തടയുന്നവരുടെ കാലുപിടിക്കണ്ട, നമ്മൾ അവരുടെ കാലു പിടിച്ചു കൊള്ളാം !

കേരള ഭരണത്തിന്റെ പുതിയ മാർഗ്ഗ രേഖയാണിതെന്നാണ് മുഖ്യ മന്ത്രി ഇന്നലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്.  വളരെ നല്ല കാര്യം.  യാതൊരു കാരണവശാലും ആരുടേയും  സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്താൻ പാടില്ല.  “രാഷ്ട്രീയം നോക്കി നടപടി വേണ്ട,  മുഖ്യമന്ത്രിയുടെ പാർട്ടിക്കാരോട് പ്രത്യേക മമതയും വേണ്ട”.  എന്തൊരു പുരോഗമന സർക്കാരാണ് ഇതെന്ന് നമ്മൾ മുഖ്യ മന്ത്രിയുടെ വാക്കുകൾ കേട്ടാൽ വിശ്വസിച്ചു പോകും.  പക്ഷെ കാര്യങ്ങൾ മുഖ്യ മന്ത്രി പറയുന്നത് പോലെയല്ല എന്നുള്ളതാണ് സത്യം .  കുറഞ്ഞ പക്ഷം ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം നടന്ന വഴി തടയലിന്റെ കാര്യത്തിലെങ്കിലും.  ഈ ചിത്രം മുഖ്യമന്ത്രിക്ക് ഓർമയുണ്ടോ ? ഇക്കഴിഞ്ഞ സെപ്റ്റംബർ രണ്ടാം തിയതി ആദ്യമായി ബഹിരാകാശ സ്ഥാപനത്തിലെ വാഹനങ്ങൾ തടയപ്പെട്ടു.  മുഖ്യ മന്ത്രി പോലും ഓഫീസിൽ വരികയും പാർട്ടി ആപ്പീസിൽ പോവുകയും തുടർന്നു വിമാനത്തിൽ കയറി ഡൽഹിയിൽ പോവുകയും ചെയ്ത ദിവസമാണ് കോടിക്കണക്കിനു രൂപയുടെ നഷ്ടം വരുത്തിക്കൊണ്ട് വിഎസ്‌എസ്‌സി വാഹനങ്ങൾ സഖാക്കൾ തടഞ്ഞത്.  ഗുരുതരമായ ഈ നിയമ ലംഘനത്തിന്റെ കാര്യത്തിൽ സർക്കാർ എന്ത്‌ നടപടി സ്വീകരിച്ചു എന്നറിയാൻ നാട്ടുകാർക്ക് താല്പര്യമുണ്ട്.  കേസിന്റെ നിജസ്ഥിതി അറിയാനുള്ള ശ്രമങ്ങൾ പല പോലീസ് സ്റ്റേഷനുകളിലേക്കു മാറി മാറി അന്വേഷിക്കാൻ പറയുന്നതല്ലാതെ കൃത്യമായി മറുപടി നൽകാൻ കമ്മീഷണർ ഓഫീസിനു  പോലും കഴിയുന്നില്ല.  മുഖ്യ മന്ത്രിയുടെ പാർട്ടിക്കാരോട് പ്രത്യേക മമത വേണ്ടെന്ന മുഖ്യ മന്ത്രിയുടെ പറച്ചിലിനപ്പുറം കാര്യങ്ങൾ പഴയതു പോലെ തന്നെയാണ് ഇപ്പോഴും നീങ്ങുന്നത്.  സഖാക്കന്മാരുടെ കേസുകളിൽ അമിത താല്പര്യം കാട്ടി മഞ്ചേശ്വരത്തേക്കു ട്രാൻസ്‌ഫർ ചോദിച്ചു വാങ്ങാൻ ഏതെങ്കിലും പോലീസ് എമ്മാനു താല്പര്യം കാണുമോ എന്നു സാക്ഷി. 

 

Share This:

Leave a Reply

Your email address will not be published.