വയലാർ അവാർഡ് നേടിയിട്ടും വിഴിഞ്ഞം വിഖ്യാതമാകാതെ പോയി !

സുഗന്ധി എന്ന ആണ്ടാൾ ദേവ നായകിയുടെ കഥ പറഞ്ഞ ടി ഡി രാമകൃഷ്ണൻ വയലാർ അവാർഡു ജേതാവാകുമ്പോൾ സന്തോഷിക്കുന്ന നമ്മൾ,  ദേവനായകിയുടെ തറവാടു തട്ടകം തകർന്നു കിടക്കുന്നതിൽ ആരെങ്കിലും വേദനിക്കുന്നുണ്ടോ ? രാമകൃഷ്ണനോട് ഒടുങ്ങാത്ത ആദരവുണ്ടെങ്കിലും തകർന്നു പോയ തറവാടിനെക്കുറിച്ചോർക്കുമ്പോൾ ചങ്കൊന്നു പിടഞ്ഞു പോകുന്നു.  കാരണം തോറ്റു തുന്നം പാടുന്ന ഒരു രാജ്യത്തിന്റെ പതർച്ചയുടെ തുടർച്ചയായ കാരണങ്ങൾ നാം പഠിക്കാതെ പിന്നെയും പലരും ‘മോടി’ നടിക്കുന്നു.   ഏറ്റവും ഒടുവിൽ പ്രധാന മോടിക്കാരനായ സാക്ഷാൽ നരേന്ദ്ര മോദിയെ സാക്ഷി നിർത്തി അമേരിക്കൻ അജാനു ബാഹുക്കൾ ഇന്ത്യൻ കോട്ടയിലോട്ടു മൂന്നു ഗോളുകൾ നിറയൊഴിക്കുമ്പോൾ നമ്മുടെ തോൽവി തുടരുന്നു എന്നു മാത്രമേയുള്ളു. പക്ഷെ നമ്മൾ തോൽക്കാൻ നേരത്തെ തീരുമാനിച്ചവരാണ്.  ലോകത്തിലെ ഏറ്റവും ബലിഷ്ഠമായ ഒരു ജെനുസിൽപ്പെട്ട  കുട്ടികളുടെ മുമ്പിൽ ആട്ടോറിക്ഷാക്കാരന്റെയും അലക്കുതൊഴിലാളിയുടെയും മക്കൾ പതറിപ്പറിഞ്ഞു പോയതിൽ അവരെ പഴിപറഞ്ഞിട്ടു കാര്യമില്ല.   കഴിഞ്ഞ പതിനേഴു കൊല്ലക്കാലമായി തങ്ങൾ കഴിച്ച മുപ്പതു രൂപയുടെ ശാപ്പാടിന്റെ ‘ഷോ’ മാത്രമാണ് അവർക്കു കാണിക്കാൻ കഴിഞ്ഞത്. മുപ്പതു കോടിയോളം വരുന്ന ഇന്ത്യക്കാരന് ഭക്ഷണമുൾപ്പടെ അവന്റെ എല്ലാ ചിലവുകൾക്കും കൂടി ദിവസേന കിട്ടുന്നത്‌ കേവലം മുപ്പതു ഉലുവയാണത്രെ ! ആ അർത്ഥത്തിൽ   മുപ്പതു ഗോളെങ്കിലും എണ്ണി വാങ്ങേണ്ടിയിരുന്നവർ അത്‌ മൂന്നിൽ ചുരുക്കിത്തന്നത് ദേവനായകി ചെയ്ത പുണ്യം കൊണ്ടു മാത്രമാകാം.  ദേവനായകി അരങ്ങു വാഴുന്ന കാലത്ത്,  കൊന്നു കൊലവിളിച്ചേ എന്ന ഭാവത്തിൽ ഇപ്പോൾ ഓടി വരുന്ന ഈ കുട്ടികൾ പോയിട്ട് അവരുടെ അമേരിക്ക പോലും ജനിച്ചിട്ടില്ല. അന്നു നമ്മളാരായിരുന്നു,  എന്തായിരുന്നു എന്നൊക്കെ ടി  ഡി രാമകൃഷ്ണൻ തന്റെ ദേവ നായകിയിലൂടെ വരച്ചു കാട്ടിത്തരുന്നു.  “നമ്മൾ ഇപ്പോൾ ഒരു സഹസ്രാബ്ദം പുറകിലാണ്.  എ ഡി 992-ൽ.  കുലശേഖര സാമ്രാജ്യത്തിന്റെ തെക്കേ അറ്റത്തെ കാന്തള്ളൂർ ശാലയിൽ. ഒൻപതാം നൂറ്റാണ്ടിൽ ആയ് രാജവംശത്തിലെ പ്രധാന രാജാവായ കരുനന്തടക്കൻ സ്ഥാപിച്ചതും പിന്നീട് വിക്രമാദിത്യ വരഗുണന്റെ കാലത്ത് ലോകപ്രശസ്തിയാര്ജിച്ചതുമായ വൈജ്ഞാനിക കേന്ദ്രമാണിത്.  ആയ് രാജവംശം ക്ഷയിച്ച് കുലശേഖര രാജാക്കന്മാരുടെ നിയന്ത്രണത്തിലായപ്പോൾ കാന്തള്ളൂർ ശാലയുടെ പ്രശസ്തി വർധിക്കുകയാണ് ചെയ്തത്.  