അനുഭവ സാക്ഷിയും തോട്ടി മുതലും

ഒരു 37 കാരന് ‘വെളിപാടിന്റെ പുസ്തകം’ തുറന്നു കിട്ടാൻ പത്തു കൊല്ലമെടുത്തു എന്നു മാത്രമല്ല കടലേഴും കടക്കേണ്ടിയും വന്നു.  ഒടുവിൽ അമേരിക്കയിലെ പ്രിൻസ്റ്റൻ സർവ്വകലാശാല വിദ്യാർത്ഥികളുടെ മുമ്പിൽ മനസ്സു തുറക്കുമ്പോൾ അദ്ദേഹം കിരീടം നഷ്ടപ്പെട്ട ‘രാഹുൽ കുമാരൻ’ മാത്രമായി ചുരുങ്ങിപ്പോയി. കഴിഞ്ഞ പത്തെഴുപതു കൊല്ലക്കാലത്തെ ഇന്ത്യാ ഭരണ ചരിത്രത്തിൽ അപൂർവമായി ലഭിച്ച ഒരൊഴിവു കാലത്തു രാഹുൽ കുമാരന് ബോധോദയമുണ്ടായി.  2014 ൽ കേന്ദ്ര കോൺഗ്രസ്‌ ഭരണകൂടത്തിനുണ്ടായ തകർച്ചക്ക് കാരണം കണ്ടെത്താൻ രാഹുൽ കുമാരന് മൂന്നു കൊല്ലത്തിൽ അധികം വേണ്ടി വന്നു എന്നു മാത്രമല്ല കടലും കടക്കേണ്ടി വന്നു.  സർവ്വകലാശാലയിലെ പുതു തലമുറയോട് രാഹുൽ കുമാരൻ മൊഴിഞ്ഞ ചില മൊഴി മുത്തുകൾ ചില്ലിട്ടു സൂക്ഷിക്കേണ്ടത് തന്നെയാണ്. “നാട്ടിൽ ആവശ്യത്തിനു തൊഴിലവസരങ്ങൾ സൃഷ്ട്ടിക്കാതിരുന്നതാണ്‌ 2014 ലെ  യുപിഎ സർക്കാറിന്റെ പരാജയ കാരണം ”  അപ്പോൾ സർക്കാരുകൾ അധികാരത്തിൽ വരുന്നതിന്റെ ആവശ്യകത,  അല്ലെങ്കിൽ പൊതുജനമെന്ന മരക്കഴുത ഒരു ഭരണകൂടത്തിൽ നിന്ന്‌ പ്രതീക്ഷിക്കുന്ന മിനിമം കലാപരിപാടി എന്താണ് എന്നൊക്കെ തിരിച്ചറിയാൻ 40 സീറ്റിൽ ഒതുങ്ങിയ ഒരു പടുകൂറ്റൻ പരാജയം വേണ്ടി വന്നു എന്നിടത്താണ്‌ രാഹുൽ കുമാരന് ബോധോദയം ഉണ്ടാകുന്നത്.  നാട്ടുകാർക്ക് തൊഴിൽ കൊടുത്തില്ല എന്നതു പോകട്ടെ,  അവന്റെ നികുതിപ്പണം കട്ടു കൊള്ളയടിക്കാൻ അനുവദിച്ചു കൊടുക്കുകയോ കൂട്ടു നിൽക്കുകയോ ചെയ്തത് കൂടിയായിരുന്നില്ലേ കഴിഞ്ഞ ഒരു പതിറ്റാണ്ടു കാലത്തെ ‘പാവ ഭരണം’? അതുകൊണ്ടെന്തു സംഭവിച്ചു ? ദാരിദ്ര്യവും പട്ടിണിയുമായിരുന്നു നാട്ടിലെ മുഖ്യ വിഷയമെങ്കിലും അടുത്ത വീട്ടുകാരന്റെ അന്തിക്കഞ്ഞിയുടെ കൂട്ടെന്തു എന്നന്വേഷിക്കുന്ന അളിഞ്ഞു നാറിയ ചാരക്കണ്ണുകൾ ഇന്നാട്ടിലില്ലായിരുന്നു.  ഉണ്ടായിരുന്നെങ്കിലും ഇത്രയും ക്രൂരതയോടെ അയൽക്കാരന്റെ സ്വാതത്ര്യത്തിനുമേൽ കടന്നുകയറാൻ ആരും ധൈര്യപ്പെട്ടിരുന്നില്ല.  