സിനിമയിലൂടെയും ത്വരിത പരിശോധന ആകാം !

വനത്തിൽ എത്തിപ്പെട്ട കുട്ടികൾ കണ്ടെത്തിയ അഴിമതി മാധ്യങ്ങളിലൂടെ അറിഞ്ഞ വിജിലൻസ് ഡയറക്ടർ അവരെ അഭിനന്ദിക്കാൻ നേരിട്ടെത്തുന്നു (സിനിമാക്കഥ സസ്പെൻസിൽ നിൽക്കുന്ന പശ്ചാത്തലത്തിൽ ലേഖകന്റെ മനോധർമ്മം അനുസരിച്ചു് കഥ വ്യാഖ്യാനിക്കുകയാണിവിടെ). ഡോ.  ജേക്കബ് തോമസ് ആദ്യമായി സിനിമയിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയല്ല,  മറിച്ച് വിജിലൻസ് ഡയറക്ടർ ആയി തന്നെ നമ്മുടെ മുൻപിൽ എത്തുന്നു. ജംഗിൾ.കോം എന്ന സിനിമയിലാണ് ജേക്കബ് തോമസ് ഇങ്ങനെ ഒരു ഡ്യൂവൽ ഐഡന്റിറ്റിക്കു വിധേയനാകുന്നത്.  അഴിമതിക്കെതിരെ ഏതു വേഷം കെട്ടാനും താൻ തയ്യാറാണ് എന്നു പൊതു ജനത്തെ അറിയിക്കാൻ കൂടിയാണ് അദ്ദേഹം ഈ സിനിമയിൽ മുഖം കാണിക്കുന്നത്.  സിനിമ വിജിലൻസിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനങ്ങളിലെത്താൻ സഹായിക്കും എന്നതിന്റെ കൂടി അടിസ്ഥാനത്തിലാകും സർക്കാർ സിനിമയിൽ മുഖം കാണിക്കാൻ ജേക്കബ് തോമസിന് അനുമതി നൽകിയത്.  ഏതായാലും കഥയും ജീവിതവും ഇഴുകിച്ചേരുന്ന പുതുമയുള്ള ഒരു സമീപനമാണ് ജംഗിൾ.കോം എന്നു വിലയിരുത്തപ്പെടുന്നു. ഫിയാമ സിനിമയുടെ ബാനറിൽ രാജേഷ് രാഘവൻ ആണ് ജംഗിൾ.കോം നിർമ്മിക്കുന്നത്.  സംവിധാനം അരുൺ നിശ്ചൽ. ടി,  ഛായഗ്രഹണം ആർ.  മണി പ്രസാദ്.  ശശി അയ്യഞ്ചിറ,  പ്രശസ്ത സംഗീത സംവിധായകൻ ഔസേപ്പച്ചൻ,  നാഷണൽ അവാർഡ് ജേതാവ് ഗൗരവ് മേനോൻ,  മിനോൺ,  മനോജ് ഗിന്നസ്,  കണ്ണൻ പെരുമുടിയൂർ,  നീന കുറുപ്പ്,  ഗീത വിജയൻ,  ആദി എന്നിവർ സ്‌ക്രീനിൽ എത്തുന്നു.  സംഗീത സംവിധാനം സോണി സായി ആണ് നിർവഹിച്ചിരിക്കുന്നത്. ഉടനെ റിലീസ് ചെയ്യുന്ന ജംഗിൾ. കോം ജീവിത യാഥാർഥ്യങ്ങളുടെയും കാഴ്ചയുടെയും ഒരു വ്യത്യസ്ത ലോകം തുറന്നു കൊടുക്കുന്നു. 

Share This:

Leave a Reply

Your email address will not be published.