മുഖ്യൻറെ പുതിയൊരുപദേശക കസേരക്ക് കൂടി ചിന്തേരിട്ടു തുടങ്ങി!

ഉലകം നോക്കുന്ന മുഖ്യ മന്ത്രി ദയവു  ചെയ്ത് സ്വന്തം കാൽ കീഴിലോട്ടൊന്നു നോക്കാൻ തിരുവുള്ളമുണ്ടാകണം.  പലതും പയറ്റി പരാജയപ്പെട്ടതു കൊണ്ടാണല്ലോ മുഖ്യ മന്ത്രി ലോകത്തോട്  ഒരഭ്യര്ഥന ഇന്നലെ നടത്തിയത് ? ജൈവ മാലിന്യ സംസ്കരണത്തിനുള്ള വിജയകരമായ മാതൃക ലോകത്തിന്റെ ഏതു ഭാഗത്തുണ്ടെങ്കിലും ആ സാങ്കേതിക വിദ്യ കേരളത്തിൽ ലഭ്യമാക്കണമെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ. ഈ ഒരാഗോള അന്വേഷണത്തിന്  വേണമെങ്കിൽ മാലിന്യ സംസ്കരണ വിഷയത്തിൽ പ്രാവീണ്യം നേടിയ ഒരാഗോള പ്രതിഭയെ തന്നെ ഉപദേശകനോ ഉപദേശികയോ ആയി മുഖ്യ മന്ത്രിക്ക് നിയമിക്കാവുന്നതുമാണ്.  എല്ലാം നാട്ടുകാരുടെ ക്ഷേമത്തിനു വേണ്ടിയാണെന്ന് നാട്ടുകാർ കരുതിക്കൊള്ളും.  ഇന്നലെയാണ്,  ചവറു പെറുക്കാൻ നിയോഗിക്കപ്പെട്ട നാട്ടിലെ സകല തദ്ദേശ സ്ഥാപനങ്ങളും, ചവറിൻറെ പേരിൽ നിന്നു പിഴച്ചു പോകുന്ന മറ്റു പല സ്ഥാപനങ്ങളും,  അവരുടെ കലാപരിപാടികളും പരാജയമാണെന്ന് മുഖ്യ മന്ത്രി തുറന്നു സമ്മതിച്ചത്.  ഒക്ടോബർ മാസത്തിൽ നടത്താൻ പോകുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ആലോചന യോഗത്തിൽ സംസാരിക്കുമ്പോഴായിരുന്നു ലോക മാതൃകകൾ അദ്ദേഹം  ക്ഷണിച്ചത്. മികച്ച മാതൃകകൾ എവിടെയുണ്ടെങ്കിലും അതനുകരിക്കുന്നതിൽ തെറ്റില്ല.  എന്നാൽ അതു നമ്മുടെ സാഹചര്യങ്ങൾക്ക് ചേർന്നതാണോ എന്നു കൂടി തീരുമാനം എടുക്കുന്നതിനു മുമ്പ് ചിന്തിക്കണം.  പണച്ചിലവ് കൂടിയ മാലിന്യ നീക്ക മാർഗ്ഗങ്ങൾ കടം വാങ്ങിക്കൂട്ടുന്ന സർക്കാരിന് സ്വീകരിക്കാൻ കഴിയില്ലല്ലോ ? സ്ഥല ലഭ്യത കുറഞ്ഞ കേരളത്തിന് മരുഭൂമികൾ പരന്നു കിടക്കുന്ന ഗൾഫ് മാതൃകകളും സ്വീകരിക്കാൻ കഴിയില്ല.  പിന്നെയെന്താണ് മാർഗം ? ഒരു പക്ഷെ കേരളത്തിന് യോചിച്ച,  മോദി സർക്കാർ തിരസ്കരിച്ച, വളരെ ലളിതമായ ഒരു മാർഗം പറഞ്ഞു തരാൻ പഞ്ചായത്തു ഡയറക്ടറിന്  കഴിഞ്ഞേക്കും.  മോദി സർക്കാർ തിരസ്കരിച്ചതു കൊണ്ടു തന്നെ കേരളം അതിന് അല്പം സ്വീകാര്യത നൽകേണ്ടതല്ലേ ? അതറിയണമെങ്കിൽ കയ്യീന്ന് വിട്ട അമ്പു പോലെയല്ലാത്ത,  വായീന്നു വീണ ‘പര നാറി’ പോലെയല്ലാത്ത,  തിരിച്ചു വിളിക്കാൻ കഴിയുന്ന ഒരു വിദ്യ പ്രയോഗിച്ചാൽ മതിയാകും.  ആറേഴു മാസങ്ങൾക്കു മുമ്പ് മുഖ്യ മന്ത്രിയുടെ ഓഫീസിൽ നിന്നും G161001061 എന്ന നമ്പറിൽ സംസ്ഥാന പഞ്ചായത്തു ഡയറക്ടർക്കു അയച്ച കത്ത് ഒന്ന്‌ തിരിച്ചു വിളിപ്പിക്കണം.  