രണ്ടാമിടം കഴിഞ്ഞ് മൂന്നാമിടത്തിൽ മുങ്ങിത്താഴുന്നവർ

മലയാള പത്രങ്ങളിൽ ഈ ദിവസങ്ങളിൽ വന്ന പ്രവാസികളെ കുറിച്ചുള്ള മുഖ്യ മന്ത്രിയുടെ  ചില സ്‌പോൺസേർഡ്  മൊഴി മുത്തുകൾ ഇങ്ങനെയൊക്കെയാണ്. മലയാളികളുടെ രണ്ടാമിടം ഏതെന്നു ചോദിച്ചാൽ അർത്ഥശങ്കക്കിടയാകാത്ത വിധം പറയാൻ കഴിയുന്ന ഭൂമികയാണ് അറേബ്യൻ നാടുകൾ.  ഓരോ വർഷവും കേരളത്തിലേക്കൊഴുകുന്ന വിദേശ നാണ്യത്തിന്റെ അളവ് ഒരു ലക്ഷം കോടിയിലേറെയാണ്.  കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് നിസ്തുലമായ സംഭാവന ചെയ്യുന്ന പ്രവാസി സമൂഹത്തിന്റെ പ്രശ്നങ്ങളെ തൊട്ടറിയുക എന്നതു സംസ്ഥാന സർക്കാറിന്റെ ഉത്തരവാദിത്വമാണ്.  പ്രവാസികൾ അഭിമുഖീകരിക്കുന്ന ഏതൊരു പ്രശ്നവും പരിഹരിക്കാൻ മുഖ്യ മന്ത്രിയുടെ ഓഫീസിൽ തന്നെ സംവിധാനം ഉണ്ടാക്കും.  നോർക്കയുടെ പ്രവർത്തനം വിപുലപ്പെടുത്തി പ്രവാസികളുടെ നാനാവിധമായ പ്രശ്നങ്ങൾ സമൂലമായി പരിഹരിക്കും.  ഏതു സാഹചര്യത്തിലും പ്രവാസികളുടെ കൂടെ സർക്കാരുണ്ടാകും.  നല്ല ജോലി കിട്ടാതിരിക്കുക,  കിട്ടിയ ജോലി നഷ്ടപ്പെടുക,  തൊഴിലുടമകളുടെ വഞ്ചന,  രോഗങ്ങൾ,  മൃത ദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നൂലാമാലകൾ,  യാത്രാക്ലേശം,  രോഗിയായി നാട്ടിലെത്തിയാൽ ജീവിക്കാൻ കഴിയാത്ത സാഹചര്യം എന്നിങ്ങനെ പ്രവാസികൾ നേരിടുന്ന ഓരോ  പ്രശ്നത്തിലും താങ്ങും തണലുമായി സർക്കാർ ഒപ്പമുണ്ടാകും.  ജോലി നഷ്ടപ്പെടുന്ന പ്രവാസികൾക്ക് മറ്റൊരു തൊഴിൽ കിട്ടുന്നതുവരെ ആറു മാസത്തെ ശമ്പളം തൊഴിൽ നഷ്ട സുരക്ഷ എന്ന നിലക്ക് നൽകാൻ ശ്രമിക്കും.  മൃത ദേഹങ്ങൾ നാട്ടിലെത്തിക്കുന്ന സംഘടനകൾക്ക് ധന സഹായം നൽകും.  പ്രവാസികൾക്ക് നിയമ സഹായം നൽകാൻ അഭിഭാഷക പാനൽ ആരംഭിക്കും.  തൊഴിൽ ആവശ്യമുള്ളവർക്കും തൊഴിലാളികളെ ആവശ്യമുള്ളവർക്കും സഹായകരമാകുന്ന ജോബ് പോർട്ടൽ ആരംഭിക്കും.  തൊഴിലാളികളെ ചൂഷണം ചെയ്യുന്നവർക്കെതിരെ കർശന നടപടി ഉണ്ടാവുമെന്ന ഉറപ്പും പ്രവാസികൾക്ക് നൽകാനായി ” ഹാവൂ രക്ഷപെട്ടു ! ഇപ്പോഴാണ് അലകടൽ പോലെ അടി ഒഴുക്കിൽ പെട്ട മനസ്സ് ഒന്നു ശാന്തമായത്.  