രാജ്യത്തിന്റെ തെക്കേ അതിർത്തിയിലായതു കൊണ്ടുള്ള തന്ത്രപരമായ പ്രാധാന്യം കണക്കിലെടുത്ത് ചേരന്മാർ കാന്തള്ളൂർ ശാലയെ പ്രധാനപ്പെട്ടൊരു സൈനീക കേന്ദ്രം കൂടിയാക്കി മാറ്റിയതായിരുന്നു അതിനു കാരണം……… ഇന്നത്തെ കേരളത്തിലെ വിഴിഞ്ഞം തുറമുഖം മുതൽ തിരുവനന്തപുരമുൾപ്പെടെയുള്ള പ്രദേശങ്ങളിലായിട്ടാണ് ഈ വൈജ്ഞാനിക സൈനീക കേന്ദ്രം നിലനിന്നിരുന്നത്.  കാന്തള്ളൂർ അതിമനോഹരമായ ഒരു തുറമുഖ നഗരമായിരുന്നു.  യവനന്മാരുടെയും ചീനക്കാരുടെയും അറബികളുടെയും പായ്ക്കപ്പലുകൾ എപ്പോഴും നങ്കൂരമിട്ടുകിടക്കുന്ന കുലശേഖര സാമ്രാജ്യത്തിലെ രണ്ടാമാത്തെ പ്രധാനപ്പെട്ട വാണിജ്യ കേന്ദ്രം. ചീനപ്പട്ടും രത്നങ്ങളും സ്വർണ്ണവും വിൽക്കാനും കുരുമുളകും കറുവപ്പട്ടയും ചന്ദനവും ആനക്കൊമ്പും ഇരുമ്പായുധങ്ങളും വാങ്ങാനുമെത്തുന്ന അറബികളും ചീനക്കാരും നിറഞ്ഞ തെരുവുകൾ.  അവരോടു വിലപേശുന്ന ആറും ഏഴും ഭാഷകൾ സംസാരിക്കാൻ കഴിവുള്ള കച്ചവടക്കാർ.  സൈനീക പരിശീലനത്തിനായി വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന ആയിരക്കണക്കിന് യോദ്ധാക്കൾ……  അക്കാലത്ത് ലോകത്തിലെ ഏതൊരു പ്രധാന നഗരത്തിനോടും കിടപിടിക്കുന്ന സൗകര്യങ്ങളും സമ്പത്തും കാന്തള്ളൂർശാലയിലുണ്ടായിരുന്നു ” ലോകം മുഴുവൻ വ്യാപാരത്തിനായി കാത്തു കിടന്നിരുന്ന വിഴിഞ്ഞം പോയിട്ട് ഇന്ത്യ മഹാരാജ്യം പോലും ഇന്നു ലോക കപ്പൽ പാതയിൽ നിന്നും പുറത്തായി എന്നതാണ്‌ ഏറ്റവും ഒടുവിലത്തെ ലോക കപ്പൽ വാർത്ത.  മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി(MSC) എന്ന കപ്പൽ സ്ഥാപനം അവരുടെ ആസ്‌ത്രേലിയൻ എക്സ്പ്രസ്സ് എന്ന സർവീസ് നിശ്ചയിച്ചപ്പോൾ ഏറ്റവും പഴയ കാന്തള്ളൂർ ശാലയും അത്ര പഴയതല്ലാത്ത വിഴിഞ്ഞവും ഏറ്റവും മോടി കൂടിയ ഇന്ത്യയും അവർ വെട്ടിമാറ്റി പുതിയ കപ്പൽപാത സൃഷ്ടിച്ചു.  ആസ്‌ത്രേലിയയിലെ മെൽബണിൽ നിന്നു തുടങ്ങി യൂറോപ്പു ചുറ്റി വീണ്ടും യാത്ര മെൽബണിൽ അവസാനിക്കുമ്പോൾ ദേവനായകിയുടെ കാന്തള്ളൂർ ശാല ഒട്ടും കാന്തിയില്ലാതായി തീർന്നു എന്നതാണ് കഴിഞ്ഞ നൂറ്റാണ്ടുകൾ നമുക്ക് സമ്മാനിച്ച നേട്ടം. അങ്ങനെ നിരാശയോടെ പേജുകൾ മറിച്ചു വരുമ്പോൾ നമ്മൾ ഒരു സൽക്കാരത്തിൻറെ സംഗീതം കേട്ടു തുടങ്ങുന്നു .  “അന്നേക്ക് നാല്പത്തിയൊന്നാം ദിവസം മഹേന്ദ്രവർമ്മൻ എല്ലാവിധ രാജകീയ ആഘോഷങ്ങളോടും കൂടി ദേവനായകിയെ തന്റെ എട്ടാമത്തെ റാണിയായി തിരുമണം ചെയ്തു.  