ആക്കുളം ഈക്കുളം അഴിമതിയുടെ ആറാട്ടുകുളം !

മറ്റൊരു ടൂറിസം പദ്ധതി കൂടി ഇന്നലെ ഉദ്ഘാടനം ചെയ്യപ്പെട്ടു.  ഏതാണ്ട് അഞ്ചു കോടി രൂപ കൂടി പാഴാകാൻ സാധ്യതയുള്ള ഒരു പദ്ധതിയല്ലായെന്നു തെളിയിക്കേണ്ടത് സംസ്ഥാന സർക്കാരാണ്.  ആക്കുളം പദ്ധതിയുടെ രണ്ടാം ഘട്ട വികസനമാണ് ഇന്നലെ ആരംഭിച്ചത്. ആരുടെ വികസനമാണ് ഇതിലൂടെയൊക്കെ നടപ്പാക്കുന്നത് എന്നറിയാൻ നാട്ടുകാർക്ക് ആഗ്രഹമുണ്ട്.  പ്രവർത്തി ചെയ്യുന്ന കരാറുകാർക്കാണോ  അതോ കരാറു കൊടുക്കുന്ന ഉദ്യോഗസ്ഥർക്കാണോ അതോ മറ്റു വല്ലവർക്കുമാണോ നേട്ടമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കിയാൽ കൊള്ളാം.  ഇപ്പോൾ പ്രഖ്യാപിച്ച 5 കോടിയുടെ വികസന പ്രവർത്തനം നടപ്പാക്കുന്നതിനോടൊപ്പം അതിന്റെ നടത്തിപ്പും മെയ്ന്റനൻസും കൂടി കരാറിന്റെ ഭാഗമാക്കണം.  അല്ലെങ്കിൽ ഇന്ന് നടപ്പാക്കുന്ന പദ്ധതികളുടെ പുറത്തു തന്നെ പുതിയ പദ്ധതികൾ ഈ സർക്കാരിന് തന്നെ തുടങ്ങി വക്കേണ്ടി വരും.  അതാണ് ഇന്നലെ വരെയുള്ള ആക്കുളം കുളമായ ചരിത്രം.  പല പല കോടികൾ ഇതു പോലെ മറ്റു ചിലർ കെങ്കേമമായി നടപ്പാക്കിയ ആക്കുളമാണ് മേൽക്കുളമായി പായൽ പിടിച്ചു കിടക്കുന്നത്‌.  പായൽ കായലിനെ കീഴടക്കുന്നതിനു മുമ്പൊരു പുഷ്കല കാലമുണ്ടായിരുന്നു.  എന്തൊക്കെയായിരുന്നു അന്നത്തെ കെട്ടു കാഴ്ചകൾ ? 3, 02, 400 രൂപയുടെ  കളിക്കോപ്പുകൾ,  10, 68, 391 രൂപയുടെ കൃത്രിമ വെള്ളച്ചാട്ടം,  1, 41, 949 രൂപ മുടക്കി നിർമിച്ച്,  2, 81, 052 രൂപ ചെലവിട്ട് നവീകരിച്ച ടോയ്‍ലെറ്റുകൾ എന്നു തുടങ്ങി ലക്ഷങ്ങളും കോടികളും പൊടിച്ച പദ്ധതികളൊന്നും ഇന്ന് കാണാനില്ലാത്തതു കൊണ്ടാണല്ലോ പിന്നെയും കോടികൾ കായലിൽ ഒഴുക്കാൻ തീരുമാനിച്ചിരിക്കുന്നത്.  പത്തു പതിമൂന്നു ലക്ഷങ്ങൾ ചെലവിട്ട ഒരു വെള്ളക്കളി കുറച്ചു കാലം മുമ്പിവിടെ ഉണ്ടായിരുന്നു.  പുതിയവ തുടങ്ങുന്നതിനു മുമ്പ് ഇതുപോലെ ലക്ഷങ്ങൾ പൊടിച്ച  പഴയതിനൊക്കെ എന്തു സംഭവിച്ചു,  ആരാണ് അതിന്റെയൊക്കെ ഉത്തരവാദികൾ എന്നു കൂടി കണ്ടു പിടിച്ചാലേ കാര്യങ്ങളൊക്കെ ഇനിയെങ്കിലും ‘ശരിയാവു’കയുള്ളു എന്നു സാക്ഷി 

Share This:

Leave a Reply

Your email address will not be published.