കലുമാണ്.  അതിനേക്കാളൊക്കെ പ്രധാനം മുൻ സർക്കാറിന്റെ എല്ലാ പരിസ്ഥിതി വിരുദ്ധ ഉത്തരവുകളും റദ്ദാക്കുമെന്നതാണ്.  പഴയവ റദ്ദാക്കി പുതിയത് നടപ്പാക്കും എന്നു,   ആ പറഞ്ഞതിന് അർത്ഥമുണ്ടോ ? സംസ്ഥാന വനിത വികസന കോർപറേഷന്റെ ഒരു ടെൻഡർ കണ്ടപ്പോൾ ഇത്രയൊക്കെ എഴുതണമെന്നു വിചാരിച്ചതല്ല.  പക്ഷെ ഇന്നത്തെ അയൽക്കൂട്ട നവീകരണ അമിട്ടു കൂടി കണ്ടപ്പോൾ ഇത്രയെങ്കിലും എഴുതാതെ പോകുന്നത് ശരിയല്ല എന്നു തോന്നി. ഒരിടവേള പരസ്യം കൂടി കണ്ടിട്ട് കഥ തുടരാം കേരളത്തിൽ ശരാശരി സ്‌കൂൾ തലങ്ങളിൽ പത്തമ്പത് ലക്ഷം കുട്ടികൾ പഠിക്കുന്നുണ്ട് എന്നതാണ് ഒരേകദേശ കണക്ക്.  ഇതിൽ പകുതിയോളം പെൺകുട്ടികളുമാകും.  സർക്കാർ /എയ്ഡഡ് മേഖലയിലെ പ്രായ പൂർത്തിയായ പെൺ കുട്ടികൾക്ക് വേണ്ടിയുള്ള സാനിറ്ററി നാപ്കിനുകൾ സ്‌കൂളുകളിൽ വിതരണം ചെയ്യാനുള്ളതാണ് മേൽ പറഞ്ഞ ടെൻഡർ.  നാപ്കിൻ വിതരണം ചെയ്താൽ മാത്രം പോര,  പ്ലാസ്റ്റിക് ഉൾപ്പെടുന്ന ഈ സാധനം  ഉപയോഗ ശേഷം അവിടെ വച്ചുതന്നെ കത്തിച്ചു കളയുകയും വേണം.  അതിനുള്ള ഇൻസിനറേറ്റർ കൂടി ടെൻഡറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  ആർദ്ര ഹരിത സർക്കാരിന് ഇങ്ങനെയൊരു കാര്യത്തിൽ പറഞ്ഞതൊക്കെ തൊണ്ട തൊടാതെ വിഴുങ്ങേണ്ടി വന്നു.  കുടുംബശ്രീയുടെ പ്രാദേശിക അയ്യാൾക്കൂട്ടങ്ങളെ ശക്തിപ്പെടുത്താൻ കിട്ടിയ നല്ല ഒരവസരത്തെ മനഃപൂർവം കണ്ടില്ലെന്നു നടിച്ച് ഒന്നാം തരം ഒരു കച്ചവടം തട്ടിക്കൂട്ടാൻ ഉള്ള രാഷ്ട്രീയ പച്ചക്കൊടിയാണ് വനിത കോപ്പറേഷന് കിട്ടിയത്.  ഇവിടെയാണ് മുഖ്യ മന്ത്രി പാഡ് മാൻ എന്ന സിനിമ കണ്ടെങ്കിൽ എന്നു നമ്മൾ ആശിച്ചു പോകുന്നത്.  അല്ലെങ്കിൽ വേണ്ട കുറഞ്ഞപക്ഷം അക്ഷയ് കുമാർ നടിച്ചു കാട്ടാൻ പോകുന്ന പാഡ് മാൻ എന്ന പച്ചയായ മനുഷ്യന്റെ ജീവിച്ചു തീർത്ത ഒരു ഏടെങ്കിലും മുഖ്യ മന്ത്രി നിർബന്ധമായും കണ്ടിരിക്കണം. 

