അമ്മയാണെ സത്യം, രവി പിള്ളയുടെ മുൻപിൽ ഏതു സത്യൻ, എന്തു സത്യം ?

ഒരു സത്യ സന്ധമായ കഥ പറയാൻ തുടങ്ങുകയാണ്.  വലിയ മീനുകൾ താമസിയാതെ കുടുങ്ങും എന്നു മുഖ്യ മന്ത്രി പറഞ്ഞതിനു വിപരീതമായി കൊല്ലം ജില്ലയിൽ വൈദ്യുതി കമ്പി വേലിയിൽ കുരുങ്ങിക്കിടക്കുന്ന ഒരു ചെറിയ മീനിൻറെയും വലകളെല്ലാം കീറി കുതിച്ചു പോകുന്ന ഒരു വമ്പൻ സ്രാവിൻറെയും കഥയാണിത്.  കൊല്ലം കളക്ടർ,  സബ് കളക്ടർ,  എഡിഎം,  തഹസിൽദാർ,   വില്ലേജ് ഓഫീസർ തുടങ്ങി റെവന്യൂ വകുപ്പു മുഴുവൻ മണി ആശാൻറെ വൈദ്യുതി വകുപ്പിനു മുമ്പിൽ ഓച്ഛാനിച്ചു നിൽക്കുന്ന കാഴ്ചയാണ് കൊല്ലം കല്ലുവാതുക്കൽ പഞ്ചായത്തിൽ കാണാൻ കഴിയുന്നത്.  ഇത്‌ കല്ലുവാതുക്കൽ നടക്കൽ – കുഴിവേലി ക്ഷേത്രം വഴി മാധവം വീട്ടിൽ സത്യൻ.  സമ്പൂർണ്ണ വൈദ്യുതീകരണം നടന്നു എന്നഭിമാനിക്കുന്ന നാട്ടിൽ പിന്നോക്ക ജാതി  കര്ഷകത്തൊഴിലാളിയും സിപിഎം അനുഭാവിയുമായ സത്യൻ തുള്ളി വെളിച്ചത്തിനു വേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷം ഒന്നാകാൻ പോകുന്നു.  കഴിഞ്ഞ ആഗസ്റ്റിലാണ് സത്യൻ വൈദ്യുതി കണക്ഷന് വേണ്ടി പഞ്ചായത്തിൽ അപേക്ഷ നൽകുന്നത്.  അപേക്ഷ നൽകിയ ഉടനെ തന്നെ കൂലിപ്പണിക്കാരനായ സത്യൻ 7000 രൂപയോളം മുടക്കി വയറിങ്ങും പൂർത്തിയാക്കി. അപ്പോഴാണ്‌ ഓരോ ഓരോ തടസങ്ങൾ വന്നു തുടങ്ങിയത്.  ലൈൻ വലിക്കേണ്ട പൊതു വഴി അയൽവാസി കയ്യേറി കെട്ടിയടച്ചു കൃഷിയും തുടങ്ങി.   സ്വകാര്യ ഭൂമിയിലൂടെ ലൈൻ വലിക്കാനുള്ള കെഎസ്ഇബി യുടെ ശ്രമങ്ങൾക്കു വസ്തു ഉടമകൾ കോടതിയിൽ നിന്നും സ്റ്റേ വാങ്ങി.  അതോടെ സത്യന്റെ കൂരയിൽ വൈദ്യുതി എത്തുമെന്ന പ്രതീക്ഷ മങ്ങി.  അപ്പോഴേക്കും പൊതു വഴി കയ്യേറിയവർക്കെതിരെ നാട്ടുകാരും അമ്പല ഭാരവാഹികളും പരാതിയുമായി ബന്ധപ്പെട്ടവരെ സമീപിച്ചു. കഴിഞ്ഞ ഒരു വർഷമായി വില്ലേജ് ഓഫീസർ മുതൽ കളക്ടർ വരെയും പാരിപ്പള്ളി സബ് എഞ്ചിനീയർ മുതൽ എക്സിക്യൂട്ടീവ് എഞ്ചിനീയർ വരെയും അപേക്ഷകൾ തലങ്ങും വിലങ്ങും സഞ്ചരിച്ചു.  ഒടുവിൽ ഇക്കഴിഞ്ഞ ഏപ്രിലിൽ കൊല്ലം സബ് കളക്ടർ പൊതു വഴി അളന്നു തിട്ടപ്പെടുത്തി കയ്യേറിയവർക്കെതിരെ കേസ്സെടുക്കാൻ ഉത്തരവിട്ടു. ഒരു സർക്കാർ ഉത്തരവിന് ആ കടലാസിന്റെ വില പോലുമില്ലെന്ന് മനസ്സിലാക്കാൻ സത്യന് അധിക ദിവസങ്ങൾ വേണ്ടി വന്നില്ല.  