പരിപ്പുവട, ഉഴുന്നുവട, ബനാന ഫ്രൈ, ഇതു ചുവന്ന ബനാന റിപ്പബ്ലിക്ക് !!!!!

ഒരു ബനാന റിപ്പബ്ലിക്കിലെ കഥ പറയാൻ തുടങ്ങുകയാണ്.  ഇന്ന് (28.9.17) വൈകുന്നേരം tv18 എന്ന  മലയാള ചാനൽ സംഘടിപ്പിക്കുന്ന റൈസിംഗ് കേരള എന്ന വികസന സെമിനാറിൽ പങ്കെടുക്കാൻ ഈ എഴുത്തു തൊഴിലാളിക്ക് ഒരു ക്ഷണം ലഭിക്കുന്നു. മുഖ്യ മന്ത്രി,  ധനകാര്യ മന്ത്രി,  പ്രതിപക്ഷ നേതാവ്,  എംപി, എംഎൽഎമാർ,  വ്യവസായ പ്രമുഖർ തുടങ്ങിയവരൊക്കെ പങ്കെടുക്കുന്ന പരിപാടിയാണ് എന്നറിഞ്ഞപ്പോൾ ഒരു തയ്യാറെടുപ്പു നടത്തിയിട്ടു പോകാമെന്നു കരുതി കുറച്ചു ഫയലൊക്കെ തട്ടിപ്പെറുക്കിയെടുത്തു.  ഉദിച്ചുയരാൻ പോകുന്നതോ ഉദിച്ചുയർന്നു കൊണ്ടിരിക്കുന്നതോ ആയ കേരളത്തിന്റെ പ്രധാന വിഷയം തന്നെ അവതരിപ്പിക്കാൻ ആലോചിച്ചു.  അങ്ങനെ വിഴിഞ്ഞം മദർ പോർട്ടിന്റെ പശ്ചാത്തലത്തിൽ ഒരു ഗ്ലോബൽ മാരിടൈം സമ്മിറ്റ് സംഘടിപ്പിക്കണമെന്ന അഭ്യർത്ഥന  ഇക്കഴിഞ്ഞ മേയ് മാസം 26ന് മുഖ്യ മന്ത്രിക്ക് നൽകിയ കടലാസ് തപ്പിയെടുത്തു .  അങ്ങനെ ഒരു കത്തു മുഖ്യ മന്ത്രിയുടെ ഓഫീസ് കൈപ്പറ്റിയ വിവരം ഒരു മാസം ആയപ്പോൾ 22.6.17ന് മൊബൈൽ മെസ്സേജായി കിട്ടുന്നു.  മൂന്നു മാസമാകാറായപ്പോൾ 18.8.17ന്  നിവേദനം അഡിഷണൽ ചീഫ് സെക്രട്ടറിക്കു കൈമാറിയതായ കുറിപ്പടി തപാലിൽ ലഭിക്കുന്നു.  കമ്പ്യൂട്ടർ യുഗത്തിലെ ഈ വേഗതയുടെ കാരണം അറിയണമെങ്കിൽ കഥ അവസാനം വരെ വായിച്ചേ മതിയാകു. അഡിഷണൽ ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ നിന്നു കിട്ടിയ അനുഭവം കുറച്ചുനാൾ മുമ്പു ഇതു പോലെ തന്നെ ഒരു റിപ്പോർട്ടായി അവതരിപ്പിച്ചിരുന്നു.  3.7.17 ന് അദ്ദേഹത്തിന് കിട്ടിയ ‘നിധി’ ഒരു മാസത്തിനു ശേഷം ഒരു കൊട്ടത്തേങ്ങ കണക്കെ അദ്ദേഹം ഫിഷറീസ് ഡയറക്ടറിന് അയച്ചു കൊടുക്കുന്നു.  കാരണം ഒന്നുകിൽ അദ്ദേഹം ആ കത്തു വായിച്ചു നോക്കിയില്ല,  അല്ലെങ്കിൽ അദ്ദേഹത്തിന് വായിച്ചിട്ടു കാര്യം പിടികിട്ടിയില്ല എന്നു പറഞ്ഞാൽ ഐഎഎസ് അസോസിയേഷൻ പ്രഭുതികൾ കോപിക്കുമോ ആവോ ? മീനും പോർട്ടും കടലിലാണെങ്കിലും പോർട്ടിന്റെ ചുമതല ഫിഷറീസ് ഡയറക്ടറിന് കൊടുത്തതായ യാതൊരു വിവരവും ജിഎസ്ടി കഴുതകൾക്കില്ല.  പോർട്ടുകളുടെ കാര്യങ്ങൾ നോക്കാൻ പോർട്ടു ഡയറക്ടറും വിഴിഞ്ഞം മദർ പോർട്ടു നോക്കാൻ ‘വിസിൽ’ എന്ന കമ്പനിയും പ്രത്യേകമായി ഉള്ളപ്പോഴാണ് വിഴിഞ്ഞം നിവേദനം വികാസ് ഭവനിലെ ഫിഷറീസ് ആസ്ഥാനത്ത് അകപ്പെട്ടു പോയത്.  അത്‌ വല്ലാത്തൊരു പെടലു തന്നെയായി പോയി എന്നു ഇന്നു മനസ്സിലായി. മുഖ്യ മന്ത്രിയുടെ പരാതി പരിഹാര സൈറ്റിലെ ചൂണ്ടുപലക പറയുന്ന പ്രകാരം നിവേദനം ആഗസ്ത് ഏഴാം തിയതി വികാസ് ഭവനിലെത്തി.  