നാടുകടത്തിയവരുടെ നാടകാഭാസങ്ങൾ !

അടിക്കുറിപ്പില്ലായിരുന്നെങ്കിൽ സോളാർ കമ്മീഷനു മുമ്പിലാവും ഉമ്മൻ ചാണ്ടിയുടെ ഈ നിൽപ്പെന്നു നമ്മൾ ഇപ്പോൾ കരുതും.  അത്രക്കാശ്വാസമാണ് സോളാർ റിപ്പോർട്ട് അദ്ദേഹത്തിന് ഇപ്പോൾ നൽകിയിരിക്കുന്നത്.  സ്വന്തം ഓഫീസു പോലും മര്യാദക്ക് നോക്കാൻ കഴിയാത്ത ഒരു മുഖ്യ മന്ത്രിയാണല്ലോ കഴിഞ്ഞ അഞ്ചു കൊല്ലക്കാലം കേരളം വാണത് എന്നോർക്കുമ്പോൾ ഇതുപോലെ എന്തൊക്കെ അപകടങ്ങൾ ആ കാലത്തു സംഭവിച്ചിരിക്കാം എന്നൊന്ന് ആലോചിച്ചു പോകുന്നു.  പക്ഷെ അതൊക്കെ മറന്നുള്ള മുൻ മുഖ്യൻറെ ഈ നിൽപ്പ് കാണുമ്പോൾ മറ്റു ചില കപട നാടകങ്ങളാണ് ഓർമ്മ വരുന്നത്.  സ്വദേശാഭിമാനിയെ നാടുകടത്തിയതിന്റെ ഓർമ്മയിൽ പുളകിതരാകുന്ന  ജനാധിപത്യ തമ്പുരാക്കന്മാർ ഈ സമയത്തു രാജഭരണ കിങ്കരന്മാരെ തെറി പറയുന്നുണ്ടെങ്കിൽ ഇനി പറയുന്ന കാര്യങ്ങൾക്കു കൂടി മറുപടി പറയണം. തൊണ്ണൂറുകളുടെ തുടക്കത്തിൽ നാടുകടത്തൽ ഭീഷണി നേരിട്ട നെത്തോലി വലിപ്പമുള്ള ഒരു മാധ്യമ സ്ഥാപനത്തിന്റെ പിടച്ചിൽ മേല്പറഞ്ഞ വരികളിലുണ്ട്.  എൻടിവി എന്ന എരണംകെട്ട സ്ഥാപനത്തിന് ഒരു കാലത്തു കേരളത്തിൽ പ്രവർത്തിക്കാൻ ഹൈക്കോടതിയുടെ ഇടപെടൽ വേണ്ടി വന്നു എന്നിടത്താണ് സ്വദേശാഭിമാനി ഭക്തരുടെ ഖദർ നിറം തെളിഞ്ഞു വരുന്നത്. കണ്ണാടി,  ജാലകം, അണിയറ , സാക്ഷി തുടങ്ങിയ പരിപാടികൾ ഭരണക്കാരുടെ ഉറക്കം കെടുത്തിയിരുന്ന കാലം.  ആദ്യമൊക്കെ സ്നേഹ പൂർവ്വമുള്ള പ്രലോഭനങ്ങളുടെ കാലമായിരുന്നു.  പിന്നെ സാമം,  ദാനം എന്നിങ്ങനെ അതിന്റെ പകിട്ടു കൂടിക്കൂടി വന്നു.   അതുകൊണ്ടൊന്നും പ്രയോജനം കാണാതെ വന്നപ്പോൾ ദണ്ഡ വിമോചന പ്രക്രിയകളും ആരംഭിച്ചു.  അവിടെയും തോറ്റ ഭരണ കൂടങ്ങൾ ഒടുവിൽ എൻടിവി എന്ന മാക്രിക്കുഞ്ഞിനു നേരെ അധികാരത്തിന്റെ കോട്ട കൊത്തളങ്ങൾ കൊട്ടിയടച്ചു.  ബുധനാഴ്ച തോറും പതിവുള്ള മുഖ്യ മന്ത്രിയുടെ ക്യാബിനറ്റ് ബ്രീഫിങ് പകർത്താൻ അനുവദിക്കാതെ മുഖ്യ മന്ത്രിയുടെ ഓഫീസ് ഗ്രില്ലുകൾ എൻടിവിക്ക്‌ നേരെ മാത്രം വലിച്ചടക്കപ്പെട്ടു.  