ചാണക്യമല്ല, ഇതാണ് യഥാർത്ഥ ചാണക ബുദ്ധി !

പാളയത്തിൽ തന്നെ പട തുടങ്ങിയ സ്ഥിതിക്ക് ഇനി ഗീബൽസിയൻ തന്ത്രങ്ങൾ  കൊണ്ടേ രക്ഷയുള്ളൂ എന്ന് വാർ റൂം തലകൾക്കു തോന്നിത്തുടങ്ങിയിരിക്കുന്നു.  നിരവധി വ്യാജ വാദങ്ങൾ കഴിഞ്ഞ തെരെഞ്ഞെടുപ്പുകാലത്തു തന്നെ ഇറക്കി കൊയ്ത്തു നടത്തിയവർക്ക് പച്ചക്കള്ളങ്ങൾ പടച്ചു വിടാൻ യാതൊരുളുപ്പുമില്ല എന്നതാണ് സത്യം.  വളരെ തന്ത്രപരമായാണ് ഇത്തരം കള്ളത്തരങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കുന്നത്.  ഏറ്റവും ഒടുവിൽ നടത്തിയ കള്ളത്തരത്തിന്റെ ഒരു വിലവിവരപ്പട്ടികയാണ് താഴെ കാണുന്നത്.  മേൽക്കാണിച്ച ഈ കണക്കിന്റെ പിന്നിൽ ചാണക  ബുദ്ധിയാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.  കാരണംഭരിക്കുന്ന കേന്ദ്ര സർക്കാറിനെ കാവി പൂശാനും മറ്റുള്ള സർക്കാരുകളെ കൊള്ളക്കാരാക്കാനുമുള്ള ബോധപൂർവമായ ഒരു ശ്രമം ഇതിനു പിന്നിലുണ്ട്.  പ്രത്യേകിച്ചും ഇന്ധന വിലയുടെ കാര്യത്തിൽ കേന്ദ്ര സർക്കാരിനെ നാട്ടുകാർ തന്നെ പ്രതിക്കൂട്ടിലാക്കിയ സാഹചര്യത്തിൽ.  യഥാർത്ഥ കള്ളൻ തന്നെ മറ്റുള്ളവരെ കള്ളനെന്നു വെറുതെ വിളിച്ചു കൊണ്ടോടുന്ന വിദ്യ ! കോളനിവാസികളുടെ മുമ്പിൽ ധീരനായ ഗൂർഖയായി മേനി നടിക്കാനുള്ള ശ്രീനിവാസൻ -മോഹൻലാൽ  പദ്ധതി പൊളിഞ്ഞു പാളീസായതു പോലെ തന്നെ ഇവിടെ കാവി സർക്കാരുകളെല്ലാം കെങ്കേമന്മാരാണ് എന്നു നാട്ടുകാരുടെ മുൻപിൽ വരുത്തിത്തീർക്കാനുള്ള പരിവാര ശ്രമം നെടുകെ കീറിപ്പറിഞ്ഞു കിടക്കുന്നു.  മഹാരാഷ്ട്ര,  ഗോവ,  മദ്ധ്യ പ്രദേശ്,  രാജസ്ഥാൻ,  ഉത്തർ പ്രദേശ് ഹരിയാന തുടങ്ങിയ സംഘി സംസ്ഥാനങ്ങളിലൊക്കെ പെട്രോൾ ഇന്നലെ (2.10.17) 50നും 60നും ഇടക്ക് രൂപയ്ക്കു വിറ്റപ്പോൾ സംഘി പ്രഭവ സംസ്ഥാനമായ ഗുജറാത്തിൽ 50 രൂപയിൽ താഴെയായിരുന്നത്രെ വില ! അവിടെയും തീരുന്നില്ല ചാണക ഗീബൽസിയൻ തന്ത്രം.  ഞങ്ങളുടെ സർക്കാരുകൾ ഇത്രയും ജനക്ഷേമ പരമായി ഭരിക്കുമ്പോൾ കമ്മികൾ ഭരിക്കുന്ന കേരളത്തിലും ത്രിപുരയിലും അവിടുത്തെ സർക്കാരുകൾ തീവെട്ടിക്കൊള്ള നടത്തുന്നു എന്ന് അവർ  കണക്കു നിരത്തിപ്പറയുന്നു. ബിജെപി സർക്കാരുകൾ 50 രൂപയ്ക്കു പെട്രോൾ വിൽക്കുമ്പോൾ കമ്മ്യൂണിസ്റ് സർക്കാരുകൾ വിൽക്കുന്നതാകട്ടെ 75 രൂപക്കും ! ഇതിൽപ്പരം ഒരു ജനദ്രോഹ നടപടി ഇനിയുണ്ടാകാനുണ്ടോ ? ഈ ഭരണ വൈകല്യത്തിന്റെ പേരിൽ വേണമെങ്കിൽ കേരള ത്രിപുര സർക്കാരുകളെ പിരിച്ചു വിടുക പോലും ചെയ്യാവുന്നതാണ്.  