അമ്പത്തിയാറിഞ്ചു കൊണ്ടു ആ ഗോളോ ഇ ഗോളോ അടിക്കാൻ കഴിയില്ല !

സ്വച്ഛ് ഭാരതം തുടങ്ങി സ്വസ്ഥതയില്ലാത്ത ഭാരതം വരെയുള്ള വിവിധ കലാപരിപാടികൾക്കൊടുവിൽ നൂറിൽ നൂറു ‘മാർക്കു’ വാങ്ങി മുന്നേറുന്ന ഒരു സർക്കാരാണ് കേന്ദ്രം വാഴുന്നത്.  വിമാനത്തിൽ നിന്നിറങ്ങാൻ നേരം കിട്ടാത്തത് കൊണ്ടാകാം പ്രധാന മന്ത്രിക്ക് മണ്ണിൽ നടക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയാതെ പോയി.  തന്റെ ഡിജിറ്റൽ വളർച്ച മണ്ണിൽ എത്താതെ തലയ്ക്കു മുകളിലൂടെ കടന്നു പോകുന്നു എന്നതാണ് ഒടുവിലത്തെ കാഴ്ച.  ആ കാഴ്ച നേരിട്ടു കാണാൻ നിയോഗിക്കപ്പെട്ട അദ്ദേഹം അതിനു നിമിത്തമായ ലോക ഫുട്ബാൾ മേളക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലക്ക് ഇന്ത്യ ഇത്തരം നാണം കെടുന്ന ലോക വേദികളിൽ ചെന്നു നാറരുത് എന്നു പല ആവർത്തി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വാസ്തവത്തിൽ ഇതു കുട്ടിക്കുരങ്ങന്മാരെക്കൊണ്ട് ചുടു ചോറു വാരിക്കുന്നതോ അല്ലെങ്കിൽ തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നതോ പോലുള്ള ഏർപ്പാടുകളാണ്.  ഇടക്ക് നടന്നും വിശ്രമിച്ചും ചർച്ച ചെയ്തു രസിച്ചും നടക്കുന്ന ‘കിറുക്കൻ’കളിയല്ല ഫുട്ബോൾ.  ഒന്നര മണിക്കൂർ കൊണ്ടു,  കുടിച്ച മുലപ്പാൽ പോലും പുറത്തുവരുന്ന അഭ്യാസമാണ് ആഗോള ഫുട്ബാൾ.  ആ ഇടിക്കൂട്ടിലേക്കു പാവങ്ങളിൽ പാവങ്ങളായ പതിനൊന്നു പേരെ ഇറക്കിവിടുന്നതിനു മുമ്പു അവരുടെ ‘ജാതകം’ ഈ സർക്കാർ വിലാസം തമ്പുരാക്കന്മാർ ഒന്നു വായിച്ചു നോക്കുന്നത് നന്നായിരിക്കും.  ആ ജാതകച്ചിത്രം ഏതാണ്ടിതു പോലെയിരിക്കും.  17 വയസ്സിനു താഴെയുള്ളവരുടെ കളിയാണല്ലോ ഇപ്പോൾ നടക്കുന്നത്.  അതായത് അവർ ജനിച്ചത് 2000ത്തിലോ അതിനു ശേഷമോ ആയിരിക്കും.  നമ്മുടെ കളിക്കാർ മിക്കവാറും 2000ത്തിനും 2002നും ഇടയിൽ ജനിച്ചവരായിരിക്കും, അതായത്   പ്രായം 15നും 17നും ഇടക്ക്.  ഈ കാലത്തു ജനിച്ച കുട്ടികളെ കുറിച്ച് ആധികാരികമായ ചില വസ്തുതകൾ നമ്മുടെ രാജ്യം ഇപ്പോൾ ചർച്ച ചെയ്യുകയാണ്.  അതിൽ 54. 2% കുട്ടികളും Stunted  അഥവാ ‘കുള്ളൻ’ വിഭാഗത്തിൽ പെടുന്നവരാണത്രെ.  ഒരു രാജ്യത്തു ജനിക്കുന്നതിൽ പകുതിയിൽ കൂടുതൽ ഒന്നിനും കൊള്ളാത്തവരായി ജനിച്ചത്,  ജനിപ്പിച്ച മാതാപിതാക്കളുടെയോ ജനിച്ച കുഞ്ഞിന്റെയോ കുഴപ്പം കൊണ്ടല്ല.  