ചാണ്ടിമാർ വെറും ചണ്ടികളായി തീരുന്നതല്ല കേരളത്തിന്റെ വിഷയവും വിഷമവും

ഇതു വെറും പേരുദോഷം മാത്രമല്ല,  ചാണ്ടികളുയർത്തുന്നത് ചാവദോഷങ്ങൾ കൂടിയാണ്.  ഒരാൾ കായൽ നികത്തിയെങ്കിൽ മറ്റെയാൾ ഒരു പെണ്ണിനെ ‘നിലത്തിരുത്തിച്ചു ‘! രണ്ടും നാറിയ കഥകൾ തന്നെ.  അല്ലെങ്കിലും ചണ്ടികളെന്നാൽ നാറുന്നതാണെന്നു തിരിച്ചറിയാൻ പലരും ആദ്യം ശ്രമിക്കാറില്ല.  നാറ്റം പെരുകി വരുമ്പോഴാണ് പലരും മൂക്കു പൊത്തുന്നതും വാലിൽ തൂക്കിയെടുത്തെറിയുന്നതും.  ആ നാറ്റക്കഥകൾക്കിടയിൽ നാട്ടിലും വീട്ടിലും  നറുമണം പരത്തിയിരുന്ന പലരും പാതാളം മുട്ടെ മുങ്ങിത്താഴുന്നത് വാർത്തയല്ലാതായി തീരും.  കൃത്യം ഒരു മാസത്തിനു മുമ്പു നമ്മളിൽ പലരും പരതിയ ഒരു വാർത്തയുണ്ടായിരുന്നു.  ഒരു മലയാളി ക്യാപ്റ്റൻ നയിച്ച കപ്പൽ ഫിലീപ്പിൻസ് കടലിൽ മുങ്ങിപ്പോയ വാർത്ത.  ഒരു മാസം പിന്നിടുമ്പോൾ ആ സംഭവം ഇന്നും തിരിച്ചു വരാത്തവരുടെ കുടുംബങ്ങളുടെ മാത്രം നൊമ്പരവും നെരിപ്പോടുമായി തീരുന്നു.  ഇന്ത്യ മഹാരാജ്യത്തിനു കടലിൽ പോകുന്നവനെയും കപ്പിത്താനെയും അവഗണിക്കാം.  പക്ഷെ കേരളമങ്ങനെയാണോ ? 30 ലക്ഷത്തോളം പ്രവാസികൾ പടുത്തുയർത്തിയ ഒരു കുമിളയുടെ പുറത്തുകൂടിയല്ലേ ഈ ചണ്ടികളും ചണ്ടാളന്മാരും അഭ്യാസം കാട്ടുന്നത് ? ആ കുമിള പൊട്ടിത്തകർന്നാൽ പിന്നെ ഈ  നെഗളിപ്പ് ആരോട്,  എങ്ങനെ കാട്ടാനാണ് ? കൊടുങ്ങല്ലൂരു കാരൻ രാജേഷ് നായരും ഒരു പ്രവാസിയായിരുന്നു.  നടുക്കടലിൽ എമറാൾഡ് സ്റ്റാർ എന്ന കപ്പൽ   മുങ്ങിത്താഴുമ്പോൾ രാജേഷ് നായർ കപ്പലിലെ ക്യാപ്റ്റനായിരുന്നു.  അവസാന നിമിഷം വരെ സ്വന്തം കപ്പലിനെ രക്ഷപെടുത്താൻ പരിശ്രമിച്ച ഒരു കപ്പലോട്ടക്കാരനായി സഹജീവനക്കാരൻ സുരേഷ് സംഭവം ഓർത്തെടുക്കുന്നു.  ഒക്ടോബർ 13 അർദ്ധരാത്രിയായിരുന്നു സംഭവം.  ഇന്തോനേഷ്യയിൽ നിന്നും നിക്കൽ അയിര്‌മായി ചൈനയിലേക്ക് പോവുകയായിരുന്നു എമറാൾഡ് സ്റ്റാർ എന്ന കപ്പൽ.  കപ്പലിലുള്ള ചരക്കിന്റെ പ്രത്യേകത കാരണം കപ്പൽ ചരിയുകയും മുങ്ങാൻ തുടങ്ങുകയും ചെയ്തു.  ആ സമയത്തു കപ്പൽ ഫിലിപ്പീൻസ് തീരത്തു നിന്നും ഏകദേശം 275 നോട്ടിക്കൽ മൈൽ ഉള്ളിലായിരുന്നു.  അപകടത്തിന്റെ അവസാന നിമിഷങ്ങളിൽ പാറശാല സ്വദേശി സുരേഷും ക്യാപ്റ്റൻ രാജേഷും മാത്രമാണ് ഡെക്കിലുണ്ടായിരുന്നത്.  ബാക്കിയുള്ളവരെയൊക്കെ രക്ഷപെടാൻ രാജേഷ് നിർദേശം നല്കിക്കഴിഞ്ഞിരുന്നു.  മലയാളിയായതുകൊണ്ടാകാം സുരേഷിനു ക്യാപ്റ്റനെ ഒറ്റക്കു വിട്ടുപോരാൻ തോന്നിയില്ല.  