പിണറായി കണ്ണന്താനത്തെ കാണുമ്പോൾ നാട്ടുകാർ കാണുന്നത്‌ ?

മുഖ്യ മന്ത്രി പിണറായി വിജയൻ, കേന്ദ്ര മന്ത്രിയായി ചുമതലയേറ്റെടുത്ത അൽഫോൺസ് കണ്ണന്താനത്തെ നേരിൽക്കണ്ടഭിനന്ദിച്ചതിൽ അപാകത കാണുന്നവരുണ്ട്.  പക്ഷെ അത്‌ മുഖ്യ മന്ത്രി നടത്തിയ ഒരു ചെറിയ നയതന്ത്ര വിജയമായിട്ടു വേണം നമ്മൾ വിലയിരുത്താൻ .  കാരണം കണ്ണന്താനം, 2014 മുതൽ  ശൂന്യമായിക്കിടന്ന കേന്ദ്ര ക്യാബിനെറ്റിലെ കേരളത്തിന്റെ പ്രാധിനിത്യമാണ് നികത്തിയത്.  കേരളത്തെ സംബന്ധിച്ചിടത്തോളം രണ്ടു പ്രധാനപ്പെട്ട വകുപ്പുകളാണ് അദ്ദേഹം ഇനിയുള്ള നാളുകളിൽ കൈകാര്യം ചെയ്യാൻ പോകുന്നത്.  അതുകൊണ്ടു തന്നെ അദ്ദേഹത്തോട് മാത്രമല്ല കേന്ദ്ര സർക്കാരുമായും നല്ല ബന്ധം പുലർത്തേണ്ടത് നമ്മുടെ ആവശ്യമാണ്.  മുഖ്യ മന്ത്രി കണ്ണന്താനത്തെ കാണാതിരുന്നാലും അദ്ദേഹം പ്രധാന മന്ത്രി വിചാരിച്ചാൽ 2019 മേയ് മാസം വരെ മന്ത്രിയായി തുടരും.  അക്കാലത്തിനിടക്ക് സംസ്ഥാനത്തിനനുകൂലമായി പരമാവധി നേട്ടങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കന്നതാണ് അഭികാമ്യം..  രാഷ്ട്രീയ എതിർപ്പുകൾ തെരെഞ്ഞെടുപ്പോടു കൂടി അവസ്സാനിക്കുന്ന സമീപനത്തിലേക്കു ഇനിയെങ്കിലും നമ്മൾ കടന്നേ മതിയാകു. ഒരു കാലത്തു കേരളത്തിൽ നിന്നുള്ള  എട്ടു മന്ത്രിമാർ വരെ കേന്ദ്രം വാണിരുന്നു.  എന്നിട്ട്‌ ഡൽഹിയിൽ നിന്നു കൊണ്ടു വന്ന കുറെ കൊട്ടത്തേങ്ങകൾ നമ്മൾ കാണുകയും ചെയ്തു.  ആ പത്തു കൊല്ലം പോലൊരു രണ്ടു കൊല്ലം കൂടി പാഴാക്കണ്ട എന്നു തീരുമാനിച്ച മുഖ്യ മന്ത്രിയെ അഭിനന്ദിക്കുകയല്ലേ വേണ്ടത് ? ആ അഭിനന്ദനത്തിന് ഒരു ഐസിങ് കൂടി കിട്ടാവുന്ന കാര്യമാണ് ഇവിടെ പറയാനുള്ളത്.  ഡൽഹിയിലെ ഒരു ഐസിങ് കച്ചവടത്തിന്റെ കഥ കഴിഞ്ഞ ദിവസം മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു.  ഡിഎൽഎഫ് പ്രോപ്പർട്ടി മുതലാളിയുടെ മകൾ വെറും 477 കോടി രൂപ കൊടുത്തു വാങ്ങിയ ഒരു വീടിന്റെ കഥ !  ഒരു ച. മീറ്റർ മണ്ണിന് ഡൽഹിയിലെ വില 6.36 ലക്ഷം രൂപ.  