മറിച്ച് ദീർഘ കാലം ഈ രാജ്യം ഭരിച്ച കോൺഗ്രസ്‌ എന്ന നെറികെട്ട പാർട്ടിയുടെ വികലമായ നയങ്ങൾ കൊണ്ടാണ്.  ഒരു ജനതക്ക് ആവശ്യമായ ഭക്ഷണം പോലും കൊടുക്കാൻ കഴിയാതെ അവരെ പട്ടിണിക്കിട്ട് പകിടകളിച്ചതിന്റെ ശിക്ഷ 2014 ൽ ജനങ്ങൾ അവർക്കു നൽകി. അതിന്റെയർത്ഥം അത്‌ കഴിഞ്ഞിട്ടുള്ള കുഴപ്പങ്ങളുടെ ഉത്തരവാദിത്വം പൂർണ്ണമായും പുതിയതായി അധികാരത്തിൽ എത്തിയ സർക്കാരിന്റേതാണ് എന്നതാണ്.  അവിടെയാണ് ഈ കണക്കുകൾ പുറത്തു വിട്ട Global Hunger Index വക്താക്കൾ മോദി സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നത്.  അച്ചാ ദിന്നും അത്ഭുത വിളക്കുമൊക്കെ വാരിക്കോരി വാഗ്ദാനം നൽകിയവർ പോഷകാഹാരക്കുറവിന്റെ കാര്യത്തിൽ  കഴിഞ്ഞ സർക്കാരിനേക്കാൾ പരാജയപ്പെട്ട വസ്തുതയാണ് ഇപ്പോൾ നമ്മുടെ മുമ്പിലുള്ളത്.  കോൺഗ്രസ്‌ ഭരണ കാലത്തു 20 ശതമാനം കുട്ടികളായിരുന്നു പോഷകാഹാരം കിട്ടാതെ ഇരുന്നതെങ്കിൽ ആ സർക്കാറിന്റെ പിടിപ്പുകേട് കൊണ്ടു മാത്രം അധികാരത്തിൽ എത്തിയവരുടെ കാലത്ത് അത്‌ 21 ശതമാനമായി വർദ്ധിച്ചു.  അതെങ്ങനെയാണ് സംഭവിച്ചത് എന്നു പ്ലാനിംഗ് കമ്മീഷനു പകരക്കാരായി എത്തിയ  ‘നീതി’ മഹാന്മാർ വിശദീകരിക്കുമോ ആവോ ? ഏതു കാവിക്കണ്ണിലൂടെ വിലയിരുത്താൻ ശ്രമിച്ചാലും നാട്ടുകാരിൽ പകുതിയിലധികം പട്ടിണിയിലാണ്,  അതിൽ തന്നെ ആരുടെയെങ്കിലും വയർ നിറയുന്നുണ്ടെങ്കിൽ അതു വെറും ‘ചവറു’കൊണ്ടുള്ള നിറയൽ മാത്രമാണ് എന്നതാണ് സത്യം.  ഇവിടെയാണ് കാലാകാലങ്ങളായി ചിലർ വിശ്വസിച്ചു പോരുന്ന അബദ്ധ ധാരണകൾ തിരുത്തേണ്ട ആവശ്യം ഉയർന്നു വരുന്നത്.  ഇങ്ങനെയൊരു സാധനം ശരാശരിക്ക് മുകളിലുള്ള ഇന്ത്യക്കാർ പോലും കണ്ടിട്ടുണ്ടാകില്ല,  പിന്നെയല്ലേ കഴിച്ചിട്ടുണ്ടാവുക ? അംബാനി -അദാനിമാരുടേതു പോലുള്ളവരുടെ തീൻ മേശ ഒഴിച്ച് മറ്റനേകം കോടികൾ പടങ്ങളിൽ മാത്രം ഇതൊക്കെ കണ്ട് വെള്ളമിറക്കിയിട്ടുണ്ടാവും.  അതാണ് ഭാരത പൗരന്റെ യോഗം ! എന്നാൽ ‘ഇൻഡോ നോർവീജിയൻ പദ്ധതിപ്രകാരം നമ്മുടെ ‘ആഴക്കടൽ’ മൽസ്യബന്ധന നയം രൂപപ്പെടുത്തിയതു തന്നെ സായിപ്പിനെ കുറഞ്ഞ ചെലവിൽ ഊട്ടാൻ വേണ്ടിയായിരുന്നോ എന്നു സംശയിക്കുന്ന തരത്തിൽ കാര്യങ്ങൾ എത്തിനിൽക്കുന്നു.  കഴിഞ്ഞ വർഷം ഏകദേശം 36000 കോടി രൂപയുടെ മൽസ്യക്കയറ്റുമതിയാണ് രാജ്യം നടത്തിയത്. ഇതൊരു വൻ നേട്ടമായാണ് പല ബുദ്ധികൂടിയ  മഹാന്മാരും വിലയിരുത്തുന്നത്.  