വിഴിഞ്ഞം ചവറിനു ആലപ്പുഴ കയറിന്റെ വിലപോലുമില്ല !

കയറിനോടും ആലപ്പുഴക്കാരോടും ആദരവു തോന്നുകയാണ്.  ഡോ. തോമസ് ഐസക്കിനെ പോലെ  ഒരു ജനപ്രതിനിധിയെ ഞങ്ങൾക്ക് കിട്ടാതെ പോയതിൽ അല്പം അസൂയ ഇല്ലാതെയില്ല.  വരുന്ന ഒക്ടോബർ മാസം രണ്ടാം തിയതി തലസ്ഥാനത്തെ കോസ്റ്റൽ കളക്ടീവ് എന്ന സംഘടനയുടെ ഒരു പരിപാടിയിൽ ധനമന്ത്രിക്ക് പങ്കെടുക്കാൻ കഴിയുമോ എന്ന അന്വേഷണം ചെന്നു. പ്രയാസമാണ്,  മന്ത്രി ഒന്നാം തിയതി മുതൽ ആലപ്പുഴയിലാണ്.  കയർ എക്സിബിഷനുമായി ബന്ധപ്പെട്ട തിരക്കിലാണ്.  ഇനി പത്താം തിയതിയെ തലസ്ഥാനത്തെത്തു, മന്ത്രിയുടെ സെക്രട്ടറി വിശദീകരിച്ചു.  ടിവിയിൽ പ്രത്യക്ഷപ്പെട്ട് കയർ ഉൽപ്പന്നങ്ങൾ വാങ്ങാൻ മന്ത്രി നാട്ടുകാരോട് അഭ്യര്ഥിക്കുന്നതും ഈ ദിവസങ്ങളിൽ കണ്ടു.  ഒക്ടോബർ അഞ്ചാം തിയതി തുടങ്ങുന്ന ഒരു പരിപാടിയിൽ സാധാരണഗതിയിൽ ഒരു മന്ത്രി അന്നു രാവിലെ സ്ഥലത്തെത്തി മുഖം കാണിച്ചു മടങ്ങും.  ഇവിടെയിതാ വകുപ്പു മന്ത്രിയും സ്ഥലം എംഎൽഎയുമായ ആൾ  ആഴ്ചകൾക്കു മുമ്പു തന്നെ സംഭവ സ്ഥലത്തു ക്യാമ്പടിക്കുന്നു, സംഘാടകനാകുന്നു,  പരിപാടി അവസാനിപ്പിച്ചു വിളക്കണച്ചിട്ടേ  സ്ഥലം വിടൂ എന്നു തീരുമാനിക്കുന്നു.  അതാണ് ഐസക്കിനെ ഒരു ജനകീയ മന്ത്രിയാക്കുന്ന അദ്ദേഹത്തിന്റെ മാന്ത്രിക സമീപനം.   അദ്ദേഹത്തിന്റെ മായാജാലം അവിടെയും അവസ്സാനിക്കുന്നില്ല.  കേവലം ഈ കയർ വാങ്ങാൻ 50 രാജ്യങ്ങളിൽ നിന്നുള്ള 120 തോളം പ്രതിനിധികൾ എത്തുമെന്നവർ ഉറപ്പാക്കിക്കഴിഞ്ഞു.  ഈ കയർ മേള ഉദ്ഘാടനം ചെയ്യുന്ന നമ്മുടെ മുഖ്യ മന്ത്രിയുടെ മുൻപാകെ മാസങ്ങൾക്കു മുമ്പ് തന്നെ തലസ്ഥാനത്തെ കുറച്ചു വിവര ദോഷികൾ ഒരു നിവേദനം സമർപ്പിച്ചിരുന്നു.  പൂർത്തിയായി വരുന്ന വിഴിഞ്ഞം മദർ പോർട്ട്‌ പദ്ധതിയുടെ പശ്ചാത്തലത്തിൽ ഒരാഗോള നിക്ഷേപക സംഗമം സംഘടിപ്പിക്കണം എന്നതായിരുന്നു  അഭ്യർത്ഥന.  