ആ കത്ത് അവിടെയിരുന്നിട്ടു പ്രത്യേകിച്ച് വല്യ കാര്യമൊന്നുമില്ലായെന്നു അവർ പറയുകയും ചെയ്തു കഴിഞ്ഞു.  ഒരു രാജ്യത്തെ പ്രധാന മന്ത്രിക്ക് ബോധിക്കാത്ത,  സംസ്ഥാന മുഖ്യ മന്ത്രി കാര്യമായി പരിഗണിക്കാത്ത,  സംസ്ഥാന ആസൂത്രണ ബോർഡിന് വേണ്ടാത്ത,  സംസ്ഥാന ശുചിത്വ മിഷന് മനസ്സിലാകാത്ത, പഞ്ചായത്തു ഡയറക്ടർക്ക് പട്ടിക്ക് കിട്ടിയ കൊട്ടത്തേങ്ങ പോലെ അനുഭവപ്പെട്ട ആ ഉരുപ്പടി എന്താണെന്നറിയാൻ പിണറായിക്കാരൻ കോരൻ -കല്യാണി മകൻ വിജയൻ എന്ന സാധാരണ മനുഷ്യന്  താല്പര്യമുണ്ടോ ? ഉണ്ടെങ്കിൽ അടുത്ത തവണ തലസ്ഥാനത്തെ ആഭ്യന്തര വിമാനത്താവളം വഴി പോവുകയോ വരികയോ ചെയ്യുമ്പോൾ ഒരു പത്തു നിമിഷം മാറ്റി വക്കണം.  ജൈവ മാലിന്യം മാലിന്യമല്ലെന്നും ഒന്നാംതരം ‘മാന്യ’മായ ഉരുപ്പടിയാണെന്നും മുഖ്യ മന്ത്രിക്ക് കാട്ടിത്തരാം.  ഇതു ലോകോത്തര മാതൃക ഒന്നുമല്ല,  ഒരു വെറും സാധാരണക്കാരന്റെ പരീക്ഷണം മാത്രം,  മാനങ്ങൾ പലതുള്ള പരീക്ഷണം ! കുറഞ്ഞ പക്ഷം കേരളവും വലിയ പക്ഷം രാജ്യവും പകർത്തേണ്ട മാതൃക.  ഇതാണ് തുടക്കത്തിൽ പറഞ്ഞ കാൽക്കീഴിലെ കാര്യം,  മുഖ്യ മന്ത്രിക്ക് വരുന്ന അപേക്ഷകൾ അല്ലെങ്കിൽ നിർദേശങ്ങൾ വശത്തിരിക്കുന്ന ചവറ്റുകുട്ടയിൽ കളയാൻ നിവൃത്തി ഇല്ലാത്തതു കാരണം ഏതെങ്കിലും വകുപ്പുകളിലോട്ടായച്ചു കൊടുത്ത് ഉത്തരവാദിത്വം അവസ്സാനിപ്പിക്കുന്ന ഉദ്യോഗസ്ഥ നിലപാട്.  ധാരാളം കത്തുകൾ മുഖ്യ മന്ത്രിക്ക് ദിവസേന കിട്ടുന്നുണ്ടാകും.  അതെല്ലാം വായിച്ചു നോക്കാൻ ഒരു മുഖ്യ മന്ത്രിക്കും കഴിയില്ല എന്നതും സത്യം.  പക്ഷെ മുഖ്യ മന്ത്രി നിർബന്ധമായും വായിച്ചിരിക്കേണ്ട കത്തുകൾ കണ്ടെത്താൻ കഴിയുന്ന ഉദ്യോഗസ്ഥർ സൗത്ത് സാൻഡ് വിച്ച് ബ്ലോക്കിൽ കൂടെയില്ല എന്നതു കൊണ്ടാണ് മുഖ്യ മന്ത്രിക്ക് ലോക മാതൃകകൾ അന്വേഷിച്ചു നടക്കേണ്ടി വരുന്നത്.  ഈ കുറിപ്പും അങ്ങേക്ക് അവഗണിക്കാം,  കാരണം മലയാളിക്ക് ഒരിക്കലും ആഗോള മാതൃകകൾ സൃഷ്ടിക്കാൻ കഴിയില്ല എന്നതാണല്ലോ നമ്മുടെ അടിസ്ഥാന ചിന്ത. അതു തന്നെയാണ് നമ്മുടെ തലയിലെഴുത്തും !

Share This:

2 thoughts on “മുഖ്യൻറെ പുതിയൊരുപദേശക കസേരക്ക് കൂടി ചിന്തേരിട്ടു തുടങ്ങി!

  1. കേരളത്തിലെ മെച്ചപ്പെട്ട മാലിന്യ സംസ്കരണരീതികൾ ഞാൻ കാട്ടിക്കൊടുക്കാം. ഉപദേശകനാക്കുമോ?

Leave a Reply

Your email address will not be published.