നീതിപാലകരെ, ഇതു നേരത്തെ ആയിക്കൂടായിരുന്നോ ?

ഇക്കഴിഞ്ഞ ജനുവരി 11 നാണ് തലസ്ഥാനത്തെ ലോ അക്കാദമിയിൽ വിദ്യാർത്ഥികൾ സമരമാരംഭിക്കുന്നത്.  സമരത്തിൻറെ പതിനൊന്നാം നാൾ അന്നത്തെ പ്രിൻസിപ്പൽ ലക്ഷ്മി നായർ വാർത്താ സമ്മേളനം നടത്തി.  യാതൊരു കാരണവശാലും പ്രിൻസിപ്പൽ സ്ഥാനത്തു നിന്നും രാജി വക്കില്ല എന്നവർ അന്നു തീർത്തു പറഞ്ഞു. പിന്നീട് ഫെബ്രുവരി എട്ടു വരെ കേരളം ലോ അക്കാദമിയെ ജാഗ്രതയോടെ നിരീക്ഷിക്കുകയായിരുന്നു.  ഒരു വിധത്തിൽ ലക്ഷ്മി നായർ രാജി വക്കാതിരുന്നത് നന്നായി.  അതുകാരണം മാറാല പിടിച്ചു കിടന്ന പല രേഖകളും വസ്തുതകളും പുറം ലോകം അറിയാൻ അതു നിമിത്തമായി.  പിഎസ് നടരാജ പിള്ള എന്ന വലിയ ഒരു മനുഷ്യൻ തീരെ ചെറിയ പുഴുവായി ഇവിടെ ജീവിച്ചു മരിച്ച വിവരം പുതിയ തലമുറയും പഠിക്കാനിടയായി.  ഒരു പക്ഷെ ഈ സമരത്തിലെ ഏറ്റവും വലിയ നേട്ടവും അതു തന്നെയായിരിക്കും.  അതോടൊപ്പമുള്ള ഒരു സാങ്കേതിക വിജയം ഇന്നത്തെ പത്രങ്ങളിൽ ഒരു പരസ്യമായി വന്നിട്ടുണ്ട്. ലോ അക്കാദമി പുതിയ പ്രിൻസിപ്പാളിനെ അന്വേഷിക്കുകയാണ്‌.  ഇതു തന്നെയല്ലേ ജനുവരി പതിനൊന്നിന് വിദ്യാർത്ഥികൾ മാന്യമായി ആവശ്യപ്പെട്ടത് ? ആ ആവശ്യത്തോട് അന്നു തന്നെ മാന്യമായി പ്രതികരിച്ചിരുന്നെങ്കിൽ ഒരുപാടു കെട്ടു കാഴ്ചകൾ ഒഴിവാക്കാമായിരുന്നു.  കേരളം ഇപ്പോഴും പ്രാകൃത സമര മുറകളുടെ നാടു തന്നെയാണ് എന്നു ലോകത്തെ അറിയിക്കാതിരിക്കാമായിരുന്നു.  ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല.  സംഭവിക്കേണ്ടതൊക്കെ സംഭവിച്ചേ മതിയാകു.  അങ്ങനെയുള്ള സംഭവ സമരകാലത്തിനിടക്ക് കുറച്ചു സ്ത്രീ നേതൃത്വങ്ങളെ ഉയർത്തിക്കൊണ്ടു വരാനും ലക്ഷ്മി നായരുടെ പിടി വാശിക്ക്‌ കഴിഞ്ഞു.  മാവേലിക്കരക്കാരി ജെസ്ലിൻ ഡോളി മാത്യൂസ്,  പയ്യന്നൂരുകാരി ആശ ട്രീസ,  ആലപ്പുഴക്കാരി ആര്യ വി ജോൺ എന്നിവർ അവരിൽ ചിലരാണ്. (ഫോട്ടോ കടപ്പാട് :മാതൃഭൂമി ) സമരത്തിന്റെ വസ്തു നിഷ്ഠമായ വിവരങ്ങൾ അപ്പപ്പോൾ നല്കിക്കൊണ്ടിരുന്ന ഹരിചന്ദ്ര,,  അനഘ ലക്ഷ്മി തുടങ്ങി  മറ്റു പല വിദ്യാർത്ഥികളും നേതൃപരമായ പങ്ക്‌ വഹിച്ചിരുന്നു.  ഏതായാലും സ്വകാര്യ – സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സർക്കാർ നിയന്ത്രണങ്ങൾക്കതീതമാണ് എന്ന ധാരണ ഈ സമരത്തോടെ തിരുത്തപ്പെടുകയായിരുന്നു.  

Share This:

Leave a Reply

Your email address will not be published.