വാസ്തവത്തിൽ കേന്ദ്ര സർക്കാർ ബീഫല്ല നിരോധിക്കേണ്ടത്,  പകരം മൽസ്യക്കയറ്റുമതിയാണ്. ഈ കയറ്റുമതി മൽസ്യമെല്ലാം കേന്ദ്ര സർക്കാർ അതേ വില കൊടുത്തു കയറ്റുമതിക്കാരിൽ  നിന്ന്‌ വാങ്ങണം.  എന്നിട്ടത് പത്തോ പതിനഞ്ചോ വയസ്സു പ്രായമുള്ള കുട്ടികൾക്ക് സൗജന്യമായി നൽകണം. മൽസ്യം മാത്രമല്ല,  അതു പോലെ കയറ്റുമതി ചെയ്തു സായിപ്പിന്റെ സിരകളുടെ തെറിപ്പു കൂട്ടുന്ന കശുവണ്ടി ഉൾപ്പെടെയുള്ള എല്ലാ സാധനങ്ങളും ഇതുപോലെ ഒരു പത്തു കൊല്ലക്കാലത്തേക്കു ആൺ പെൺ വ്യത്യാസമില്ലാതെ കൊടുത്തു നോക്കു,  അവർക്കു പിറക്കുന്ന കുട്ടികൾ സായിപ്പു കുഞ്ഞുങ്ങളെ മൈതാന മധ്യത്തിൽ തളച്ചിട്ടുകൊണ്ടു,  തൊടുക്കുമ്പോൾ പത്ത്  എന്ന കണക്കിന് ഗോൾ മഴ തീർത്തിരിക്കും.  അതു മാത്രമല്ല പല നോബൽ സമ്മാനങ്ങളും ആ കുട്ടികൾ ഇങ്ങോട്ടു കൂട്ടിക്കൊണ്ടു പോരും.  കയറ്റുമതി നിരോധനത്തിലൂടെ ഇന്നുണ്ടാകുന്ന നഷ്ടം  കുറച്ചു വർഷത്തിനകം പല ശാസ്ത്ര കണ്ടു പിടുത്തങ്ങളിലൂടെ അവർ രാജ്യത്തിന് മുതൽക്കൂട്ടാക്കും.  അതാണ് മനുഷ്യ വിഭവ ശേഷിയിൽ നിക്ഷേപിക്കുമ്പോൾ നടക്കുന്ന പ്രതിപ്രവർത്തനം.  അതറിയണമെങ്കിൽ വടക്കേ ഇന്ത്യയുടെ ‘ഗൾഫ്’ ആയി മാറിയ കേരളത്തിന്റെ സമീപകാല കഥ കൂടി ഓർത്തു പോകുന്നത് നന്നായിരിക്കും.  കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടക്ക് കേരളത്തിൽ നടത്തിയ വിദ്യാഭ്യാസ നിക്ഷേപത്തിന്റെ ഫലം ചെറിയ ഒരു കണക്കിലൂടെ ബോധ്യമാകും. രാജ്യത്തെ ജനസംഖ്യയിൽ രണ്ടു രണ്ടര ശതമാനം വരുന്ന മലയാളികളാണ് ഇന്ത്യയുടെ മൊത്തം വിദേശ വരുമാനത്തിന്റെ 20 ശതമാനത്തോളം നൽകുന്നത് എന്നതു തന്നെ മനുഷ്യ വിഭവത്തിൽ കൂടുതൽ നിക്ഷേപിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നു.  അതല്ലാതെ പതിറ്റാണ്ടുകളായി അംബാനി മാരെ വളർത്തുന്ന ഒരു നയമാണ് ഇപ്പോഴത്തെ സർക്കാരും ഇനിയുള്ള കാലത്തും തുടരാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഭാരത മക്കൾ ലോക കപ്പിൽ വെറും ബാള് പെറുക്കികൾ  മാത്രമായി അവശേഷിക്കും.  എങ്കിൽ പിന്നെ അവരെ ആ പണിക്കു മാത്രം വിടുന്നതായിരിക്കും നല്ലത്. അങ്ങനെയാണെങ്കിൽ നമ്മുടെ പ്രധാന മന്ത്രിയുടെ നേട്ടമായി ഈ ചിത്രം നമുക്കദ്ദേഹത്തിനു ചില്ലിട്ടു സമ്മാനിക്കാം.  അതിൽ നോക്കുമ്പോൾ തന്റെ കൂടി ഭരണ നേട്ടം അതിൽ പ്രതിബിംബിക്കുന്നതു ദിവസേന അദ്ദേഹത്തിന് കണ്ടു സായൂജ്യമടയാനും കഴിയും.  

Share This:

Leave a Reply

Your email address will not be published.