ലോകോത്തര സ്റ്റേഷനുകളിൽ ലോകോത്തര അപ്പിയും ഉണ്ടാകുമോ പ്രഭോ ?

ഏതാനും ദിവസങ്ങൾക്കകം ഇന്ത്യ ഒരു ലോക റെക്കോർഡ് ഭേദിക്കാൻ ഒരുങ്ങുകയാണ്.  103 സാറ്റലൈറ്റുകളെ ഒറ്റ ലോഞ്ചിലൂടെ ഭ്രമണ പഥത്തിൽ എത്തിക്കുക എന്ന അപൂർവ ദൗത്യം ! ചൊവ്വയിൽ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയതുൾപ്പെടെ ഇന്ത്യക്ക് ആകാശ നേട്ടങ്ങൾ നിരവധിയാണ്.  ആകാശക്കുതിപ്പുകൾ നിരവധി നടത്തിയിട്ടുള്ള ഇന്ത്യക്ക്,   നേരെ  തിരിച്ചുള്ള ഒരു ‘കുതിപ്പ്’ ഇപ്പോഴും വെല്ലുവിളി ഉയർത്തുന്നത് അധികാരികളുടെ അവഗണന ഒന്നു കൊണ്ടു മാത്രമാണ്.  ഇതെഴുതാൻ കാരണം ഇന്നലെ തുടക്കം കുറിച്ച ഒരു പദ്ധതിയെ കുറിച്ചറിഞ്ഞതു കൊണ്ടാണ്.  കോഴിക്കോട് ഉൾപ്പെടെ രാജ്യത്തെ 23 റയിൽവേ സ്റ്റേഷനുകളെ ലോകോത്തര നിലവാരത്തിൽ ഉയർത്തുന്ന പദ്ധതിയാണ് അത്.  റയിൽവെയുടെ കൈവശം കോഴിക്കോടുള്ള 52 ഏക്കർ സ്ഥലം സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.  വികസനം എങ്ങനെയൊക്കെയാണ് എന്നു റയിൽവേ പട്ടിക നിരത്തുന്നുണ്ട്.  വിമാനത്താവളങ്ങൾ പോലെ വരികയും പോവുകയും ചെയ്യുന്ന യാത്രക്കാർക്ക് പ്രത്യേകം പ്രത്യേകം കവാടം,  ഫുഡ് ആൻഡ് ബിവറേജസ് ഔട്‍ലെറ്റുകൾ,  കോൺകോഴ്‌സ്,  കനോപ്പി റൂഫിംഗും ഓടു പാകിയ  പ്രതലങ്ങളും ,  എസ്കലേറ്ററുകൾ,  പാസ്സന്ജർ ലോഞ്ചുകൾ,  റീറ്റെയ്‌ൽ,  ഓഫീസ് സൗകര്യങ്ങൾ,  ഹോട്ടലുകൾ തുടങ്ങി വലിയ വലിയ ആശയങ്ങളാണ് മുന്നോട്ടു വച്ചിരിക്കുന്നത്.  ഇതെല്ലാം നല്ല കാര്യങ്ങൾ തന്നെ.  ഇതോടൊപ്പം മറ്റൊരു കാര്യം കൂടി മന്ത്രി പ്രഭു കുമാരൻ നാട്ടുകാർക്ക് വേണ്ടി ചെയ്‌തു തരണം.  വിമാനത്താവളങ്ങളിൽ കാണുന്നതു പോലുള്ള ഒരു എയ്റോ ബ്രിഡ്‌ജ്‌ സംവിധാനം കൂടി നിർമ്മിച്ചു തരണം.  പാസ്സന്ജർ ലോഞ്ചുകളിൽ ഇരുന്നുകൊണ്ട് നേരെ ട്രെയിനിന് അകത്തു കയറാൻ കഴിയുന്ന ഒരു വിദ്യ.  അല്ലെങ്കിൽ ട്രെയിൻ വന്നു നിൽക്കുന്നതു വരെ റയിൽ ട്രാക്കുകളെ മറയ്ക്കുന്ന ഒരു മുഴു നീള കർട്ടൻ വലിച്ചു കെട്ടിയാലും മതി.  ആവശ്യം ഇപ്പോഴും പ്രഭുകുമാരന് പിടികിട്ടിയോ എന്നറിയില്ല,  കാരണം ആ മില്യൺ ഡോളർ കാഴ്ച കാണാനുള്ള യോഗം ഒരിക്കലും മന്ത്രിമാർക്കുണ്ടാകില്ല.  