പാറപ്പുറത്തു മീൻ വളർത്തുന്നവർ !

വിഴിഞ്ഞം പദ്ധതിക്ക് പാറ കിട്ടാത്ത സാഹചര്യം ചർച്ച ചെയ്യാൻ ഗൗതം അദാനി മകൻ കരുൺ അദാനി തന്നെ തലസ്ഥാനത്ത് എത്തുന്നു  മുഖ്യ മന്ത്രിയെ ഉൾപ്പെടെ കണ്ടു ചർച്ച നടത്തുകയാണ് ലക്‌ഷ്യം. കടൽ ഭിത്തി പണിയാനുള്ള പാറ കിട്ടാതെ പദ്ധതി തന്നെ അവതാളത്തിലായ സാഹചര്യത്തിലാണ് കരാർ കമ്പനിയുടെ മുതലാളി തന്നെ രംഗത്തെത്തുന്നത് . പരിസരത്തൊന്നും പാറയില്ല എന്ന പരാതി നിലനിൽക്കുന്ന സാഹചര്യത്തിൽ ആണ്  എവിടുന്നെങ്കിലും പാറ ലഭിക്കുമോ എന്ന അന്വേഷണവുമായി മൂന്നു പേർ ഇറങ്ങിത്തിരിച്ചത് . വിഴിഞ്ഞം മദർ പോർട്ട് ആക്ഷൻ സമിതിയുടെ പ്രവർത്തകരായ വിൽഫ്രഡ് കുലാസ് , ഹാർബർ വിജയൻ, ഏലിയാസ് ജോൺ എന്നിവർ പദ്ധതി പ്രദേശത്തിന് അടുത്തുള്ള പല സ്ഥലങ്ങളും പരിശോധിച്ചു . ഒടുവിൽ അവർ പദ്ധതി പ്രദേശത്തു നിന്നും കഷ്ടിച്ച് അഞ്ചു കിലോ മീറ്ററിനകത്തുള്ള വാഴമുട്ടം എന്ന സ്ഥലത്തെത്തി . അവിടെ അതാ കിടക്കുന്നു സർക്കാർ ഉടമസ്ഥതയിൽ തന്നെയുള്ള ഒന്നാംതരം ക്വാറി ! അതും വർഷങ്ങൾക്കു മുൻപ് വിഴിഞ്ഞം മൽസ്യ ബന്ധന തുറമുഖത്തിന് വേണ്ടി കല്ലെടുത്ത അതെ ക്വാറി . അതായത് ഒരു കടൽ ഭിത്തി പണിയാൻ ഏറ്റവും അനുയോജ്യമായ പാറ വിഴിഞ്ഞത്തിനു തൊട്ടടുത്തു തന്നെ ലഭ്യമായിരിക്കുന്നു . എന്നിട്ടും പാറയില്ല എന്ന മട്ടിൽ സർക്കാർ ഇരുട്ടിൽ തപ്പുന്നു . വാഴമുട്ടത്തെ 22 ഏക്കർ  സർക്കാർ ക്വാറിയിൽ വിഴിഞ്ഞം പദ്ധതിക്കാവശ്യമായ പാറ  ഇപ്പോഴും ലഭ്യമാണ് എന്ന് തന്നെയാണ് നാട്ടുകാർ അഭിപ്രായപ്പെടുന്നത് . പക്ഷെ ഔദ്യോഗിക തലത്തിൽ ചില തടസങ്ങൾ പലരും വ്യാഖ്യാനിച്ചെടുക്കുന്നു . തൊട്ടടുത്ത് ഒരു സ്‌കൂളുണ്ട് , പരിസരത്തു വീടുകൾ വന്നു കഴിഞ്ഞു എന്നൊക്കെയാണ് മുടന്തൻ ന്യായങ്ങൾ . പതിറ്റാണ്ടുകൾക്കു മുൻപ് സ്‌കൂളും കുട്ടികളും ഉണ്ടായിരുന്ന കാലത്തു തന്നെയാണ് വാഴമുട്ടത്തു നിന്നും പാറ വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി അവിടെ നിന്നും കൊണ്ട് പോയത് . പാറയുടെ വിഷയം പദ്ധതിയുടെ ഭാവിയെ അനിശ്ചിതമായി ബാധിച്ചിരിക്കുന്ന സാഹചര്യത്തിൽ സർക്കാർ വാഴമുട്ടം ക്വാറി അടിയന്തിരമായി ഉപയോഗപ്പെടുത്തണം എന്ന ആവശ്യം ഉയർന്നു വരുന്നു .

അപ്പോഴാണ് മറ്റൊരു മുടന്തൻ ന്യായം പിന്നെയും തല പൊക്കുന്നതു . പ്രസ്തുത സ്ഥലം സർക്കാർ ഫിഷറീസ് വകുപ്പിന് കൈമാറി കഴിഞ്ഞത്രേ ! തീരുമാനം ഇരുമ്പുലക്ക ആണത്രേ . കൊടുത്ത സ്ഥലം തിരിച്ചെടുക്കൽ പ്രയാസമാണത്രെ . രാജ്യത്തെ ഏറ്റവും വലിയ ഒരു പദ്ധതി പാറ കിട്ടാതെ പ്രയാസപ്പെടുമ്പോൾ സർക്കാർ പാറപ്പുറത്തു മീൻ വളർത്താൻ പദ്ധതിയിടുന്നു ! കഴിഞ്ഞ സർക്കാരാണത്രെ ഫിഷറീസ് സർവകലാശാലക്ക് സ്ഥലം കൈമാറിയത് . കഴിഞ്ഞ സർക്കാർ കാണിച്ച ഒരു മണ്ടത്തരം തിരുത്താൻ ഈ സർക്കാരിന് കഴിയേണ്ടതല്ലേ ? പാറയൊക്കെ എടുത്തു കഴിയുന്ന സ്ഥലമല്ലേ വാസ്തവത്തിൽ ഫിഷറീസ് വകുപ്പിന് അനുകൂലം ? ആവശ്യത്തിന് വെള്ളം കെട്ടി നിർത്തി മീൻ വളർത്തുകയോ , കലക്ക വെള്ളത്തിൽ മീൻ പിടിക്കുകയോ എന്തു വേണമെങ്കിലും അന്തക്കാലത്തു ചെയ്യാമല്ലോ ?!

Share This:

Leave a Reply

Your email address will not be published.