നാഗന്മാർ പത്തി താഴ്ത്തുമ്പോൾ തലയുയർത്തുന്നൊരാൾ !

വരുന്ന ക്രിസ്തുമസ്സ് നാളുകളിൽ വടക്കു കിഴക്കൻ ഇന്ത്യയിലെ നാഗന്മാർക്കു മനഃപരിവർത്തനമുണ്ടാകുമ്പോൾ ആഹ്ലാദിക്കുന്നൊരാൾ നമ്മുടെ ഇടയിലുണ്ട്.  പതിറ്റാണ്ടുകൾക്ക് മുമ്പു നാഗാലാൻഡ് മണ്ണിൽ പയറ്റിപ്പടയെടുത്ത  ഒരു ജീവിതത്തിന്റെ ഉടമയാണ് തലസ്ഥാനത്തെ ആൽബി ഡിക്രൂസ്.  രാജ്യത്തെ പ്രഥമ രാഷ്ട്രപതിയിൽ നിന്നും അശോക ചക്രം സ്വീകരിക്കുമ്പോൾ മംഗളം നേരാൻ സാക്ഷാൽ പ്രധാന മന്ത്രി ജവഹർ ലാൽ നെഹ്‌റു തന്നെ സന്നിഹിതനായിരുന്നു.  അപൂർവമായ അംഗീകാരങ്ങളും അഭിനന്ദനങ്ങളും ഏറ്റു വാങ്ങിയ ആൽബിയെ പിറന്ന നാടു പോലും വേണ്ടത്ര പരിഗണിച്ചില്ല. അതാണ് ആൽബിയുടെ വിധി വൈപരീത്യം ! അശോക ചക്ര നേടുന്ന ആദ്യ മലയാളി കൂടിയാണ് ആൽബി എന്നറിയുമ്പോഴാണ് ഒരു ജനത അദ്ദേഹത്തോട് കാട്ടിയ അവഗണനയുടെ ചിത്രം പൂർത്തിയാകുന്നത്.  1960കളിലെ പട്ടാളക്കഥകളിലെ ഒരേടിനു ആൽബി സാക്ഷിയായിരുന്നു. ഇന്ത്യൻ യൂണിയനിൽ താല്പര്യമില്ലാതിരുന്ന നാഗന്മാരെ മെരുക്കാൻ നിയോഗിക്കപ്പെട്ട ആസ്സാം റൈഫിൾസ് യൂണിറ്റിലെ  കമ്മ്യൂണിക്കേഷന്റെ ചുമതല ആൽബിക്കായിരുന്നു.  ഏകദേശം അൻപതോളം പട്ടാളക്കാരുടെ യൂണിറ്റിനെ അഞ്ഞൂറോളം വരുന്ന നാഗ പടയാളികൾ വളഞ്ഞു.  പടക്കോപ്പും വെടിമരുന്നുമൊക്കെ അവസ്സാനിക്കാറായി.  മണ്ണെണ്ണ തീർന്നതിനാൽ റേഡിയോ കമ്മ്യൂണിക്കേഷനും സാധ്യമല്ലാതായി. അല്പം അകലെ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ എടുത്തുകൊണ്ടുവരാൻ ചുമതലപ്പെട്ട ജവാൻമാർ ഭയപ്പെട്ടു,  കാരണം ബങ്കറിന്‌ ചുറ്റും നാഗന്മാരുടെ വെടിയൊച്ചകൾക്കു പുറമെ അമ്പുകളും മൂളിപ്പറക്കുകയായിരുന്നു.  തന്റേതല്ലാത്ത ദൗത്യം ആൽബി സ്വയം ഏറ്റെടുത്തു.  ഇരുട്ടിന്റെ മറവുപറ്റി ആൽബി ഒറ്റക്കു പോയി ഇന്ധന ബാരൽ ചുമന്നു കൊണ്ടു വന്നു.  താമസിയാതെ റേഡിയോ ബന്ധം പുനഃസ്ഥാപിക്കുകയും കൂടുതൽ ആയുധങ്ങൾ ആവശ്യപ്പെടുകയും ചെയ്തു.  വളരെപ്പെട്ടെന്നു തന്നെ ഹെലികോപ്റ്ററിൽ ആയുധങ്ങളെത്തി.  പക്ഷെ ആകാശത്തു നിന്ന് നിലത്തിട്ട രണ്ടു പെട്ടി ആയുധങ്ങളിൽ ഒരെണ്ണം ക്യാമ്പിനു പുറത്താണ് വീണത്.  രണ്ടു സാധ്യതകൾ അപ്പോൾ ആസാം റൈഫിൾസ് നേതൃത്വം തിരിച്ചറിഞ്ഞു.  ഒന്ന് അത്രയും ആയുധങ്ങൾ നഷ്ടപ്പെടാം,  രണ്ട്,  ആയുധങ്ങൾ നാഗാ ഗറില്ലകളുടെ കയ്യിൽ കിട്ടിയാൽ അവർ പട്ടാള ക്യാമ്പ് ചുട്ടെരിക്കും.  പക്ഷെ ധൈര്യമായി ആരു ചെന്നു ആയുധമെടുക്കും ? റേഡിയോ ഓഫീസറിനു ആയുധങ്ങളുടെ യാതൊരു ഉത്തരവാദിത്വമില്ല.  പക്ഷെ ആൽബി അല്ലാതെ മറ്റൊരാൾ ഈ ഓപ്പറേഷന് തയ്യാറുമല്ലായിരുന്നു.  തീ തുപ്പുന്ന നാഗാ ആക്രമണങ്ങൾക്കിടയിലൂടെ ആൽബി ആയുധത്തിനടുത്തെത്തി.  പക്ഷെ ഒറ്റക്കു എടുത്താൽ പൊങ്ങാവുന്നതിലും അധികമായിരുന്നു ഭാരം.  തോളിലെടുത്തും,  വലിച്ചും, ഇടക്ക് ഒന്ന് നടുവു നിവർത്തിയും ആൽബി വിജയകരമായി ദൗത്യം പൂർത്തിയാക്കി.  