കാന്തള്ളൂരിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആഘോഷമായിരുന്നു അത്‌.  ചേര ചക്രവർത്തി ഭാസ്കര രവിവർമ്മൻ തന്നെ നേരിട്ട്‌ എഴുന്നെള്ളി എല്ലാ കാര്യങ്ങൾക്കും മേൽനോട്ടം വഹിച്ചു.  കാന്തള്ളൂർ തുറമുഖത്ത് ലോകത്തിലെ പല പ്രധാന രാജ്യങ്ങളുടെയും കൊടിയുള്ള കപ്പലുകൾ നങ്കൂരമിട്ടു. ”  അതായിരുന്നു ആണുങ്ങൾ വാണിരുന്ന കാലം അല്ലെങ്കിൽ ദേവനായകിയെ പോലെ ഒരു പെൺ പോരാളി നയിച്ചിരുന്ന നാട്.  ആ പ്രതാപ കാലത്തിലേക്ക് മടങ്ങിപ്പോകണമെങ്കിൽ ദേവനായകിമാരും നായകന്മാരും ഈ രാജ്യത്തെ എങ്ങനെ നയിച്ചിരുന്നു എന്നൊക്കെ ഇടക്കൊന്നു വായിച്ചു പോകുന്നത് ചിലപ്പോൾ ഉപകാരപ്പെട്ടേക്കും.  ചരിത്രത്തെ ചവറ്റുകൊട്ടയിലാക്കി ഞങ്ങളാണ് വികസനത്തിന്റെ അവസാനത്തെ അപ്പോസ്തലന്മാർ എന്ന മട്ടിൽ നെഞ്ച് നെളിഞ്ഞിരിക്കുന്നവർ കുറഞ്ഞ പക്ഷം ഗോളുകളും അപമാനങ്ങളും ഏറ്റുവാങ്ങാൻ ഈ ‘മുപ്പതു രൂപാ’ക്കുഞ്ഞുങ്ങളെ ഗ്രൗണ്ടിലോട്ടിറക്കി വിടാതെയെങ്കിലുമിരിക്കണം.  ഡിജിറ്റൽ ഇന്ത്യയും ഡിപ്ലോമസി വിദ്യയും കാട്ടുന്നതിനു മുമ്പു കുഞ്ഞുങ്ങൾക്കും അവരിനി കിടക്കാനുള്ള വയറുകൾക്കും നിറയെ നല്ല ഭക്ഷണം കൊടുക്കണം.  അങ്ങനെ ഭക്ഷണം കൊടുക്കാനുള്ള വരുമാനം കൈ നിറയെ കൊണ്ടുത്തരാൻ കെൽപ്പുള്ള കടലാഴങ്ങളെ കുറിച്ച് ആദ്യം അല്പം  പഠിച്ചു തുടങ്ങുക. Those who conquered the sea,  have ultimately conquered the world. കടലിൽ നിന്നു വരുമാനമുണ്ടാക്കി അത്‌ ഒരു ജനതയുടെ വിഭവമാക്കി മാറ്റിയവരാണ് ഇന്നു ലോകത്തെ നയിക്കുന്നത്.  7500 കിലോ മീറ്റർ കടൽ സ്വന്തമായുള്ളവർ പട്ടിണികൊണ്ടു വാപൊളിച്ചിരിക്കുമ്പോൾ അവർ ഒരതിശയക്കാഴ്ച കൂടി കണ്ടു.  “വിമാനം പറന്നുയർന്നപ്പോൾ ഞാൻ ദേവനായകിയെ കണ്ടു.  കത്തിയെരിയുന്ന കൊളംബിൽ നിന്ന്‌ ഒരു കാൽ സിഗരിയയിലും അടുത്ത കാൽ ശ്രീപാദമലയിലും വെച്ച് കാന്തള്ളൂരിലേക്ക് അവൾ എന്നോടൊപ്പം ആകാശത്തിലൂടെ നടക്കുകയാണ്”. പ്രിയപ്പെട്ട രാമകൃഷ്ണ,  കാന്തള്ളൂർ ശാലയുടെ പ്രതാപകാലത്തിലൂടെ ഒരിക്കൽ കൂടി യാത്ര ചെയ്യാൻ ഞങ്ങൾക്ക് കലശലായ ആഗ്രഹമുണ്ട്.  താങ്കളോടൊപ്പം കൊളോമ്പോയിൽ നിന്നും പറന്നു പൊങ്ങിയ ദേവനായകിയെ കുറച്ചു കാലത്തേക്കെങ്കിലും ഞങ്ങളുടെ കാന്തള്ളൂരിലേക്ക് കൂട്ടിക്കൊണ്ടു വരാമോ ?

Share This:

One thought on “വയലാർ അവാർഡ് നേടിയിട്ടും വിഴിഞ്ഞം വിഖ്യാതമാകാതെ പോയി !

Leave a Reply

Your email address will not be published.