മുരുകൻ കാട്ടാക്കടക്ക് ഒരു കണ്ണട വേണം !

മുരുകൻ കാട്ടാക്കടക്ക് ചുറ്റും നടക്കുന്ന കാഴ്ചകൾ കാണാൻ പറ്റാത്ത വിധത്തിൽ കണ്ണുകൾ മങ്ങിത്തുടങ്ങി..  നാട്ടുകാർ പിരിവെടുത്തിട്ടാണെങ്കിലും അദ്ദേഹത്തിന് ഒരു പുതിയ കണ്ണട വാങ്ങിക്കൊടുക്കണം.  ഏറ്റവും ഒടുവിൽ അദ്ദേഹം ലക്ഷ്മി നായർക്കു വേണ്ടിയാണ് തൂലിക ആയുധമാക്കുന്നത്.  ഉണ്ട ചോറിനു നന്ദി കാണിക്കണം എന്നത് നാട്ടുനടപ്പ്.  അതു ആയിക്കൊൾക.  പക്ഷെ നാട്ടുകാരും സ്വന്തം കണ്ണുകളിൽ തിമിരം വില കൊടുത്തു വാങ്ങി കെട്ടി വക്കണം എന്നു പറയാൻ ഒരു ആസ്ഥാന കവിക്കും അവകാശമില്ല.  “ഒരു പ്രിൻസിപ്പൽ എന്ന നിലയിൽ അമ്മയെ പോലെ  ശാസിച്ചു കൊണ്ട് കുട്ടികളെ എന്തു പറഞ്ഞാലും തല്ലിയാലും അവർ അതു സഹിക്കും.  അല്ലാതെ ആണെങ്കിൽ ലക്ഷ്മി നായർ ചെയ്തത് തെറ്റു തന്നെയാണ്.  പക്ഷെ ആള്ക്കൂട്ടം ആവശ്യപ്പെടുന്ന അതേ ശിക്ഷ തെരുവിൽ വച്ചു തന്നെ നൽകണം എന്നു ശാട്യം പിടിക്കുന്നത് ആരോഗ്യകരമായ ജനാധിപത്യമാണോ എന്നു ചിന്തിക്കണം ” ഇങ്ങനെ പോകുന്നു കവി കാട്ടാക്കടയുടെ വക്കാലത്ത്.  കവി കാര്യങ്ങളെ അട്ടിമറിക്കാൻ ഒരു വൃഥാ ശ്രമം നടത്തി കൂറു കാണിക്കയാണ്.  പ്രിൻസിപ്പലിന്റെ രാജി എന്നതൊക്കെ കുട്ടികളുടെ ആവശ്യങ്ങൾ മാത്രം.  പൊതു സമൂഹത്തിന്റെ ആവശ്യം മറ്റു പലതുമായി വളർന്ന കാര്യം കവിക്ക് വായിച്ചെടുക്കാൻ കഴിയാത്തത് കവിക്ക് തിമിരം ബാധിച്ചത് കൊണ്ടു മാത്രമാണ്. തിമിരം കവിക്കു മാത്രമല്ല കവിയെ പോലെ ചിന്തിക്കുന്ന പലർക്കും ഇവിടെ തിമിരമാണ്.  അങ്ങനെ തിമിരം ബാധിക്കാതിരുന്ന കാലത്തു നിങ്ങൾ കുറെ മങ്ങിയ കാഴ്ചകൾ ഇവിടെ കണ്ടു നടന്നിരുന്നു.

എന്തൊക്കെയായിരുന്നു അന്നു ഞങ്ങൾക്ക് കവി കാട്ടിത്തന്നിരുന്നത് ?  പൊട്ടിയ താലിച്ചരടുകൾ,  പലിശപ്പട്ടിണി,  പുറകിലെ മാവിലെ കയറുകൾ തുടങ്ങി നാട്ടിലെ പേക്കോലങ്ങൾ നിരവധി എണ്ണിയെണ്ണി കാട്ടിത്തന്ന കവി കണ്ടായിരുന്നോ  ചിലർ ഇന്നലെ ശീമക്കാറിൽ കയറി പാർട്ടി ആപ്പീസിൽ ഒത്തു തീർപ്പിനെത്തിയത് ? നാട്ടുകാർ പലിശപ്പട്ടിണി കയറി തൂങ്ങിച്ചാവുമ്പോൾ ചിലർ സൗഹൃദ സഹകരണ ബാങ്കിൽ കോടികൾ കൊയ്തു കൂട്ടി വക്കുന്നത് കവി കാണാതെ പോയോ ? ഭൂപരിഷ്കരണം നടന്ന മണ്ണിൽ അതു നടത്തിയവരെന്നു വീമ്പിളക്കുന്നവർ പല മടങ്ങേക്കറുകൾ കൗശലത്തോടെ കുത്തകയാക്കി വക്കുന്നത് കവി കാണാതെ പോയോ ? തൊട്ടടുത്ത ഹാർവിപുരം കോളനിയിൽ മര്യാദക്ക് ഒരു മറപ്പുര പോലുമില്ലാതെ മാനം,  മാനം കാൺകെ തുറന്നു കിടക്കുമ്പോൾ തൊട്ടടുത്തു ലോ അക്കാദമിയിൽ ചിലർ സൂത്രത്തിൽ ചില സത്രങ്ങൾ പണിതുയർത്തിയത് കവി കാണാതെ പോയോ ? പൊതു മണ്ണു സ്വകാര്യ സ്വത്തായി വളഞ്ഞു വെച്ചവർ ഒടുവിൽ കർഷകന്റെ മൊത്തക്കച്ചവടം ഏറ്റെടുത്തതും കവി കാണാതെ പോയോ ? പഴയ കണ്ണടയിലൂടെ കവിക്ക്‌ ഇതൊന്നും കാണാൻ പറ്റാത്തത് കാരണമാണ് വിഷയം ഒരു സ്ത്രീയുടെ മാന്യതയായി മാത്രം തോന്നിപ്പോവുന്നത്.  ഇനി ഇതൊക്കെ നല്ലവണ്ണം കാണാൻ ആത്മാർത്ഥമായി ആഗ്രഹമുണ്ടെങ്കിൽ നല്ല ഒരു കണ്ണട വാങ്ങിത്തരാൻ നാട്ടുകാർ ഒരുക്കമാണ്.  കാരണം കവികൾ കാലത്തിനു മുമ്പേ കാഴ്ചകൾ കണ്ടു നടക്കേണ്ടവരാണ്. കണ്ട കാഴ്ചകൾ നാട്ടുകാരെ ചൊല്ലിക്കേൾപ്പിക്കേണ്ടവരാണ്. 

Share This:

Leave a Reply

Your email address will not be published.