ചിദംബരാദികളുടെ കേന്ദ്ര തലോടൽ എന്തിനു വേണ്ടിയാണ് ?

കഴിയുന്നതും പളനിയപ്പൻ ചിദംബരത്തിന് ഇപ്പോൾ കേന്ദ്ര ബിജെപി സർക്കാരിനെ തലോടിയെ മതിയാകു.  കാരണം മകൻ കാർത്തിയെ വലിയ പരിക്കില്ലാതെ ജയിലിൽ നിന്നും സിബിഐയുടെ കയ്യിൽ നിന്നും ഊരിയെടുക്കണം.  അതിനു വേണ്ടി അച്ഛൻ ചിദംബരം  തന്നെ സുപ്രീം കോടതിയിൽ നേരിട്ടു ഹാജരായി.  കുറെ പറട്ട മീനവർകളെ കൊന്നു കുഴിച്ചു മൂടിയാലും വേണ്ടില്ല മകനെ കൊത്തിപ്പറിക്കാൻ ആർക്കും വിട്ടു കൊടുക്കരുത്.  അതിനു വേണ്ടിയാണ് ആരെയും നോവിക്കാതെ ഒരു ഓഖി റിപ്പോർട്ട് രൂപം കൊണ്ടത്. ഓഖി മുന്നറിയിപ്പ് സംസ്ഥാനങ്ങൾക്ക്  നേരത്തെ കൊടുക്കാൻ കഴിഞ്ഞില്ല , അതുകൊണ്ടു സംസ്ഥാനങ്ങൾക്ക് യാതൊരു മുന്നറിയിപ്പും ജനങ്ങൾക്കു കൊടുക്കാൻ കഴിഞ്ഞില്ല . ചുഴലിക്കാറ്റ് പെട്ടെന്ന് തീവ്രത കൈവരിച്ചതു കാരണം കാലാവസ്ഥ വകുപ്പിന് അത് മുൻകൂട്ടി കണ്ടെത്താൻ കഴിഞ്ഞില്ല . ഇങ്ങനെ പോകുന്നു പി . ചിദംബരം അദ്ധ്യക്ഷനായ ആഭ്യന്തര വകുപ്പിന്റെ പാർലമെൻററി സമിതി റിപ്പോർട്ട് .    കാലാവസ്ഥ പ്രാവാചകന്മാർ ശർദിക്കുന്നതെല്ലാം അതുപോലെ പകർത്തി എഴുതി വക്കാൻ ഒരു പാർലമെന്ററി സമിതിയുടെ ആവശ്യമുണ്ടോ ? അവിടെയാണ് മോദിയെയും കേന്ദ്ര സർക്കാരിനെയും  നോവിക്കാത്ത ഒരു റിപ്പോർട്ട് എഴുതേണ്ട ഒരു പ്രത്യേക സാഹചര്യം ചിദംബര ഭൂമികയിൽ ഒരു ന്യൂന മർദ്ദമായി രൂപപ്പെട്ടു തുടങ്ങിയത് . എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സിബിഐയും ചിദംബര കുടുംബത്തെ മൊത്തത്തിൽ വളഞ്ഞു തുടങ്ങിയ നാളുകളാണല്ലോ കടന്നു പോയിക്കൊണ്ടിരിക്കുന്നത് ? ഇവിടെ കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന ഒരു റിപ്പോർട്ട് നൽകിയാൽ അതു കൊണ്ട് തനിക്കെന്തു ഗുണം എന്ന് ചിന്തിക്കാതിരിക്കുന്ന ആളല്ല ഈ പളനിയപ്പൻ കുളന്തൈ . എന്നാൽ ഒരു പാലം അങ്ങോട്ടിട്ടാൽ തിരിച്ചു ഇങ്ങോട്ടും ഒരു പാലം വലിക്കാമല്ലോ എന്ന ചാണക്യ തന്ത്രമാണ് ഓഖി റിപ്പോർട്ടിലൂടെ അധികമാരും അറിയാതെ പുറത്തു ചാടിയിരിക്കുന്നത് . ആരാണ് ഓഖിയിൽ പ്രധാനമായും ഇരയായത് ? കേരളം , തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾ മാത്രം . പതിനാറു കഷണങ്ങളായി പടല പിണങ്ങിക്കിടക്കുന്ന തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഓഖി ഇരകൾക്ക് എന്ത് പ്രസക്തി ? പിന്നെയുള്ളത് കേരളം . കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നില്ല എന്നു കേൾക്കുന്നത് തന്നെ സംസ്ഥാനത്തിന് ഒരു കുളിർമഴ പോലെയാണ് . തങ്ങൾ പ്രതിയല്ല എന്നറിയുന്നതിനപ്പുറം സത്യം കണ്ടു പിടിച്ച് പ്രതികളെ കൂട്ടിൽ കയറ്റാനുള്ള ആർജവമൊന്നും സംസ്ഥാന സർക്കാരിനുമില്ല . ഇതുപോലെ ശുഭകരമായ ഒരു കാലം ഇതിനു മുമ്പുണ്ടായിട്ടുണ്ടോ ? ഓഖി വിഷയത്തിൽ പാവപ്പെട്ട മൽസ്യത്തൊഴിലാളികൾ ഒഴിച്ച് ഭൂമുഖത്തു ആർക്കെങ്കിലും വിഷമമുണ്ടോ ?  