ഈ വിവര ദോഷികൾക്കു അനുവദിച്ചുകിട്ടിയ നിരവധി അവകാശങ്ങളിൽ ഒരെണ്ണമെടുത്തു പയറ്റിയാൽ മുഖ്യ മന്ത്രിക്ക് നമ്മൾ നൽകിയ അപേക്ഷയുടെ യാത്രാപഥം കണ്ടെത്താൻ കഴിയും. അതനുസരിച്ചു അപേക്ഷ മാസങ്ങൾക്കു ശേഷം തുറമുഖ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഓഫീസിലെത്തിയതായി അറിയുന്നു.    അതു തെറ്റല്ലാത്ത സർക്കാർ തീരുമാനം തന്നെയാണ്,  കാരണം സർക്കാർ എന്തു ചെയ്യണമെങ്കിലും അതു ഫയലായി പുനർജനിക്കണം.  അതിനു വേണ്ടിയാവാം നിവേദനം അങ്ങോട്ടയച്ചതെന്നു വിവരദോഷികൾ കരുതിയിരുന്നു.  ഫയൽ നീക്കം തുടർന്നും നിരീക്ഷിച്ചപ്പോഴാണ് വിഴിഞ്ഞം വിഷയം സർക്കാരിന് ഇപ്പോഴും ഒരു ചവർ മാത്രമാണ് എന്നു ബോധ്യപ്പെട്ടത്.  തുറമുഖ വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറി നിവേദനം നേരെ എടുത്തു ഫിഷറീസ് സെക്രെട്ടറിക്കു കൊടുത്തു.  കുറ്റം പറയാൻ പാടില്ലല്ലോ,  വിഴിഞ്ഞം പശ്ചാത്തലത്തിൽ ഒരു ‘ഗ്ലോബൽ മാരിടൈം സമ്മിറ്റ്’ വിളിച്ചു കൂട്ടാനായിരുന്നു നിവേദനത്തിലെ അപേക്ഷ.  മാരിടൈം എന്നു കണ്ട പ്രിൻസിപ്പൽ സെക്രട്ടറി ഛടെന്ന് അതെടുത്തു മറൈൻ വിഭാഗത്തിന് കൈമാറി തന്റെ കഴിവ് തെളിയിച്ചു!  കടലല്ലാതെ തുറമുഖങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ഫിഷറീസ് സെക്രട്ടറി ആ കടലാസ്സു കഷണം കഷണങ്ങളാക്കിയെറിഞ്ഞോ എന്നു മാത്രമാണ് ഇനിയറിയാനുള്ളത്.  കയറിനു വരെ നാഥനുള്ള ഈ നാട്ടിൽ വിഴിഞ്ഞം മാത്രം ഇങ്ങനെ വെയിൽ കാഞ്ഞു കിടക്കുന്നത്‌ എന്തു കൊണ്ടാണ് ? കാരണം വിഴിഞ്ഞത്തിന്റെ നാഥന്മാർക്കു പിടിപ്പതു പണി വേറെ കിടക്കുന്നു.  വിഴിഞ്ഞത്തിന്റെ എംപി  ഭാര്യയുടെ മരണത്തിന്റെ പേരിൽ കോടതി കയറിയിറങ്ങുമ്പോൾ വിഴിഞ്ഞം എം എൽ എ  കൂടുതൽ ‘ഭാര്യ’മാരെ പീഡിപ്പിക്കാനിറങ്ങിയതിന്റെ പേരിൽ അഴിയെണ്ണുന്നു.  യാതൊരു ചെലവുമില്ലാതെ സൗജന്യ കാമുക സേവനം നടത്തുന്നവർക്ക് വിഴിഞ്ഞവും അതിന്റെ വിലാപവും കേൾക്കാൻ എവിടെ നേരം ? അതുകൊണ്ടാണ് കയറിന്റെ വിലപോലുമില്ലാതെ വിഴിഞ്ഞം എന്ന വിഖ്യാത പദ്ധതി ഒരു ചവറു മാത്രമായി നാട്ടിൽ ഉണങ്ങിക്കിടക്കുന്നത്.  

Share This:

Leave a Reply

Your email address will not be published.