തീരെ ചെറിയ ഒരു കാര്യമാണ് താൻ നിർവഹിച്ചത് എന്നു കരുതിയതു പോലെയായിരുന്നില്ല സൈനീക മേധാവികൾ ഈ നടപടികളെ കണ്ടത്.  കാരണം അറുപതുകളിൽ ഒരു ഇന്ത്യൻ പട്ടാള ക്യാമ്പ് തകർക്കാൻ കഴിഞ്ഞിരുന്നെങ്കിൽ സ്വതന്ത്ര നാഗാലാൻഡ് എന്ന സ്വപ്നത്തിലേക്ക് അവർ കൂടുതൽ അടുക്കുമായിരുന്നു.  ഇന്ത്യക്കും ഒരു ദിവസം മുമ്പേ സ്വാതന്ത്ര്യം പ്രഖ്യാപിച്ച നാഗന്മാർ സ്വതന്ത്ര നാഗാലാ‌ൻഡ് എന്ന ഉറപ്പു 1929 ൽ  തന്നെ ബ്രിട്ടീഷുകാരിൽ നിന്നും വാങ്ങിയിരുന്നു.  ഇന്നത്തെ മണിപ്പൂരിലും ആസ്സാമിലും അരുണാചൽ പ്രദേശിലും ബർമ്മയിലുമായി പരന്നു കിടക്കുന്ന പഴയ ‘നാഗാ ഹിൽസ് ‘ ഒരുമിച്ചു കിട്ടുക എന്നതായിരുന്നു അവരുടെ നൂറ്റാണ്ടു പഴക്കമുള്ള ആവശ്യം.  ചൈനയുടെ കൂടി പിന്തുണയുള്ള ഈ ലക്ഷ്യത്തിലോട്ടു ഒരു പടി കൂടി  നീങ്ങാൻ കഴിയുമായിരുന്ന ആക്രമണത്തെയാണ് വെറുമൊരു റേഡിയോ ഓഫീസറായ ആൽബിയുടെ സമയോചിതമായ നടപടികളിലൂടെ സൈന്യം തകർത്തത്.  ഒരു ‘ സ്വതന്ത്ര നാഗരാജ്യ’ മായി മാറി ഇന്നത്തെ പാക്കിസ്ഥാൻ നൽകുന്ന തലവേദനകൾ പോലെ മറ്റൊരെണ്ണം രാജ്യത്തിന്റെ കിഴക്കു വശത്തും രൂപം കൊടുക്കുന്നതിൽ നിന്നും ഒഴിവാക്കിയതിൽ നിർണ്ണായക പങ്കു വഹിച്ച ഒരു ഭടൻ എന്നതു കൊണ്ടു കൂടിയാണ് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ആൽബിയെ ആദരിക്കാൻ സന്നിഹിതാരായത്.  അഞ്ചു പതിറ്റാണ്ടിനിപ്പുറം നാഗാ നേതൃത്വം ഒത്തു തീർപ്പിന്റെ പാതയിൽ വന്നു കഴിഞ്ഞു.  മാസങ്ങൾക്കു മുമ്പു പ്രധാന മന്ത്രിയുമായി അവർ സമവായത്തിന്റെ കൈ കൊടുത്തു കഴിഞ്ഞു.  അതിനിടക്കാണ് 2017 ഡിസംബറിനുള്ളിൽ പൂർണ്ണമായ രമ്യപ്പെടൽ പ്രതീക്ഷിക്കുന്നതായി എൻ എസ്‌ സി എൻ (ഐ എം )വിഭാഗം നേതൃത്വം സൂചന നൽകിയത്.    ആൽബി ഡിക്രൂസിന് അഭിമാനത്തോടെ തല ഉയർത്തി നിൽക്കാം. ജീവിതം പകരം നൽകാൻ തയ്യാറായ പട്ടാള സേവനത്തിലൂടെ തങ്ങൾ രാജ്യത്തിന്റെ ഭാവി മാറ്റി വരച്ചു എന്നൊക്കെയുള്ള വലിയ  ചിന്തകളൊന്നും ഇല്ലാതെ ആൽബി തന്റെ കൊച്ചു  വാർധക്യ ജീവിതം തലസ്ഥാനത്തെ ചെറിയതുറ തീരദേശത്തു കഴിച്ചു കൂട്ടുന്നു. എന്നാൽ ആൽബിയുടെ ധീര കഥകൾ പൊതു സമൂഹത്തിൽ എത്തിക്കാനും അദ്ദേഹത്തിന് അവകാശപ്പെട്ട ആദരവും അംഗീകാരംഗങ്ങളും തിരികെ നൽകാനും ‘കോസ്റ്റൽ കളക്ടീവ്’ എന്ന സംഘടന മുന്നോട്ടു വരുന്നു.  സംസ്ഥാനത്തെ ആദ്യ അശോക ചക്ര ജേതാവിനു യോജിച്ച രീതിയിലുള്ള പൗര സ്വീകരണം നൽകാനുള്ള തയ്യാറെടുപ്പുകൾ കൺവീനർ എം.  പോളിന്റെ നേതൃത്വത്തിൽ തുടങ്ങിക്കഴിഞ്ഞു.  ഈ ധീര ദേശാഭിമാനിയെ ആദരിക്കുന്ന പരിപാടിയുമായി സഹകരിക്കാൻ കഴിയുന്നവർ + 91 7012871159 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. 

Share This:

Leave a Reply

Your email address will not be published.