ഇതിലും ഭേദം അന്നേ ആന ചവുട്ടിക്കൊല്ലുന്നതായിരുന്നു…

പാറശാല മഹാദേവ ക്ഷേത്രത്തിലെ ശിവശങ്കരൻ എന്ന ആന ഇടഞ്ഞു,  പാപ്പാൻ മുരുകൻ കുത്തേറ്റു മരിച്ചു.  ഒരു ദിവസത്തെ വാർത്തക്കപ്പുറം ഇത്തരം അപകടങ്ങളെ ആരെങ്കിലും ഓർക്കാറുണ്ടോ ? അതുകൊണ്ടാവാം ആന ചവുട്ടിക്കൊന്നാൽ മതിയായിരുന്നു എന്നു വയനാട് മുത്തങ്ങ സ്വദേശി ശൈലജ വേദനയോടെ ആഗ്രഹിച്ചു പോകുന്നത്.  നൂൽപ്പുഴ പഞ്ചായത്തിലെ ഷൈലജയെ നമ്മളാരും ഒരു നൂൽക്കനത്തോളമെങ്കിലും ഓർക്കാൻ സാധ്യതയില്ല.  പ്രത്യേകിച്ചും പലരെയും ആനകൾ ചവുട്ടിക്കൊല്ലുന്ന കാലത്തു,  ആനയുടെ ‘തലോടൽ’ ഏറ്റു വാങ്ങിയ ഷൈലജയെ ആരോർക്കാൻ ? പ്രത്യേകിച്ചും കർണാടക  അതിർത്തിയിൽ കിടക്കുന്ന ഒരു വീട്ടമ്മയെ.58 വയസ്സുകാരി ശൈലജ ഈ കിടപ്പു കിടന്നിട്ട് ഇന്നേക്ക് ഏകദേശം പത്തമ്പതു ദിവസം പിന്നിടുന്നു.  ഇക്കഴിഞ്ഞ ഫെബ്രുവരി 27 ന് പുലർച്ചെ പാല് കറന്നു കൊണ്ടിരുന്ന ഷൈലജയെ കർണാടക വനത്തിൽ നിന്നെത്തിയ ആന കൊമ്പു കൊണ്ടു കുത്തി കോരിയെറിഞ്ഞു.  ഒരാനയുടെ കുത്തും ഏറും കിട്ടിയാൽ ബാക്കിയെന്തുണ്ടാകും എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ഷൈലജയുടെ ഈ കിടപ്പ്.  ഒന്നര ലക്ഷത്തോളം രൂപ ആശുപത്രി ബില്ലുകൾ മാത്രമായി.  വേദനയുടെയും പങ്കപ്പാടുകളുടെയും കണക്കുകൾ ഷൈലജയും ഭർത്താവ് രാജനും ഇതു വരെ എടുത്തില്ല.  മൂന്നു പശുക്കളുടെ  പാല് വിറ്റു ജീവിച്ചിരുന്ന ഒരു കുടുംബം ഇപ്പോൾ രോഗക്കിടക്കയിലുമായി.  ആന കുത്തിയ ദിവസം ഓടിക്കൂടിയ പ്രാദേശിക പാർട്ടി ഉത്സാഹക്കമ്മിറ്റികൾ ചികിത്സാചെലവ് മുഴുവൻ സർക്കാരിനെക്കൊണ്ട് അനുവദിപ്പിക്കാം എന്നു വാക്കു കൊടുത്തിരുന്നു.  പിന്തിരിഞ്ഞു പോയ ആനയുടെ കൂട്ടത്തിൽ അവരും കാടു കയറിയോ എന്നറിയില്ല.  വനം വകുപ്പു നൽകിയ 10,000 രൂപ മാത്രമാണ് അവർക്കാകെ കിട്ടിയ ഇടക്കാലാശ്വാസം.  വാസ്തവത്തിൽ വനം വകുപ്പിന്റെ വലിയ ഒരഴിമതി പുറത്തു വരുന്നതാണ് ഈ ആനയുടെ ആക്രമണം.  വനാതിർത്തി കടന്ന് ആന വരാതിരിക്കാൻ  വൈദ്യുതി കമ്പിവേലി സ്ഥാപിച്ച സ്ഥലത്തു കൂടിയാണ് ആന കടന്നു വന്നത്.  കാരണം കമ്പി വേലിയിൽ വൈദ്യുതി ഉണ്ടായിരുന്നില്ല.  സദാസമയവും വൈദ്യുതി ഉറപ്പാക്കേണ്ട വനവകുപ്പിന്റെ അഴിമതിയിൽ കൂടിയാണ് ആന നാട്ടിലേക്കിറങ്ങിയത്.  എത്ര കോടികളാണ് കമ്പ് വേലിപ്പദ്ധതികൾക്കായി ചെലവഴിച്ചത് ? കമ്പി വേലിയിൽ അന്നേ ദിവസം വൈദ്യുതി ഇല്ലാതിരുന്നതിന്റെ കാരണമെന്താണ് ? ആരായിരുന്നു അതിന്റെ ഉത്തരവാദികൾ ? അവർക്കെതിരെ സർക്കാർ എന്തെങ്കിലും നടപടികൾ സ്വീകരിച്ചോ ? വാസ്തവത്തിൽ വനം വകുപ്പിന്റെ അഴിമതിയുടെ ഇരയാണ് ശൈലജ.  അതിന്റെ പാപക്കറ മറക്കാനാണ് പതിനായിരം ഉലുവ കൊടുത്തു പാവങ്ങളെ കബളിപ്പിക്കുന്നത്.   സ്വസ്ഥമായി ജീവിച്ചിരുന്ന ഒരു പാവപ്പെട്ട കുടുംബത്തിന്റെ വാരിയെല്ല് തകർത്ത സർക്കാർ മതിയായ നഷ്ടപരിഹാരം നൽകുക മാത്രമല്ല,  കുറ്റക്കാരായവർക്കെതിരെ നടപടി എടുക്കുകയും വേണം. 

Share This:

Leave a Reply

Your email address will not be published.