കാശുള്ളവർ വീട്‌ വക്കും,  വാങ്ങും അതിൽ നമ്മളെപ്പോലുള്ളവർക്കെന്താണ്‌ കാര്യം എന്നതായിരിക്കാം ശരാശരി മലയാളിയുടെ ചിന്ത.  പക്ഷെ കാര്യങ്ങളുടെ കിടപ്പ് അങ്ങനെയല്ല. മുഖ്യ മന്ത്രിയുടെയും കേന്ദ്ര മന്ത്രിയുടെയും ഈ ബന്ധം കേരളീയർക്ക് പുതിയ പല കാര്യങ്ങളും നേടിത്തരാൻ പര്യാപ്തമായേക്കാം.  കാരണം കേരളത്തിന് ഡൽഹിയിൽ അപൂർവമായ ഒരു സ്വത്തുണ്ട്.  മറ്റു പല സംസ്ഥാനങ്ങൾക്കും അവകാശപ്പെടാൻ കഴിയാത്ത പൈതൃക മണ്ണ് !ഡിഎൽഎഫ് മുതലാളി നടത്തിയ കച്ചവടത്തിന്റെ തോതു വച്ചു നോക്കിയാൽ പത്തായിരത്തി അഞ്ഞൂറ് കോടി രൂപ വിലപിടിപ്പുള്ള നാലേക്കറോളം  ആസ്തിയുടെ ഉടമകളാണ്‌ കേരളീയർ.  പക്ഷെ പറഞ്ഞിട്ടെന്താ കാര്യം ? കാര്യമായ കച്ചവട നിർമ്മാണ സാധ്യതകൾ അനുവദിക്കാത്ത ലുട്ടീൻസ് ബംഗ്ളാവ് സോണിലാണ് ഈ ഭൂമിയുടെ കിടപ്പ്.  അവിടെയാണ് ഡൽഹിയുടെ ഭൂമിശാസ്ത്രം അരിച്ചു പെറുക്കിയ കണ്ണന്താനത്തിന്റെ പ്രസക്തി.  പൂർവ്വാശ്രമത്തിൽ കണ്ണന്താനം ഒരു കിടു കിടു പുലിയായിരുന്നു.  ഡൽഹി ഡെവലപ്മെന്റ് അതോറിറ്റിയുടെ കമ്മീഷണർ ആയിരുന്ന കാലത്തു അനധികൃത നിർമ്മാണ ലോബിയെ തകർത്തു തരിപ്പണമാക്കിയ ഒരു ചരിത്രം അത്ര പെട്ടെന്ന് മറക്കാൻ കഴിയില്ല. ഡൽഹിയെ വൃത്തിയാക്കാൻ നടത്തിയ ആ ശ്രമങ്ങൾ ലോക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അങ്ങനെയൊരാൾ ഡൽഹിയിലെ കണ്ണായ സ്ഥലത്തു വീണ്ടുമെത്തുമ്പോൾ അത്‌ ഫലപ്രദമായി ഉപയോഗപ്പെടുത്തേണ്ടത് നമ്മുടെ കടമയാണ്.  സംസ്ഥാന താല്പര്യം മുൻ നിർത്തി കേന്ദ്ര -ഡൽഹി സർക്കാരുകളിൽ നിന്ന്‌ ഇളവുകൾ നേടിയെടുത്താൽ നാലേക്കർ ഭൂമി നാഴിയിടങ്ങഴി മണ്ണെന്ന പഴയ കഥ മാറും.  അങ്ങനെ വരുമ്പോൾ ആ മണ്ണ് കേരളത്തിന്റെ ഭാവി തിരുത്തിക്കുറിക്കുന്ന ഡൽഹിയിലെ തട്ടകമായി മാറും.  അതുകൊണ്ടു കേന്ദ്ര മന്ത്രിയെ മുന്നിൽ നിർത്തിക്കൊണ്ടുള്ള പല പരിപാടികൾക്കും കേരളം തുടക്കം കുറിക്കണം. 

Share This:

Leave a Reply

Your email address will not be published.