കേന്ദ്രത്തിനേയും സംസ്ഥാനത്തെയും കാലാവസ്ഥ വകുപ്പിലെ ഷണ്ഡന്മാരെയും ഒരേ പോലെ സുഖിപ്പിക്കാൻ കഴിഞ്ഞ ഒരു റിപ്പോർട്ട് എഴുതി കാര്യം നടത്തിയെടുത്ത ചിദംബരത്തിന് ഇനി അതിന്റെ പേരിൽ വിലപേശി കാർത്തിയെ അക്കരെ കടത്താം. അങ്ങനെ ഒരു മികച്ച പാർലമെന്റേറിയനായി തോളിലൂടെ മേൽമുണ്ട് വലിച്ചിടുന്നതിനു മുമ്പ് പി. ചിദംബരം ഒന്ന് രണ്ടു കാര്യങ്ങൾക്കു മറുപടി പറഞ്ഞാൽ കൊള്ളാം . കാലാവസ്ഥ വകുപ്പിൽ നിന്നും വിവരങ്ങൾ ചിദംബരം ശേഖരിക്കുന്നതിന് മുമ്പ് തന്നെ അത്തരം വിവരങ്ങളുടെ കട്ട് ആൻഡ് പേസ്റ്റ് കോപ്പികളിൽ ഒരെണ്ണം എൻടിവിക്കും അവർ അയച്ചുതന്നു . അല്ലെങ്കിൽ എൻടിവിക്ക്‌ വേണ്ടി തയ്യാറാക്കി വച്ചതു തന്നെ പാർലമെന്ററി സമിതിക്കും എടുത്തു കൊടുത്തു എന്നു പറഞ്ഞാൽ പാവം ഈ കൂലി എഴുത്തുകാരനെ ഡെൽഹിയിലോട്ടു വിളിച്ചു വരുത്തി ശാസിക്കില്ലല്ലോ ? പി. ചിദംബരം ഇപ്പോൾ അക്കമിട്ടു നിരത്തി ന്യായീകരിക്കുന്ന വസ്തുതകൾ ഇതൊക്കെ തന്നെയാണോ എന്നു വായനക്കാർ തീരുമാനിക്കുക .നാട്ടു നടപ്പനുസരിച്ചു ഒരു ചുഴലിക്കാറ്റിന് സാധ്യത ഉണ്ടെന്നറിഞ്ഞാൽ കൃത്യം 72 മണിക്കൂർ മുൻപ് ആ വിവരം നാട്ടുകാരെ അറിയിക്കണം . പിന്നെ അത് 48 , 24 , 12 എന്നിങ്ങനെ കുറഞ്ഞു വരുന്ന ഇടവേളകളിലൊക്കെ നാട്ടുകാരെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കണം . കാലാവസ്ഥ വകുപ്പ് ഇതൊന്നും ചെയ്തില്ല എന്നു മാത്രമല്ല , ഓഖി താണ്ഡവമാടിക്കഴിഞ്ഞപ്പോഴാണ് കാലാവസ്ഥ കുഴലൂത്തുകാർ മുന്നറിയിപ്പുമായി ഉറക്കമെണീറ്റതു തന്നെ !  അതെ സമയം ലോകത്തിന്റെ പല ഭാഗത്തിരുന്നു കാലാവസ്ഥ നിരീക്ഷണം നടത്തിക്കൊണ്ടിരുന്നവർ വലിയ ഒരപകടത്തിന്റെ സൂചന വ്യക്തമായി നൽകിക്കൊണ്ടിരുന്നു . വാസ്തവത്തിൽ ഏകദേശം എട്ടു ദിവസങ്ങൾക്കു മുമ്പ് തന്നെ തായ്‌ലണ്ടിൽ രൂപം കൊണ്ട ന്യൂന മർദ്ദം വളർന്നു പെരുകുന്നതിന്റെ റണ്ണിങ് കമന്ററി പോലും അവർ നൽകിക്കൊണ്ടിരുന്നു . നവംബർ 29 ഉച്ചക്ക് തൊട്ടടുത്ത ശ്രീലങ്കയിൽ 700   ളം വീടുകൾ നശിക്കുകയും 13 പേർ മരിക്കുകയും ചെയ്തപ്പോഴെങ്കിലും ഇവിടുത്തെ കാലാവസ്ഥ കാലന്മാർക്കു ഉണർന്നെണീറ്റു ജനങ്ങളോട് വരാനിരിക്കുന്ന ദുരന്തം വിളിച്ചു പറയാമായിരുന്നു .   ഇതിനെയെല്ലാം ന്യായീകരിക്കാൻ ഒരു പ്രതിപക്ഷ നേതാവിന് കഴിയുന്നു എന്നു പറയുമ്പോൾ ഇവിടെ ഭരണ കക്ഷി – പ്രതിപക്ഷം എന്ന നേർത്ത വര പോലും മാഞ്ഞു പോകുന്നു . കാരണം ഇവിടെ  ഇരകൾ വെറും ഇര തേടി തേടി അലയുന്ന ഇരു കാലികൾ മാത്രം . മനുഷ്യൻ എന്ന പരിഗണനയിൽ ഈ വർഗം പെട്ടിരുന്നെങ്കിൽ ചിദംബരം ഈ ചെറ്റത്തരം അവരോടു കാണിക്കില്ലായിരുന്നു .    

Share This:

Leave a Reply

Your email address will not be published.