അങ്ങനെ ഒരു ധൈര്യം ചില സംഘികൾക്ക് പകർന്നു നൽകിയതാണ് മഹത്തായ ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ ഇന്നത്തെ കെട്ടുകാഴ്ച  ഇന്നാട്ടുകാരോട് ചെയ്ത ഏറ്റവും വലിയ ദ്രോഹം.  ‘ആണ്ടിമുത്തു രാജാ’വിനെ പോലുള്ളവർ നടത്തിയ കടൽക്കൊള്ളയൊക്കെ അതിനേക്കാൾ താഴയെ നില്ക്കു.  സ്വന്തം അയൽക്കാരനെ പകയോടെ നോക്കുകയും ഭീതിയോടെ കാണുകയും ചെയ്യുന്ന ഒരു സാമൂഹ്യ വ്യവസ്ഥയിൽ എന്തു നേട്ടങ്ങൾ ഉണ്ടാക്കാനാണ് മോദി ഭരണകൂടം ശ്രമിക്കുന്നത് ?  ഭരണകൂടം ബോധപൂർവം സൃഷ്ടിക്കുന്ന ആ ഭീതി മറച്ചു വക്കാനാണ് ഭരണ നേതൃത്വത്തെ പുണ്ണ്യവാളനായി ചിത്രീകരിക്കാൻ ചിലർ ഇടയ്ക്കിടയ്ക്ക് ശ്രമിക്കുന്നത്.  ആ വാഴ്ത്തിപ്പാടലിന്റെ നിരയിലെ ഏറ്റവും ഒടുവിലത്തെ അപ്പോസ്‌തലനാണ് അൽഫോൺസ് കണ്ണന്താനം.  ഏറ്റവും വിശ്വസ്തനായ കുഴലൂത്തു ഭക്തൻ ഇതാ എത്തിപ്പോയേ എന്ന മട്ടിൽ ഇതിഹാസ മാനമുള്ള സ്തുതി ഗീതങ്ങളുമായാണ് പുള്ളിക്കാരന്റെ തുടക്കം.  യേശു ക്രിസ്തു ചെയ്ത കാര്യങ്ങൾക്കു തുല്യമായ കാര്യങ്ങളാണത്രെ സാക്ഷാൽ മോദി ചെയ്യുന്നത് ! ആറു വർഷക്കാലം പുരോഹിതനാകാൻ പഠിച്ച കണ്ണന്താനത്തോട് യേശു ക്രിസ്തു ആരാണെന്നു ഞാൻ പഠിപ്പിച്ചു കൊടുക്കേണ്ട കാര്യമില്ല.  എന്തായാലും ഞാൻ മനസ്സിലാക്കിയ യേശു ക്രിസ്തു ആരുടേയും ഭ്രൂണം ശൂലം കൊണ്ടു കുത്തിക്കീറിയില്ല,  ആരുടേയും നെറ്റിയിൽ നിറയൊഴിച്ചില്ല,  ഒരിറച്ചി വ്യാപാരിയെയും വെട്ടിക്കൊന്നില്ല,  കുടുംബത്തോടെ ആരെയും വണ്ടിക്കകത്തിട്ടു  ചുട്ടുകൊന്നില്ല. ബീഫ് കഴിച്ചവനെയൊന്നും ഓടിച്ചിട്ടടിച്ചില്ല.   ഇനി അതല്ല, ഇതൊക്കെയായിരുന്നു യേശു ക്രിസ്തു എന്നാണോ ഇoഫാൽ -കോഹീമ സെമിനാരിക്കാലത്തു കണ്ണന്താനം  പഠിച്ചു മനസ്സിലാക്കിയത്. (ഈ സെമിനാരി പഠനത്തിന്റെ സത്യാവസ്ഥ അറിയാൻ വേണ്ടി കണ്ണന്താനത്തിനയച്ച ഈ മെയിലിനു ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നത്‌ വരെ മറുപടി കിട്ടിയിട്ടില്ല )  ഇനി അതല്ല,  ശ്രീനാരായണ ഗുരു പണ്ട് ഈഴവ ശിവനെ പ്രതിഷ്ഠിച്ചതു പോലെ വേണമെങ്കിൽ കണ്ണന്താനന്തിന് ഒരു സംഘി ക്രിസ്തുവിനെയും സൃഷ്ടിക്കാം.  