ഗ്ലാമർ കുമാരന്റെ പൂർവ്വകാലങ്ങളിൽ ഒന്ന്

സുപ്രീം കോടതി വിധിയോടെ തലയിൽ പിന്നെയും തൊപ്പി ചൂടുന്നതും കാത്തിരിക്കയാണല്ലോ ടി പി സെൻകുമാർ എന്ന പഴയ ഡിജിപി.  തന്നെ ഒഴിവാക്കാൻ സർക്കാർ കണ്ടെത്തിയ ന്യായങ്ങൾ ഒന്നും ശരിയല്ലെന്നും താൻ മികച്ച രീതിയിലാണ് കേസ് അന്വേഷണമൊക്കെ നടത്തിയത് എന്നുമൊക്കെയാണല്ലോ ഇപ്പോഴത്തെ അവകാശ വാദങ്ങൾ.  ജിഷ ജിഷ കേസ്,  പുറ്റിങ്ങൽ അപകടം എന്നിവയിലെ അന്വേഷണ വീഴ്ചകളാണല്ലോ സർക്കാർ തൊടു ന്യായമായി തൊപ്പി തെറിപ്പിക്കാൻ കൂട്ടു പിടിച്ചത് ? ഒരപ്പീലിനു പോലും സ്കോപ്പില്ലാത്ത വിധത്തിൽ സുപ്രീം കോടതി തീർപ്പു കല്പിക്കുമ്പോൾ അതിന്റെ ന്യായാന്യായങ്ങളിലേക്കു കടക്കുന്നതിൽ കാര്യമില്ല.  അങ്ങനെ ടിപി സെൻകുമാർ കുളിച്ചു കുട്ടപ്പനായി,  ഇലക്ട്രിക്ക് കളർ ശോഭയോടെ നിറഞ്ഞു നിൽക്കുമ്പോൾ തന്റെ ഭരണ നേട്ടങ്ങളിലൊന്ന് കുത്തു പാളയെടുത്തു കിടക്കുന്നത്‌ കൂടി നാട്ടുകാർ അറിയണം.  കഴിഞ്ഞ ഇടതു സർക്കാറിന്റെ കാലത്തെ ഒരിടവേളയിൽ സെൻകുമാർ യൂണിഫോം അഴിച്ചു വച്ചിരുന്നു.  കെടിഡിഎഫ്‌സി എന്ന ധനകാര്യ സ്ഥാപനത്തിന്റെ മേലധികാരിയായി വാണിരുന്ന കാലത്തെ സംഭാവനകളിൽ ഒന്നാണ് ഈ മുടിയനായ സന്തതി.  കണക്കിപ്പോഴും അവസാനിച്ചിട്ടില്ല,  ഇക്കഴിഞ്ഞ മാർച്ചു പകുതിയിലെ നാൾവഴി പ്രകാരം ഈ ടെർമിനൽ വെള്ളാന വിഴുങ്ങി വച്ചിരിക്കുന്നത് 80.98 കോടി രൂപയാണ്.  എല്ലാ അനുകൂല ഘടകങ്ങൾ ഉണ്ടാകുമ്പോഴും ഒരു പദ്ധതി എങ്ങനെ പൊളിച്ചടുക്കി നശിപ്പിക്കാം എന്നതിന്റെ ഒന്നാംതരം ഉദാഹരണമാണ് തമ്പാനൂർ ടെർമിനൽ കെട്ടിടം.  കേരളം ദിവസേന ബസ്സിലും ട്രെയിനിലും വന്നിറങ്ങുന്ന കണ്ണായ സ്ഥലത്തു 32517 ച.  മീറ്റർ സ്ഥലം പാഴായിക്കിടക്കുന്നു.  വാടകക്ക് നാളിതു വരെ പോയ ചില്ലറ പെട്ടിക്കടകളിൽ നിന്നുള്ള പ്രതിമാസ വരുമാനം കേവലം 8,33,788 രൂപ മാത്രമാണ്.  മുടക്കു മുതലിന്റെ വെറും പലിശ കണക്കാക്കിയാൽ പോലും മാസം 66 ലക്ഷം രൂപ വരുമാനം ഉണ്ടായേ പറ്റൂ.  ഇനി തമ്പാനൂർ പോലൊരു സ്ഥലത്തെ ഭൂമി വില കൂടി കണക്കാക്കിയാൽ ദിവസേന അരക്കോടിയെങ്കിലും വരുമാനം ഉണ്ടായേ മതിയാകു.  ഇവിടെയാണ് ടിപി സെൻകുമാറിനെ പോലുള്ള പ്രതിഭകൾ ഈ നാടിനു ചെയ്‌തു തരുന്ന സേവനങ്ങളെ നമ്മൾ വാഴ്ത്തിപ്പാടേണ്ടത്.  പരമോന്നത കോടതികളിൽ പോയി വിജയ ശ്രീലാളിതരായി വരുന്ന ഇത്തരം ഉദ്യോഗസ്ഥ തമ്പുരാക്കന്മാർ ജനങ്ങളുടെ കോടതികളിൽ നിന്നും ആട്ടും തുപ്പും ഏറ്റുവാങ്ങുകയാണ് എന്നോർക്കുന്നതു ശിഷ്ടകാലം ഗുണം ചെയ്യും.  തലസ്ഥാനത്തെ തട്ടുപൊളിപ്പൻ കച്ചവടം ഇങ്ങനെയാണെങ്കിൽ തിരുവല്ല,  അങ്കമാലി,  കോഴിക്കോട് എന്നിവിടങ്ങളിലെ കെടിഡിഎഫ്‌സി ഭരണ മിടുക്കു  കച്ചവടങ്ങളും പരിശോധിക്കപ്പെടേണ്ടതാണ്.  

Share This:

Leave a Reply

Your email address will not be published.