ഇങ്ങനെയൊക്കെ കിനാവുകൾ കണ്ടുകൊണ്ടു ഓരോ ചാണക തന്ത്രം വാലിന്റെ അടിയിലൂടെ പുറത്തോട്ടു വിടുമ്പോൾ രണ്ടക്ഷരം കൂട്ടി വായിക്കാൻ കഴിയുന്ന എമ്പോക്കികളും അലവലാതികളും ഇന്നാട്ടിൽ ഉണ്ട് എന്ന് ഈ സംഘികൾ മറക്കാൻ  പാടില്ലായിരുന്നു.  ഒന്ന് ഞെക്കിയാൽ വിരൽത്തുമ്പിൽ വിവരങ്ങൾ വിരുന്നു വരുന്ന ഇക്കാലത്തു ഇത്രയും വികൃതമായ കാവിക്കള്ളങ്ങൾ പടച്ചു വിടാതെ ഇനിയുള്ള കാലം മുന്നോട്ടു പോകാൻ കഴിയാത്ത പരുവത്തിലാണു കേന്ദ്രത്തിലെ അമ്പത്തിയാറിഞ്ചു  സർക്കാർ.  ആ സർക്കാരിനെ ടൈംസ് ഓഫ് ഇന്ത്യ എന്ന ദേശീയ പത്രം തന്നെ പ്രതിക്കൂട്ടിലാക്കി കണക്കു നിരത്തി.  ആദ്യം ഓരോ സംസ്ഥാനത്തെയും സംഘികൾ പ്രചരിപ്പിക്കുന്ന  പെട്രോൾ വില.  ബ്രാക്കറ്റിൽ ടൈംസ് ഓഫ് ഇന്ത്യ കണ്ടെത്തിയ അതേ സംസ്ഥാനങ്ങളിലെ തൊട്ടടുത്ത ദിവസത്തെ പെട്രോൾ വില.  ജമ്മു & കാശ്മീർ 54.87 (72.48), ഹരിയാന 53.25 (71.02),  ഉത്തർപ്രദേശ് 59.69 (72.78),  രാജസ്ഥാൻ 57.23 ( 73.48), മധ്യപ്രദേശ് 53.24 (77.25),      ഗുജറാത്ത് 49.87 (72.66), ജാർഖണ്ഡ് 55.83 (71.33), മഹാരാഷ്ട്ര 52.77 (79.94) ഇത്രയും കാവിക്കള്ളമാണ് ഓരോ ദിവസവും ഭരണ കക്ഷിയുടെ വാർ റൂം വാരിയേഴ്സ് ശൂലം കൊണ്ടു പടച്ചു വിടുന്നതെന്ന് തൊണ്ടി സഹിതം പിടിക്കപ്പെടുമ്പോഴും അവർ ചിരിക്കുന്നുണ്ടാകും.  കാരണം എഴുത്തും വായനയും ഇല്ലാത്ത പര കോടികളിലേക്കു ഈ കള്ളക്കാവിക്കണക്കുകൾ എത്തിക്കാൻ കഴിഞ്ഞല്ലോ എന്ന നിഗൂഢ സംതൃപ്തി അവർ ആസ്വദിക്കുന്നുണ്ടാകും.  ഇങ്ങനെ പ്രജകളെ മടയന്മാരാക്കിയാൽ മാത്രമല്ലേ ഈ ഭരണം ഇനിയും ആവർത്തിക്കാൻ കഴിയുകയുള്ളു.  പക്ഷെ അങ്ങനെ എല്ലാവരെയും എല്ലാക്കാലത്തും മണ്ടന്മാരാക്കാൻ കഴിയുകയില്ല എന്നതിന്റെ തെളിവാണ് യശ്വന്ത് സിൻഹയും കൂട്ടരും പരിവാരത്തിനുള്ളിൽ ഉയർത്തുന്ന കലാപം ചൂണ്ടിക്കാട്ടുന്നത്.         

Share This:

Leave a Reply

Your email address will not be published.