ഉത്തരവിറങ്ങി മാസങ്ങൾ പിന്നിടുമ്പോഴും പ്രത്യേകിച്ചൊന്നും സംഭവിക്കാത്തതിന്റെ പിന്നിൽ രാഷ്ട്രീയ താല്പര്യങ്ങൾ എന്നു തന്നെ വ്യക്തമാകുന്നു.  കെഎസ്ഇബി യിലെ ഉന്നത ഉദ്യോഗസ്ഥയുടെ ബന്ധു കൂടിയാണ് പൊതു വഴി കയ്യേറിയ ആൾ എന്നു കൂടി അറിയുമ്പോൾ കൗരവപ്പടയുടെ വ്യാപ്തി സത്യന് നേരിട്ടു ബോധ്യമാകുന്നു.  പിന്നോക്കക്കാരൻ,  കർഷക തൊഴിലാളി,  ഭരണകക്ഷിയുടെ രാഷ്ട്രീയ അനുയായി,  ഇതൊന്നും ഇടതു സർക്കാരിന്റെ കാലത്തെ മാനദണ്ഡങ്ങൾ അല്ലാതായി തീരുന്ന പൊള്ളുന്ന സത്യങ്ങളാണെന്നു സത്യൻ ഇന്ന് തിരിച്ചറിയുന്നു.  ഈ ഇടതുപക്ഷ അനീതിക്കെതിരെ പോരാടാൻ സ്ഥലത്തു വിജയിച്ച ബിജെപിക്കും കഴിയുന്നില്ല എന്നു പറയുമ്പോൾ പ്രാദേശിക രാഷ്ട്രീയ ഒത്തു ശാസ്ത്രം മറ നീക്കി പുറത്തു വരുന്നു. ഇവിടെയാണ് നാട്ടിലെ നിയമങ്ങളെല്ലാം തന്റെ വരുതിയിലാക്കിയ രവിസ് ഹോട്ടലിന്റെ കഥ കൂടി നാട്ടുകാർ അറിയേണ്ടത്.  രവീസ് എന്നാൽ കൊല്ലത്തെ പഞ്ച നക്ഷത്ര ഹോട്ടൽ.  ഈ ഹോട്ടലിനെ കുറിച്ച് 91/16/VACB/Kollam എന്ന ഫയലിൽ വിജിലൻസ് ഇങ്ങനെ രേഖപ്പെടുത്തി വച്ചിട്ടുണ്ട്.  “ഏകദേശം 5 വർഷക്കാലമായി നിർമ്മിച്ച ഹോട്ടൽ കേരള പഞ്ചായത്ത് രാജിലെ ചട്ടങ്ങൾ മറികടന്ന് കായൽ പുറമ്പോക്കു കയ്യേറി കെട്ടിടം നിർമ്മിച്ചിട്ടുള്ളതും KCZMA(കോസ്റ്റൽ സോൺ മാനേജ്‌മന്റ് അതോറിറ്റി )യുടെ അനുമതി വേണം എന്ന നിയമം മറികടന്നിട്ടുള്ളതും ആണ് ” ഈ വസ്തുതകൾ അനുസരിച്ചു് റാവിസ് ഹോട്ടലിനു സർക്കാർ പ്രവർത്തനാനുമതി നിഷേധിക്കേണ്ടത് മാത്രമല്ല വൈദ്യുതി കണക്ഷൻ പോലും നൽകാൻ പാടില്ലാത്തതാണ്.  രവി മുതലാളിയുടെ മുമ്പിൽ കഴിഞ്ഞ സർക്കാറിന്റെ മുട്ടിടിച്ചതു മനസ്സിലാക്കാം.  പക്ഷെ ഇപ്പോഴത്തെ സർക്കാർ രവി മുതലാളിയുടെ കയ്യേറ്റം കണ്ടില്ലെന്നു  നടക്കുന്നത് പോലെ തന്നെ സത്യൻറെ പൊതു വഴി കയ്യേറിയതും കാണാതെ പോകുന്നു.  ഭരണം പാവപ്പെട്ടവന്റേതാണ്‌ എന്നു പറഞ്ഞാൽ മാത്രം പോര,  അതു അവനും അവന്റെ ചുറ്റിലുമുള്ളവർക്കും ബോധ്യപ്പെടുക കൂടി വേണം.  ഒരു പട്ടിക ജാതിക്കാരന് വൈദുതി കണക്ഷൻ നൽകാൻ അതേ വിഭാഗത്തിൽ പെടുന്ന മണിയാശാൻ മന്ത്രിക്ക് കഴിയുന്നില്ലെങ്കിൽ പിന്നെ ആർക്കു കഴിയാനാണ് ? 

Share This:

Leave a Reply

Your email address will not be published.