മാറിമാറി വന്ന രണ്ടു ഭരണകൂടങ്ങൾ പത്തു വർഷക്കാലം ഈ സമീപനം സ്വീകരിച്ചപ്പോൾ എൻടിവിക്ക്‌ കോടതിയിൽ പോകാതെ നിവൃത്തി ഇല്ലാതെ വന്നു.  അപേക്ഷ കേട്ട ഹൈ കോടതി ഇങ്ങനെ ഉത്തരവിട്ടു. “Subsequent to the filing of the original petition the state has given provisional sanction to the reporters to cover all meetings,  functions,  etc,  for which other television news agencies are permitted. ” സ്വദേശാഭിമാനിയെ വാഴ്ത്തിപ്പാടുന്നവർ മേൽ വരികളിലൂടെ ഒന്ന് കണ്ണോടിച്ചു പോയാൽ നന്നായിരിക്കും.  സ്വതന്ത്ര മാധ്യമ പ്രവർത്തനം അനുവദിക്കാത്ത ഒരു കാലത്തിന്റെ കാപാലികരായിരുന്നു  തങ്ങളുമെന്നു ഹൈ കോടതി മറയില്ലാതെ തന്നെ പറഞ്ഞു വക്കുന്നു.  സ്വദേശാഭിമാനി ജീവിച്ചിരുന്നെങ്കിൽ അദ്ദേഹത്തെ ഇപ്പോഴും ഇവർ നാടുകടത്തും എന്നതിന്റെ ഒന്നാംതരം തെളിവാണ് ഈ കോടതി രേഖ.  ഇനി ആ മുഖം ഒന്നുകൂടി നോക്കിയേ… അധികാരമില്ലാത്ത കാലത്തെ നാടകാഭാസങ്ങൾ മാത്രമല്ലേ സ്വദേശാഭിമാനി ഇതൊക്കെ,  എന്നു നല്ലവണ്ണം അറിയാവുന്ന താങ്കൾ വെറുമൊരു കല്ലായി മാറിയതിൽ എന്നെപ്പോലുള്ളവർ എത്രമാത്രം ആശ്വസിക്കുന്നുണ്ട് എന്നറിയാമോ ? മലയാളത്തിന്റെ മിക്കവാറുമെല്ലാ ‘സുപ്രഭാത കുലപതികളും’  ഈ കൈക്കുമ്പിളിനകത്തായതിനാൽ തല നുള്ളിക്കളയുന്ന നെത്തോലികളുടെ രോദനം അധികമാരും അറിയാറില്ല.  അതുകൊണ്ടു അധികാരമില്ലാത്ത കാലങ്ങളിൽ ഞങ്ങൾക്ക് നാടകാഭാസം കളിക്കാൻ നീ തുടർന്നും ഒരു കല്ലായി തന്നെ ഇവിടെ വെയിലു കായുക.  ‘ഭയ കൗടില്യ ലോഭങ്ങൾ വളർക്കില്ലൊരു നാടിനെ’ എന്നതൊക്കെ ഞങ്ങൾ ഭദ്രമായി ചില്ലിട്ടു സൂക്ഷിച്ചിട്ടുണ്ട്.  അപ്പോൾ നമുക്കിനി അടുത്ത കൊല്ലം ഇതേ ദിവസം ഇതേ സമയം വീണ്ടും കാണുന്നതു വരെ,  വിട. 

Share This:

Leave a Reply

Your email address will not be published.