അവർ ഒരിക്കലും മണിക്കൂറുകളും മിനിറ്റുകളും വൈകി എത്തുന്ന ട്രെയിനുകൾക്കു വേണ്ടി പ്ലാറ്റ്ഫോമിൽ നോക്കെത്താ ദൂരത്തേക്ക് കണ്ണും നട്ട് നോക്കി നിക്കാറില്ലല്ലോ ? പക്ഷെ ഇവരൊക്കെ മന്ത്രി മഹാന്മാർ ആകുന്നതിനു മുമ്പുള്ള ഒരു പൂർവാശ്രമ കാലത്തിലൂടെ കടന്നു വന്നവരല്ലേ ? ഒരിക്കൽ പോലും പ്ലാറ്റഫോമിന് മുമ്പിൽ ട്രെയിൻ കാത്ത് ഇവർ നിന്നിട്ടില്ലേ ? അപ്പോൾ റയിൽ ട്രാക്കിൽ നിറഞ്ഞു കിടക്കുന്ന മനുഷ്യ വിസർജ്യം ഇവർ കാണാതിരുന്നിട്ടുണ്ടോ ? മന്നവേന്ദ്ര വിളങ്ങുന്നു ചന്ദ്രനെ പോലെ നിൻ മുഖം എന്നതു പോലുള്ള ഒരുപമയിലൂടെ ഈ വിഷയം അവതരിപ്പിക്കാനാണ് ഞാൻ ശ്രമിക്കുന്നത്.  നേരിട്ട്‌ അത്തരം ഒരു ചിത്രം കാണുന്നതു  പോലും അരോചകമാകുമ്പോൾ ഇതല്ലാതെ മറ്റു മാർഗം മുന്നിലില്ല.  എത്രത്തോളം മനുഷ്യ വിസർജ്യം റയിൽ ട്രാക്കിൽ വീഴുന്നു എന്നതിന്റെ നേർക്കാഴ്ചയാണ് ഈ ചിത്രം.  ഇതു പക്ഷെ പ്ലാറ്റ്ഫോമിലനുള്ളിൽ അല്ല.  രാവിലെ കുളിച്ചു കുറിയിട്ട് യാത്ര പോകാൻ എത്തുമ്പോൾ കാണുന്ന കാഴ്ച ഇതൊക്കെയാകുമ്പോൾ എത്ര കോൺകോഴ്സുകൾ സ്ഥാപിച്ചിട്ടെന്തു കാര്യം പ്രഭോ ? മന്ത്രിമാരെ നാഴികക്ക് നാലായിരം വട്ടം തെറി പറയുന്ന സാധാരണക്കാരുടെ ഇടയിലെ ‘മന്ത്രി’ മാരാണ് ഈ ചെറ്റത്തരം കാണിക്കുന്നത് എന്ന കാര്യത്തിൽ സംശയമില്ല.  മറ്റുള്ളവരെക്കുറിച്ചു കൂടി ചിന്തിക്കുന്നവർക്ക് മാത്രമേ ഇത്തരം നെറികെട്ട പ്രവർത്തികൾ ചെയ്യാതിരിക്കാൻ തോന്നുകയുള്ളൂ.  അതിന്‌  യാത്രക്കാർക്ക് ഇത്തരം ചില സൂചനകൾ മാത്രം നൽകിയാൽ മതിയാകും എന്നു തോന്നുന്നില്ല . ഇത്തരം  സൂചനകൾ വായിച്ചു മനസ്സിലാക്കാനും അതനുസരിച്ചു പ്രവർത്തിക്കാനും ശരാശരി ഇന്ത്യക്കാരൻ ഇനിയും ഒരമ്പതു കൊല്ലം കൂടി ജീവിക്കണം.  അതുവരെ ഇത്തരം ‘മഞ്ഞ’ പ്രവർത്തനം തടയാൻ വല്ല ടെക്നോളജിയും കണ്ടെത്തിയേ പറ്റു.  കുറഞ്ഞ പക്ഷം ട്രെയിനുകൾ സ്റ്റേഷനുകളിൽ ആയിരിക്കുമ്പോൾ ടോയ്‌ലറ്റ് പൈപ്പുകൾ താനെ അടയുന്ന ഒരു സംവിധാനം എങ്കിലും റയിൽവേ കണ്ടെത്തിയേ പറ്റു.  103 സാറ്റലൈറ്റുകളെ ഒറ്റയടിക്ക് ആകാശത്തെത്തിക്കുന്ന രാജ്യത്തിന്  മണ്ണിലേക്ക് കുതിക്കുന്ന ഈ റിവേഴ്‌സ് റോക്കെറ്റുകളെ നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഈ ലോകോത്തരം എന്നൊക്കെ പറയുന്നത് മറ്റൊരു സ്വച്ചു ഭാരതം പോലെയാകും എന്നു മാത്രം.  

Share This:

Leave a Reply

Your email address will not be published.