അപ്പൊഴേക്കും ഒരു വലിയ തിര വന്നു രണ്ടു പേരെയും അടിച്ചു വീഴ്ത്തിക്കഴിഞ്ഞു. സമയം അർധരാത്രി,  ചുറ്റിലുമൊന്നും കാണാൻ കഴിയാതെ തിരമാലകളുടെ അടിയേറ്റ്‌ സുരേഷ് അവശനായിക്കഴിഞ്ഞു. തന്റെ കൂടെ വീണ ക്യാപ്റ്റൻ രാജേഷിനെ ചുറ്റിലും തിരഞ്ഞെങ്കിലും ഒന്നും കാണാൻ കഴിഞ്ഞില്ല.  കപ്പലിൽ നിന്ന്‌ പരന്നൊഴുകിയ ഡീസലും എണ്ണയും സുരേഷിന്റെ വയറു നിറച്ചുകൊണ്ടിരുന്നു.  ഒച്ചമാത്രം പുറത്തു വരുന്നതുവരെ ശർദിച്ചതായി ഓര്മയുണ്ട്.  മരണം മുന്നിലെത്തിയെന്നു തോന്നിയ നിമിഷങ്ങൾ. ആകാശ ദൂതുപോലെ പെയ്ത മഴ സുരേഷിനു ബോധം തിരികെക്കൊടുത്തു.  പിന്നെ നടുക്കടലിൽ സുരേഷ് മഴവെള്ളത്തിനായി വാ തുറന്നു കിടന്നു.  മരണത്തിന്റെ പിടിവള്ളിയിൽ  ജീവജലം പതുക്കെ നനച്ചു കൊടുത്തു.  കണ്ണു തുറന്നു നോക്കുമ്പോൾ ഒരു വലിയ കപ്പൽ കണ്മുന്നിൽ ! താഴ്ത്തിക്കൊടുത്ത കോവണിക്കയറിൽ പിടിച്ചുകയറാൻ പോലും ത്രാണിയില്ലാതെ സുരേഷ് കുഴഞ്ഞു.  മുജ്ജന്മ സുകൃതത്താൽ സുരേഷ് എങ്ങനെയോ കപ്പലിന്റെ മുകളിലെത്തുമ്പോൾ,  തന്നോടൊപ്പം അപകടത്തിൽപ്പെട്ട  കപ്പലിലുണ്ടായിരുന്ന,  വളരെ ആരോഗ്യവാനായ മറ്റൊരാളെ തിര കപ്പലിൽ ചേർത്തടിക്കുന്നതും കടലിലേക്കു തന്നെ താഴ്ന്നു പോകുന്നതും മങ്ങിയ കാഴ്ചകളോടെ കാണേണ്ടിയും വന്നു.  അപ്പോൾ ക്യാപ്റ്റൻ രാജേഷ് ? 1500 ളം ചെറു ദ്വീപുകളടങ്ങുന്ന ഫിലിപ്പീൻസിന്റെ ഏതെങ്കിലും കരയിലെത്തിപ്പെടണേ എന്നു സുരേഷ് പാറശാലയിലെ വീട്ടിലിരുന്നു പരദൈവങ്ങളോട് പ്രാർത്ഥിക്കുന്നു. അന്വേഷണങ്ങൾ പലതും നടന്നെങ്കിലും പത്തുപേരെ കുറിച്ച് ഒരു മാസത്തിനിപ്പുറവും കാര്യമായ വിവരങ്ങളില്ല.  26 ജീവനക്കാരിൽ മലയാളികളായി ഉണ്ടായിരുന്ന മൂന്നു പേരുടെ കാര്യത്തിൽ കേരള സർക്കാർ നാളിതുവരെ എന്തു ചെയ്തു എന്നതാണ് ഇവിടുത്തെ കാതലായ വിഷയം.  ഒരു സർക്കാരുകളുടെയും ആനുകൂല്യങ്ങൾക്കോ അവകാശവാദങ്ങൾക്കോ ചെവികൊടുക്കാതെ സ്വയം ജീവിതമാർഗം കണ്ടെത്തി പോകുന്നവരെ തിരിഞ്ഞു നോക്കാനുള്ള സാമാന്യ മര്യാദയെങ്കിലും ഭരിച്ചു പൊലിപ്പിക്കുന്ന സർക്കാരുകൾക്കുണ്ടാകണ്ടേ ? രാജേഷിന്റെ അപകടം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ മാത്രം വേദനയായി തീരുന്നത്‌ ഒരു പ്രാകൃത സമൂഹത്തിന്റെ ലക്ഷണമാണ്. പ്രവാസി ക്ഷേമം  പ്രസംഗത്തിൽ മാത്രമായി പോകരുത്.  ചാണ്ടിച്ചതിയന്മാർ ഈ നാടു കട്ടു മുടിക്കുമ്പോൾ നാടിനാസ്തി നൽകുന്നവരെയായിരിക്കും ഈ നാട്ടുകാർ നമിക്കുക.  ക്യാപ്റ്റൻ രാജേഷ് മടങ്ങി വരിക,  നിങ്ങൾക്കൊരു വീരമുത്തം നൽകാൻ ഞങ്ങൾ കാത്തിരിക്കുന്നു. 

Share This:

One thought on “ചാണ്ടിമാർ വെറും ചണ്ടികളായി തീരുന്നതല്ല കേരളത്തിന്റെ വിഷയവും വിഷമവും

Leave a Reply

Your email address will not be published.