ഇന്നത്തെ(28.7.17) നീക്കിയിരിപ്പിലും നിവേദനം അവിടെത്തന്നെ  ചുറ്റിക്കളിക്കുന്നതായി  ഇ ഗവെർണൻസ് നമ്മോടു ചിരിച്ചു കൊണ്ടു പറയുന്നു. എന്തായാലും നിവേദനത്തിന്റെ തലവര എന്താണെന്നറിയാൻ ഒരു ശ്രമം നടത്തിനോക്കാം എന്നു വിചാരിച്ച് സർക്കാർ ഡയറിയിലുള്ള ഫിഷറീസ് ഡയറക്ടറുടെ ഓഫീസ് നമ്പറിൽ പല തവണ വിളിച്ചു.  ഫലം നിരാശയായിരുന്നു. വിചിത്രമായ രീതിയിൽ ഫോൺ നിശ്ശ്ചലമാകുന്നു.  നിവൃത്തികേട്‌ കൊണ്ടു ഫിഷറീസ് ഡയറക്ടറുടെ നമ്പർ കിട്ടാൻ വകുപ്പു  മന്ത്രിയുടെ ഓഫീസിൽ വിളിച്ചു.  അവർ തന്ന രണ്ടു നമ്പറുകളുടെയും അവസ്ഥ പഴയതു തന്നെ.  മന്ത്രിയുടെ ഓഫീസിനു ഡയറക്ടറുടെ ശരിയായ ഓഫീസ് നമ്പർ പോലും അറിയാത്തതാണോ ? വിവരം പറയാൻ വീണ്ടും മന്ത്രിയുടെ ഓഫീസിനെ വീണ്ടും വിളിച്ചു. ഇവിടെയാണ് നമ്മളിപ്പോൾ ഭാഗ്യവശാൽ  ഒരു ബനാന റിപ്പബ്ലിക്കിലാണ് ജീവിക്കുന്നത് എന്നു തിരിച്ചറിയുന്നത്. നമ്പറിന്റെ നിജസ്ഥിതി അറിയാൻ ആഗ്രഹിച്ച എന്നെ 15മിനിറ്റോളം ഫോണിൽ നിർത്തിയ വനിത മന്ത്രിയുടെ ഓഫീസിലെ മഹിളാ രത്നം  നിർവഹിച്ച രാഷ്ട്ര നിർമ്മാണ പ്രക്രിയയാണ് ഇന്നത്തെ നമ്മുടെ തലവാചകം – 5 ലെമൺ ടീ,  5 വിത്തൗട്,  10 പരിപ്പുവട,  10 ഉഴുന്നു വട,  7 ബനാന ഫ്രൈ ! ഉച്ചകഴിഞ്ഞുള്ള അദ്ധ്വാന ക്ഷീണം തീർക്കാനാണ് മഹതി ഒരു കട മൊത്തം കൊണ്ടു വരാൻ ഏർപ്പാടാക്കിയത്.  പെട്രോൾ നികുതിയും ജിഎസ്ടിയും കൊടുത്തു മുടിഞ്ഞ എരപ്പാളിയായ  നാട്ടുകാരൻ ഫോണിൽ തൂങ്ങി നിന്നാലെന്ത്,  അല്ലെങ്കിൽ ഫോൺ കമ്പിയിൽ കെട്ടിത്തൂങ്ങിച്ചത്താലെന്ത്,  ഞങ്ങൾക്ക് അണ്ണാക്ക് നിറക്കണം,  അടിവയറു വരെ വീർക്കണം. അതിനാണ് ഞങ്ങൾ കെട്ടിയൊരുങ്ങിയിറങ്ങുന്നതു തന്നെ.  അങ്ങനെ ഈ മാസം നാട്ടുകാരാനെന്ന എമ്പോക്കിയെ ഉൽകൃഷ്ട സർക്കാർ ജീവനക്കാരി എത്ര ദിവസം സേവിച്ചു എന്നറിയണമെങ്കിൽ ഈ കലണ്ടർ താൾ ഒരു തവണ കണ്ടു പോയാൽ മതി. ശമ്പളവും ബോണസും എണ്ണി വാങ്ങിയ മാസത്തിലെ നീക്കിയിരുപ്പാണ് ഇത്രയും നേരം നമ്മൾ വായിച്ചത്.  കേവലം അഞ്ചു ലക്ഷത്തോളം വരുന്ന അഹങ്കാരികളെ അണ്ണാക്ക് നിറയെ തീറ്റിപ്പോറ്റാനാണ് ബാക്കി വരുന്ന മൂന്നു കോടിയിൽ പരം മൂദേവികൾ മുന്തിയറുത്ത് നിങ്ങളുടെ മുറ്റത്തിടുന്നത് എന്ന് ഇടക്കൊന്ന് ഓർക്കുന്നത് നന്നായിരിക്കും. അല്ലെങ്കിൽ ഒരിക്കലും മറക്കാത്ത വിധത്തിലുള്ള ഓർമ്മക്കായം കൈനീട്ടമായിട്ടങ്ങോട്ടു ചിലപ്പോൾ നാട്ടുകാർ വച്ചു തന്നെന്നിരിക്കും.  ഈ പാരസൈറ്റുകളുടെ നാട്ടിലാണ് കേരളത്തെ ഉദ്ധരിക്കാൻ ചില ശുദ്ധാത്മാക്കൾ  മെനക്കെട്ടിറങ്ങിയിരിക്കുന്നത്.  

Share This:

Leave a Reply

Your email address will not be published.