മന്ത്രിമാർ തലകുമ്പിട്ടിറങ്ങുമ്പോൾ സലിം തല ഉയർത്തി നിൽക്കുന്നു !

കടം വാങ്ങിയ പണം തിരികെ  ചോദിക്കാനെത്തിയ പുരുഷനോട് “അപ്പോൾ എൻറെ കൂടെ കിടന്നുറങ്ങിയതിന്റെ പണം ആരു തരും” എന്ന മറു ചോദ്യമുന്നയിച്ച്‌ ആളുകളെ തന്ത്ര പൂർവം വിരട്ടുന്ന സ്ത്രീകൾ ആവശ്യത്തിനുള്ള നാട്ടിൽ മന്ത്രിമാർ അവരെ ഏൽപ്പിച്ച പണി ചെയ്തില്ലെങ്കിൽ എ കെ ശശീന്ദ്രനെ പോലെ പലരും ഇനിയും ശശിയാകും! ഒരു ചാനലും പെണ്ണും കൂടിയൊരുക്കിയ കെണിയിൽ വീണ് ഒരു മന്ത്രി തല കുമ്പിട്ടിറങ്ങുമ്പോൾ സലിം പള്ളിയാൽതെടി എന്ന സർക്കാർ ഗുമസ്തൻ ജനങ്ങളുടെ മുന്നിൽ തല ഉയർത്തിപ്പിടിച്ചു നിൽക്കുന്നു.  രാജി വച്ച മന്ത്രി തലസ്ഥാനത്തു നിന്നും നാട്ടിലേക്ക് മടങ്ങുന്ന വഴിയിൽ മലപ്പുറത്തിറങ്ങിയാൽ സലീമിനെ കാണാം.  അങ്ങാടിപ്പുറം പഞ്ചായത്തിലെ ഉദ്യോഗസ്ഥനാണ് അദ്ദേഹം.  ഒരു സർക്കാർ ഉദ്യോഗസ്ഥൻ സർവീസിൽ എങ്ങനെ മാന്യമായി പെരുമാറണം എന്ന കാര്യം വേണമെങ്കിൽ അദ്ദേഹത്തിൽ നിന്നും മന്ത്രിക്ക് പഠിക്കാൻ കഴിയും.  സലീമിന്റെ ‘മോറൽ സയൻസ്’ തന്നെ കാണാൻ എത്തുന്ന എല്ലാവർക്കും വായിച്ചു മനസ്സിലാക്കാൻ പരുവത്തിൽ തന്റെ മേശപ്പുറത്തു തന്നെ എഴുതി വച്ചിട്ടുള്ളത് വേണമെങ്കിൽ നമുക്കൊന്ന് വായിച്ചു പോകാം.  ” അറിയിപ്പ്,  നിങ്ങൾക്ക് പഞ്ചായത്ത് ഓഫീസ് വഴി സർക്കാരിൽ നിന്നും ആവശ്യമുള്ള സേവനം യഥാസമയം ലഭ്യമാക്കുന്നതിന് വേണ്ടി എനിക്ക് സർക്കാർ പ്രതി ദിനം 811 രൂപ (പ്രതിമാസം 24340/-) ശമ്പളമായി തരുന്നുണ്ട്.  എൻറെ സേവനം തൃപ്തികരമല്ലെങ്കിൽ താങ്കൾ തീർച്ചയായും എന്നോട് ആയതു സംബന്ധിച്ച് ഓർമ്മിപ്പിക്കുക. “മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം പഞ്ചായത്തിൽ എത്തുന്ന പലരും ഇതു വായിച്ചു അതിശയപ്പെട്ടിട്ടുണ്ടാകും.  ഇങ്ങനെയും ഒരു സർക്കാർ ഉദ്യോഗസ്ഥനുണ്ടോ ? പഞ്ചായത്തു പരിധിയിൽ വരുന്ന കെട്ടിടങ്ങളുടെ കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകൽ,   നമ്പരിടൽ, കരം തീർപ്പാക്കൽ തുടങ്ങിയവയാണ് സലീമിന്റെ ചുമതലകൾ.  ഇതൊക്കെ പരമാവധി തൃപ്തികരമായി ചെയ്‌തു കൊടുക്കാൻ അദ്ദേഹം ശ്രമിക്കാറുണ്ട്.  കൈമടക്ക് കൊടുത്താലേ അദ്ദേഹം ജോലി ചെയ്യൂ എന്നു തോന്നുന്നവർക്കുള്ള മുന്നറിയിപ്പാണ് ഒരു നോട്ടീസായി സ്വന്തം മേശമേൽ അദ്ദേഹം പതിപ്പിച്ചു വച്ചത്.  ഗള്ഫുകാരെ പോലെ  സർക്കാർ ഉദ്യോഗസ്ഥന്മാർക്ക് വലിയ വരുമാനമൊന്നുമില്ല എന്ന തോന്നലുള്ള ഒരു പ്രദേശമായതിനാൽ പലരും കാണിക്കുന്ന ഔദാര്യങ്ങൾ ഒഴിവാക്കാനും കൂടിയാണ് നോട്ടീസ് വച്ചതെന്ന് സലിം പറയുന്നു.  2014ൽ  ആണ് സലിം ഈ നോട്ടീസ് തന്റെ മേശമേൽ പതിപ്പിച്ചത്.  കഴിഞ്ഞ യുഡിഎഫ്,  ഇപ്പോഴത്തെ എൽഡിഎഫ് ഭരണസമിതികൾ തനിക്കു എല്ലാ പിന്തുണയും നൽകുന്നതായി സലിം പറഞ്ഞു.  കുറേക്കാലം ഗൾഫിൽ ജോലി ചെയ്തതിനു ശേഷമാണ് സലിം പഞ്ചായത്തിൽ ഉദ്യോഗസ്ഥനായി ചേർന്നത്.  എൻടിവി അദ്ദേഹത്തെ ഇന്ന് ഫോണിൽ വിളിക്കുമ്പോൾ സമയം ഒൻപതര കഴിഞ്ഞതേയുള്ളൂ.  സലിം ഓഫീസിൽ എത്തിക്കഴിഞ്ഞു.  അഞ്ചു മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങൾ ഒക്കെ നോക്കിക്കഴിഞ്ഞ് എട്ടു കിലോ മീറ്റർ അപ്പുറമുള്ള രാമപുരത്തു നിന്നും യാത്ര ചെയ്താണ് സലിം ഒൻപതരയ്ക്ക് ഓഫീസിൽ എത്തുന്നത്.  ഒരു സർക്കാർ ഉദ്യോഗസ്ഥൻ എങ്ങനെയാവണം എന്ന ഒരു പാഠം രാജിവച്ച മന്ത്രിക്കു മാത്രമല്ല മറ്റു പലർക്കും സലിം തന്റെ ജീവിതത്തിലൂടെ കാട്ടിക്കൊടുക്കുന്നു.  

Share This:

Leave a Reply

Your email address will not be published.