കാരണം ലോകം തന്നെ മാറ്റിമറിക്കാനായി പിറവിയെടുത്തവനാണല്ലോ ഈ മണിമലയാറ്റുകാരൻ ? അത്രയും വലിയ ഒരു ചരിത്ര ദൗത്യം ഏറ്റെടുത്തിരിക്കുന്ന ഒരാൾ കവലകൾ തോറും കക്കൂസ് പണിയലാണ് സർക്കാറിന്റെ ലക്ഷ്യമെന്നൊക്കെ പറയുമ്പോൾ പാവം തോട്ടികൾ പോലും ആശ്ചര്യപ്പെട്ടുപോകും.  കാരണം അവരുടെ ‘മുതലി’നു വേണ്ടിയാണല്ലോ ഒരു സർക്കാർ മത്സരിക്കുന്നത്.  അതിന്റെ അർത്ഥം ഈ സർക്കാരും പഴയ കിരീടം നഷ്ടപ്പെട്ട രാഹുൽ കുമാരന്റെ അവസ്ഥയിൽ തന്നെയാണ് എന്നു വിളിച്ചു പറയുന്നു.  കണ്ണന്താനം കുറേക്കാലം സാമ്പത്തീക ശാസ്ത്രമൊക്കെ പഠിച്ചതല്ലേ ? ആറു പതിറ്റാണ്ടുകാലം ‘റോട്ടി കൈപ്പട ഓർ മക്കാൻ’ പറഞ്ഞു നടന്നതല്ലാതെ കാര്യമായി ഒന്നും ചെയ്യാതിരുന്നതു കൊണ്ടാണ് വിദേശ രാജ്യങ്ങളിൽ കറങ്ങി നടക്കാൻ രാഹുൽ കുമാരന് ഇപ്പോൾ ഇഷ്ട്ടം പോലെ സമയം കിട്ടുന്നത്‌.  ‘തോട്ടി മുതൽ’ അടിച്ചു മാറ്റി നാലു കുറ്റിയടിച്ചു കുടിയിരുത്തുന്നതാണോ നിങ്ങൾ സെമിനാരിയിലും മുസുറിയിലും പഠിച്ച സാമ്പത്തീക വിമോചന ദൈവ ശാസ്ത്രം ? രാഹുൽ കുമാരന് വെളിപാടുണ്ടാകാൻ 47 കൊല്ലമെടുത്തെങ്കിൽ നിങ്ങൾക്കെത്ര കൊല്ലം വേണമെന്ന് നിങ്ങൾ തീരുമാനിക്കുക.  അപ്പോഴും ഒരു ചോദ്യം നിങ്ങളുടെ സെമിനാരി മനസ്സിനു മുമ്പിൽ ഉയർന്നു നിൽക്കും – രാജ്യം മുഴുവൻ നേടിയാലും നിന്റെ അയൽക്കാരനെ നഷ്ടപ്പെട്ടാൽ അതുകൊണ്ടെന്തു പ്രയോജനം ?  

Share This:

3 thoughts on “അനുഭവ സാക്ഷിയും തോട്ടി മുതലും

  1. ഭാരതം മുഴുവൻ കക്കൂസ് പണിത് കുടിവെള്ളം മലിനമാക്കാം. കുപ്പിവെള്ളക്കച്ചവടം ലക്ഷ്യമിട്ടാണോ കണ്ണന്താനം കക്കൂസ് പ്രചാരകനാകുന്നത്? പെട്രോൾ വില കൂടിയാൽ ലിവിംങ് ഇൻഡക്സിന്റെ നേട്ടം കൗയ്യുന്നവർ പങ്കിട്ടെടുക്കും. എനിക്കും കിട്ടും അതിലൊരു പങ്ക്. ഭരണം മാറിയാൽ കണ്ണന്താനവും മാറും പർട്ടി. എം.എൽ.എ ആയി ലഭിക്കുന്ന ശമ്പളം കുറഞ്ഞുപോയി എന്നു പറഞ്ഞ ആൾക്ക് കേന്ദ്ര മന്ത്രി സ്ഥാനം സ്വർഗമാണ്.

Leave a Reply

Your email address will not be published.