മൃത്യുഞ്ജയത്തിനൊരു മറുകുറി തരാമോ സുരേന്ദ്ര?!

പലരും മറന്ന ഒരു കുറിമാനത്തിന്റെ ഓർമ്മപ്പെടുത്തലാണിത്, സൗജന്യ മൃത്യുഞ്ജയ ഹോമ ഓഫർ നൽകിയ സംഘി സർവ്വാധി കാര്യക്കാരോടാണ് അഭ്യർത്ഥന.  തല എന്തായാലും തെറിക്കുമെന്നുറപ്പായ സ്ഥിതിക്ക് ചെറിയ ഒരു കാര്യം കൂടി ചെയ്തിട്ടു പോകാമെന്നു നിരീച്ചു.  കഴിഞ്ഞ പത്തു മുപ്പതു കൊല്ലക്കാലം വായും പേനയും മാറി മാറി ഉന്തി നടന്നതു കാരണം നാട്ടിൽ ഒരെഴായിരം കോടി രൂപയുടെ പോർട്ട്‌ പദ്ധതി കൊണ്ടുവരുന്നതിൽ വളരെ ചെറിയ ഒരു പങ്കു വഹിക്കാൻ കഴിഞ്ഞെന്നു വിശ്വസിക്കുന്ന ഒരു കൂലി എഴുത്തു തൊഴിലാളിയാണ് ഇതെഴുതുന്നത്.  ഏഴായിരം കോടിക്കു വേണ്ടി മുപ്പതു കൊല്ലം പാഴാക്കി എന്നു വിഷമിച്ചു കോട്ടുവായിട്ടിരിക്കുമ്പോഴാണ് സുരേന്ദ്രൻ വക ഒരു ബഡാ ഓഫർ വരുന്നത്.  നാട്ടിൽ ഒരു മുപ്പതിനായിരം കോടിയുടെ കറുകറുത്ത നിധിയുണ്ടത്രേ ! പണ്ട് കുതിരവട്ടം പപ്പു പറഞ്ഞതു പോലെ ദാ ഇപ്പൊ പിടിച്ചെടുത്തു തരാം എന്നായി സുരേന്ദ്ര ബഡായി.  മേല്പടിയാനെ ഇതുവരെ മനസ്സിലായില്ലെങ്കിൽ 2016 ലെ ഒരു റിപ്പോർട്ടു വായിച്ചു കൊണ്ടു കഥ തുടരാം – “സംസ്ഥാന സഹകരണ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപത്തെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ കേന്ദ്ര ധനമന്ത്രി,  റിസേർവ് ബാങ്ക് ഗവർണ്ണർ,  ആദായ നികുതി കമ്മീഷനർ എന്നിവർക്ക് കത്തു നൽകി.  കേരളത്തിലെ സഹകരണ ബാങ്കുകളിലായി ഏകദേശം 30, 000 കോടി രൂപയുടെ കള്ളപ്പണ നിക്ഷേപമുണ്ട്. ”  ഇതു കണ്ടെത്താനുള്ള സംഘി -കേന്ദ്ര നീക്കത്തിന്റെ ഫലമറിയാൻ തലയ്ക്കു വില പറയപ്പെട്ട കൂലി എഴുത്തുകാരിൽ പലരും കാത്തിരുന്നു.  കാരണം നിധി കണ്ടെത്തിയാൽ തെരഞ്ഞെടുപ്പു കാലത്തു വാഗ്ദാനം ചെയ്ത 15 ലച്ചത്തിനു പുറമെ ഓരോ എരപ്പാളിക്കും പതിനായിരം ഉലുവ കൂടി കിട്ടുമല്ലോ എന്ന ആഹ്ലാദം ! അന്വേഷണം ആവശ്യപ്പെട്ടു മാസങ്ങൾ കഴിഞ്ഞിട്ടും സുരേന്ദ്ര മൗനം അവസ്സാനിക്കാത്തതു കാരണം കൂലി എഴുത്തുകാരൻ തന്റെ നിലക്ക് ഒരന്വേഷണം ആരംഭിച്ചു. 