ഹൊ,  എന്തൊരു സർക്കാർ എന്നൊക്കെ സന്തോഷിച്ച് പത്രത്തിന്റെ അടുത്ത പുറം മറിച്ചപ്പോൾ ദേ കിടക്കുന്നു കുന്തം വിഴുങ്ങിയ സർക്കാറിന്റെ കുംഭ കീറിപ്പറിഞ്ഞ ചിത്രം !രണ്ടാമിടത്തിൽ കോട്ടിട്ട് കസറിയ മുഖ്യൻ പ്രവാസിക്കിട്ടു പണിത പാരയുടെ  റിപ്പോർട്ട് ആണ് തൊട്ടു മുൻ പേജിലുള്ളത്.  ഈ ജനുവരി മാസത്തിൽ സെക്രട്ടറിയേറ്റിൽ ഏറ്റുവും കുറഞ്ഞ ഫയലുകൾ നീങ്ങിയത് പ്രവാസി വകുപ്പിലാണത്രെ ! 1800 ഫയലുകളിൽ ആകെ തീർപ്പാക്കിയത് വെറും 70 എണ്ണം മാത്രം!! വെറും മൂന്നു ശതമാനം ഫയലിലെ കാര്യങ്ങൾ മാത്രം തീർപ്പാക്കിയ അണ്ണനാണ് പ്രവാസികളുടെ അപ്പോസ്തലനാകുന്നത്.  നാണമുണ്ടോ മുഖ്യ മന്ത്രി നിങ്ങൾക്കു ഈ പാവം പ്രവാസികളെ ഇങ്ങനെ കഴുതകളും ഒട്ടകങ്ങളുമാക്കാൻ ?  ഒരു ഗൃഹ പാഠം പോലും ചെയ്യാതെ ഇത്രക്ക് പച്ചയായ നുണകൾ പറയാൻ നിങ്ങൾക്കെങ്ങനെ ചങ്കൂറ്റം വരുന്നു ? പ്രവാസികൾ അക്ഷര ജ്ഞാനം പോലുമില്ലാത്തവരാണ് എന്നു നിങ്ങൾ കരുതിയോ ? പാർട്ടി അടിമകളെ പോലെ പ്രവാസികളെയും അടിമകളാക്കാമെന്നു നിങ്ങൾ കരുതിയോ ? നിങ്ങൾ പറയുന്ന വാക്കിന് അതിന്റെ വില പോലുമില്ലെന്ന് തെളിയുന്നതാണ് കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ തൊഴിൽ നഷ്ടപ്പെട്ട് സൗദിയിൽ നിന്ന്‌ കൂട്ടപ്പാലായനം നടത്തേണ്ടി വന്നവരുടെ അവസ്ഥ.  കേരളത്തിലെ വിമാനത്താവളങ്ങളിൽ എത്തുന്നവർക്ക് കട്ടൻ  കാപ്പി കുടിക്കാൻ 2000 രൂപ  വീതം കൊടുക്കുമെന്ന് അങ്ങോട്ട് കയറി പറഞ്ഞവരെ ആരെയും പിന്നീട് നാളിതു വരെ അവർ കണ്ടില്ല.  നോർക്ക എന്ന നോക്കുകുത്തിയാപ്പീസിൽ കയറിയിറങ്ങി രണ്ടായിരത്തിൽ കൂടുതൽ ചിലവായതു തന്നെ മൂന്നാമിടത്തിൽ എത്തിയ ഗതി കെട്ട മുപ്രവാസികൾക്കു ഇപ്പോൾ മിച്ചമായിട്ടുള്ളത്. കേവലം 2000 ഉലുവ കൊടുക്കാൻ പോലും പാങ്ങില്ലാത്തവരാണ് ആറു മാസം പ്രവാസികളെ ഊട്ടാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.  അത് പഴയ ഊട്ടിക്കഥ പോലെ ചട്ടിയായി തന്നെ പര്യവസ്സാനിക്കും.  

Share This:

Leave a Reply

Your email address will not be published.