ഇത്‌ ഒരു കാലത്തു നാട്ടുകാരാലും വീട്ടുകാരാലും തിരസ്കൃതനാക്കപ്പെട്ട അരുണാചലം മുരുകാനന്ദം.  പെൺകുട്ടികൾ ഉപയോഗിച്ച സാനിറ്ററി പാഡുകൾ തിരികെ വാങ്ങി പരിശോധിച്ചു ഗവേഷണം നടത്തിയ ‘വിരുതാ’നന്ദം!  ഒടുവിൽ ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ സാനിറ്ററി പാഡുണ്ടാക്കി ലോകത്തെ അത്ഭുതപ്പെടുത്തിയവൻ.  മുരുകാനന്ദത്തിന്റെ  തലതിരിഞ്ഞ ഈ ഗവേഷണം കാരണം ഭാര്യ മൊഴി ചൊല്ലാൻ നോട്ടീസ് അയച്ചു,  സ്വന്തം അമ്മ ഭാണ്ഡം മുറുക്കി വീടു വിട്ടു.  ഒരു പാഡ് പോലെ ചെറുതാക്കാൻ കഴിയാത്ത ആ ജീവിതം കോടിക്കണക്കിനു സ്ത്രീകൾക്ക് കൂടുതൽ മാന്യതയും. മഹത്വവും നൽകി.  രാജ്യത്തെ 14 സംസ്ഥാനങ്ങൾക്കും ലോകത്തിലെ ആറോളം രാജ്യങ്ങൾക്കും സ്‌കൂൾ വരാന്ത അധികം കാണാത്ത മുരുകാനന്ദം ഈ കണ്ടുപിടിത്തത്തിലൂടെ  പ്രിയപ്പെട്ടവനായി .  രാജ്യം പത്മശ്രീ നൽകി ആദരിച്ചവൻ,  ലോകത്തിലെ 100 പ്രധാനപ്പെട്ട വ്യക്തികളിൽ ഒരാളായി ടൈം മാഗസീൻ തെരെഞ്ഞെടുത്തവൻ,  ഇതൊക്കെയാണെങ്കിലും നമ്മുടെ സർക്കാരിനും വനിത കോപ്പറേഷനും അരുണാചലം ഇന്നും അന്യനാണ് ! സാധാരണ ഗതിയിൽ സായിപ്പ് ശരിയെന്നു പറഞ്ഞാൽ കമഴ്ന്നു വീഴുന്നവർ അരുണാചലത്തെ എന്നിട്ടും അകറ്റി നിർത്തി.  സായിപ്പെന്നു പറഞ്ഞാൽ ചില്ലറപ്പെട്ട സായിപ്പ് വല്ലതുമാണോ മുരുകാനന്ദത്തെ മുക്ത കണ്ഠം പ്രശംസിക്കുന്നത് ? ഒരു കാര്യത്തിലെ ബിൽ ഗേറ്റ്സീനും അരുണാചലത്തിനും  സാമ്യതയുള്ളു.  രണ്ടു പേരും പഠനം പാതി വഴിയിൽ ഉപേക്ഷിച്ചവരാണ്.  ഒരാൾ ഹാർവാർഡ് സർവകലാശാലയിലെ ഡ്രോപ്പ് ഔട്ട് ആണെങ്കിൽ മറ്റെയാൾ കോയമ്പത്തൂരിലെ സർക്കാർ സ്‌കൂൾ ഒൻപതാം ക്ലാസ് എന്ന വ്യത്യാസം മാത്രം.  പക്ഷെ സ്‌കൂൾ പഠനം പൂർത്തിയാക്കാത്ത അരുണാചലം ഇന്ന് ഹാർവാർഡിലെ വിസിറ്റിംഗ് അധ്യാപകനാണ്.  ഇന്ത്യയിലെ ഐഐടി കളിലെയും ഐഐഎമ്മുകളിലെയും ഗസ്റ് ഫാക്കൽറ്റിയാണ്.  ‘അമ്മാളു’ മരിച്ചപ്പോൾ അവധി കൊടുത്ത്  അയ്യൽ പ്രേമം കാണിച്ചവർക്കു അരുണാചലത്തെ ആദരിച്ചില്ലെങ്കിലും വേണ്ടില്ല അയ്യാളിൽ എന്തെങ്കിലും ഔഷധ ഗുണമുണ്ടോ എന്നെങ്കിലും അന്വേഷിക്കണ്ടേ ? അതിനൊരു അവസരം മനഃപൂർവം സൃഷ്ടിച്ചെടുക്കേണ്ടവർ അതു ചെയ്തില്ല എന്നു മാത്രമല്ല വനിത കോപ്പറേഷനിൽ വന്ന അവസരം തനി തട്ടുപൊളിപ്പൻ കച്ചവടമാക്കി മാറ്റുകയും ചെയ്‌തു.  അതിനേക്കാൾ വലിയ ഒരു കച്ചവട സാധ്യതയാണ് സാക്ഷാൽ ബോളിവുഡ്,  അരുണാചലം  എന്ന ഈ അസാധാരണ  മനുഷ്യനിൽ കണ്ടത്.  തുടക്കത്തിൽ പറഞ്ഞ ബോളിവുഡ് ടീം മുരുകാനന്ദത്തിന്റെ മുറ തെറ്റിയ ജീവിതത്തിന്റെ തീം,  പാഡ് മാൻ എന്ന പേരിൽ സിനിമയാക്കുന്നു ! പുലിമുരുകൻ കുടുംബത്തോടെ പോയി കണ്ട മുഖ്യ മന്ത്രി പാഡ് മാൻ ഒറ്റക്കെങ്കിലും പോയിക്കാണണം,  കാരണം ഒരു സാമൂഹ്യ ഇടപെടലിൻറെ പേരിൽ ഒറ്റയാനാക്കപ്പെട്ടവനാണ് ഈ ‘ആർത്തവ നായകൻ’ (Menstrual man of India).  പറയുന്ന കാര്യങ്ങൾ എങ്ങനെ പ്രവർത്തിച്ചു കാണിച്ചു കൊടുക്കാം എന്ന ഒരു ചെറിയ പാഠവും  മുഖ്യ മന്ത്രിക്ക് ആ സിനിമയിലൂടെ പഠിക്കാൻ കഴിഞ്ഞേക്കും.  

Share This:

Leave a Reply

Your email address will not be published.