അവഗനയെ, നിന്റെ പേരോ തലസ്ഥാനം ?

ജുഡീഷ്യൽ കമ്മീഷൻ മാത്രമല്ല വേണ്ടി വന്നാൽ ഈ സർക്കാരുകൾ വിഴിഞ്ഞം പദ്ധതി തന്നെ കൊച്ചിയിലോട്ടു പൊക്കിയെടുത്തു കൊണ്ടു പോയെന്നിരിക്കും. അത്രക്കാണ് ഭരിക്കുന്നവരുടെ കൊച്ചി പ്രേമം ! ഇതു പിള്ളാരുടെ സോഷ്യൽ മീഡിയയിലെ കൊച്ചി -തിരുവനന്തപുരം തര്ക്കമില്ല.  കൊച്ചിയിൽ അർഹമായ കാര്യങ്ങൾ ആരംഭിക്കുന്നതിന് ഇവിടെയാരും എതിരല്ല.  എന്നാൽ തിരുവനന്തപുരത്തു മാത്രം ഇരുന്നു ചെയ്യേണ്ട ഒരു കാര്യം പോലും കൊച്ചിയിൽ ഇരുന്നാലേ ചെയ്യാൻ പറ്റൂ എന്നു ചിലർ വാശി പിടിക്കുന്നത് തലസ്ഥാനത്തേയും തലസ്ഥാന വാസികളെയും താഴ്ത്തിക്കെട്ടാനല്ലാതെ പിന്നെയെന്തിനാണ് ? അന്വേഷണ കമ്മീഷൻ കൊച്ചിയിൽ ഇരുന്നാൽ അന്വേഷണ കാലം മുഴുവൻ ഹാജരാകേണ്ടി വരുന്ന ഒരാൾ കൊച്ചിയിൽ ഉള്ളതുകൊണ്ടാണോ, അതോ  മേൽപ്പടിയാന്റെ സൗകര്യത്തിനു വേണ്ടിയാണോ കമ്മീഷന്റെ ആസ്ഥാനം കൊച്ചിയിലാക്കിയത് എന്നു സർക്കാർ വ്യക്തമാക്കണം.  മുഖ്യ പ്രതിയുടെ സൗകര്യത്തിനു വേണ്ടി ഒത്താശ ചെയ്തു കൊടുക്കുന്ന സർക്കാർ മറ്റു പ്രതികളുടെയോ വാദികളുടെയോ എണ്ണമോ സൗകര്യമോ പരിഗണിച്ചില്ല.  വിഴിഞ്ഞം അഴിമതി വിഷയത്തിൽ ഏറ്റവും കൂടുതൽ തെളിവു നിരത്താൻ കഴിയുന്നവരെല്ലാം തലസ്ഥാനത്താണ് ഉള്ളത്.  പദ്ധതി പ്രദേശം,  അഴിമതിയുടെ ഗൂഡാലോചന നടന്നയിടം,  ഗൂഡാലോചന നടത്തിയ ഭൂരിപക്ഷം വ്യക്തികളുടെ ആസ്ഥാനം, അന്വേഷണം നടത്തിയ സിഎജി യുടെ ആസ്ഥാനം  എന്നിവയൊക്കെ തലസ്ഥാനമായിരിക്കെയാണ് അന്വേഷണം കൊച്ചിയിൽ നടക്കുന്നത്.  അന്വേഷണം തന്നെ അട്ടിമറിക്കാനാണോ സർക്കാർ ഇത്തരത്തിൽ ഒരു തീരുമാനം കൈക്കൊണ്ടത് എന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നു.  കാരണം തെളിവു നിരത്തേണ്ടവർ സ്വന്തം ചെലവിൽ എത്രത്തോളം ഇതിനൊക്കെ ഇറങ്ങിപ്പുറപ്പെടും എന്നു കാണേണ്ടിയിരിക്കുന്നു. ഇനി ആരെങ്കിലുമൊക്കെ പോയാൽ തന്നെ അവരെല്ലാം സർക്കാർ ഉദ്യോഗസ്ഥരുമായിരിക്കും.  അവരുടെ പോക്കുവരവും ചെലവും നാട്ടുകാരുടെ ജിഎസ്ടിയിൽ തട്ടിക്കഴിക്കും.  അതായത് അഴിമതിക്കാർ പിന്നെയും നാട്ടുകാരെ പീഡിപ്പിക്കുന്ന പുഷ്കര കാലം.  സർവീസ് തീർന്നതിന്റെ പേരിൽ ഇനി സർക്കാർ ചെലവ് വഹിച്ചില്ലെങ്കിൽ അത്തരക്കാരും കമ്മീഷൻ മുമ്പാകെ ഹാജരാകണമെന്നില്ല.    ചുരുക്കത്തിൽ അത്തരക്കാരെയെല്ലാം ഒഴിവാക്കി തട്ടിക്കൂട്ടുന്ന ഒരന്വേഷണക്കമ്മീഷന്റെ റിപ്പോർട്ടിന് എന്താണ് പ്രസക്തി ? വാസ്തവത്തിൽ ഇതും മറ്റൊരഴിമതിയല്ലേ ? അതെന്തായാലും അടുത്തൂൺ പറ്റിയ ഒരാളുടെ സൗകര്യത്തിനും സമ്മർദ്ദത്തിനും വഴങ്ങി സർക്കാർ കൈക്കൊണ്ട തീരുമാനം തലസ്ഥാനത്തെ അപമാനിക്കുന്നതിനു തുല്യം തന്നെയാണ്.  ഈ അപമാനം ഇവിടം കൊണ്ടും തീരുന്നില്ല.  ഇതു ഏറ്റവും ഒടുവിലത്തെ ഒരു സർക്കാർ വിലാസം പരസ്യമാണ്.  നാട്ടുകാർക്ക് തൊഴിൽ പരിശീലനം നൽകുന്ന പാർക്കുകൾ എറണാകുളം,  കാസർഗോഡ്,  കൊല്ലം,  മലപ്പുറം,  പാലക്കാട്,  പത്തനംതിട്ട,  വയനാട് എന്നീ ജില്ലകളിൽ സ്ഥാപിക്കുന്നുണ്ട് എന്നു പറയുന്നിടത്തും തലസ്ഥാനമില്ല.  ഇന്ത്യയിലെ  തന്നെ ഏറ്റവും വലിയ പോർട്ടിന്റെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന നഗരത്തിലെ തെണ്ടികൾക്കു യാതൊരു പരിശീലനത്തിന്റെയും ആവശ്യമില്ലായെന്നു തീരുമാനിച്ചവരെ നമിക്കാതെ നിവൃത്തിയില്ല.  കൊടിപിടിക്കാനും സമരം ചെയ്തു നാറ്റിക്കാനും  മാത്രമായി കാണുന്ന തലസ്ഥാനത്തിന്റെ ശാപം ഇവിടുന്നു വോട്ടും വാങ്ങി ജയിച്ചു കയറിയെന്നഹങ്കരിക്കുന്ന കുറെ എഭ്യന്മാരാണ്.  

Share This:

Leave a Reply

Your email address will not be published.