30, 000 കോടിയുടെ കള്ളപ്പണം കണ്ടെത്തണമെന്നുള്ള കെ. സുരേന്ദ്ര തിരുവടികളുടെ അപേക്ഷയെങ്ങാനും അവിടെ കിട്ടിയോ എന്നു കേന്ദ്ര ധന മന്ത്രാലയം,  ആദായ നികുതി വകുപ്പു എന്നിവർക്ക് കത്തയച്ചു കാത്തിരുന്നു. പഴയ എസ്എസ്എൽസി പരീക്ഷ പോലെ മാർച്ചിലെഴുതിയ കത്തിന് സെപ്റ്റംബർ വരെ കാത്തിരിക്കേണ്ടി വന്നതാണ് കേന്ദ്രത്തിന്റെ മിനിമം ഗവണ്മെന്റ് മാക്സിമം ഗവേര്ണൻസ്  ഡിജിറ്റൽ മറിമായം ! സംഘി സംഘ ബോധം വസ്തുതകൾ വലിച്ചു നീട്ടാനോ മറച്ചു വക്കാനോ ശ്രമിച്ചു എന്നു നിസ്സംശയം പറയാം.  നിരന്തരമായ ഓർമ്മപ്പെടുത്തലുകൾക്കൊടുവിൽ ആദായ നികുതി വകുപ്പിനു ഒരു വർഷത്തിനു ശേഷം 17. 3. 17 നു മറുപടി നൽകേണ്ടി വന്നു. സഹകരണ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപം അന്വേഷിക്കണമെന്നാവശ്യപ്പെടുന്ന കുഞ്ഞിരാമൻ മകൻ സുരേന്ദ്രൻ വക  യാതൊരപേക്ഷയും തങ്ങൾക്കു കിട്ടിയിട്ടില്ലെന്ന് പറയാൻ ആദായ നികുതി വകുപ്പു നിർബന്ധിതരായി.  അപ്പോഴും കേന്ദ്ര ധനമന്ത്രാലയം അവരുടെ ഒളിച്ചുകളി തുടർന്നുകൊണ്ടേയിരുന്നു.  തങ്ങളല്ല മറുപടി നൽകേണ്ടത്, അവനാണ് ഉത്തരവാദി എന്നൊക്കെയുള്ള ഒരുതരം ഗോസായി നമ്പരുകൾ പിന്നെയും ഒരു വർഷം തുടർന്നു.  ഒടുവിൽ 08. 09. 2017 ൽ വിവരാവകാശിയുടെ വിഫലമായിക്കൊണ്ടിരുന്ന അവകാശത്തിനു തീർപ്പു കല്പിക്കുമ്പോൾ കൂലി എഴുത്തുകാരന്റെ അപേക്ഷ പത്തു മാസം ഗർഭം ചുമന്നു കഴിഞ്ഞിരുന്നു. ഒടുവിൽ കേന്ദ്ര ധനകാര്യ മന്ത്രാലയവും സുരേന്ദ്രന്റെ ബില്യൺ ഡോളർ അപേക്ഷയുടെ ആധികാരികതയും സത്യസന്ധതയും തള്ളിക്കളയാൻ നിർബന്ധിതരായി.  ഇതാണ് മല പോലെ ഉറഞ്ഞു തുള്ളുന്ന മൃത്യു വീരന്മാരുടെ എലി പോലെയുള്ള വാലു ചുരുട്ടൽ.  എഴുത്തുകാരെ കാലപുരിക്കയക്കുന്നവർ,  പറയുന്ന കാര്യങ്ങളോട് അരക്കഴഞ്ച് ആത്മാർത്ഥതയെങ്കിലും കാണിക്കണം.  ലക്ഷങ്ങളും കോടികളും വാഗ്‌ദാനം ചെയ്യുന്ന കാപട്യങ്ങൾ അവസ്സാനിപ്പിച്ച് പറഞ്ഞ കാര്യങ്ങളെ കുറിച്ച്,  തലയെടുക്കുന്നതിനു  മുമ്പു ഒരു മറു കുറി തന്നു സഹായിക്കണമെന്ന് സർ സംഘ ചാലകങ്ങളെല്ലാവരോടുമായി അഭ്യർത്ഥിക്കുന്നു. 

Share This:

Leave a Reply

Your email address will not be published.