ഓണസമ്മാനമായി വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തും?!

ബ്രേക്കിംഗ് ബിഗ് ന്യൂസ് !

ഈ വരുന്ന ഓണക്കാലത്ത് വിഴിഞ്ഞം അന്തർദേശീയ തുറമുഖത്ത് ആദ്യ കപ്പലടുപ്പിക്കാനുള്ള കഠിന ശ്രമത്തിലാണ് കരാറേറ്റെടുത്തിരിക്കുന്ന അദാനി ഗ്രൂപ്.  കമ്പനിയുടെ ഉടമ ഗൗതം അദാനി നൽകിയ വാക്ക് എങ്ങനെയും പാലിക്കണമെന്ന നിർദേശം വിഴിഞ്ഞത്ത് എത്തിക്കഴിഞ്ഞു. പോർട്ട് പൂർണ്ണ തോതിൽ പ്രവർത്തനം ആരംഭിക്കാൻ പിന്നെയും മാസങ്ങൾ എടുക്കുമെങ്കിലും ഒരു കപ്പലെങ്കിലും,  അദാനി പറഞ്ഞ 1000 മത്തെ ദിവസത്തിനുള്ളിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നവർ.  1 കിലോ മീറ്റർ ബ്രേക്ക് വാട്ടർ,  400 മീറ്റർ ബെർത്ത് എന്നിവയാണ് ആദ്യ കപ്പലടുപ്പിക്കുന്നതിന് അത്യാവശ്യമായി പൂർത്തിയാക്കേണ്ടത്.  ഈ ലക്ഷ്യം1000 മത്തെ ദിവസമായ വരുന്ന സെപ്റ്റംബർ ഒന്നാം തിയതിക്കുള്ളിൽ  പൂർത്തിയാക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് ഇവിടുള്ള അദാനി ടീം.  പ്രധാന തടസ്സമായ പാറ പ്രശ്നം പരിഹരിക്കാൻ കഴിയുന്ന വിധത്തിൽ കമ്പനി തന്നെ ഒരു വലിയ ക്വാറി സ്വന്തമായി വാങ്ങി കല്ലെടുക്കാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. അങ്ങനെയാണെങ്കിൽ ജൂലൈ,  ആഗസ്ത് മാസങ്ങളിലായി കടൽ വഴി കല്ല് കൊണ്ടുവന്ന് ബ്രേക്ക് വാട്ടർ പൂർത്തിയാക്കാൻ കഴിയുമെന്ന് അവർ പ്രതീക്ഷിക്കുന്നു.   ഈ കണക്കുകൂട്ടലുകൾ അനുസരിച്ചാണ് സെപ്റ്റംബർ ഒന്നിന് ആദ്യ കപ്പലടുപ്പിക്കാൻ കഴിയുകയും അതിലൂടെ ഗൗതം അദാനി നൽകിയ വാക്ക് പാലിക്കാൻ കഴിഞ്ഞു എന്ന വലിയ നേട്ടത്തിന് ഉടമയാവുകയും ചെയ്യുക.  2015 ഡിസംബർ 5ന് പദ്ധതിയുടെ നിർമ്മാണ ഉൽഘാടന വേളയിലാണ് 1000 ദിവസം എന്ന വാഗ്‌ദാനം അദാനി നൽകിയത്.  കരാറനുസരിച്ചു 2019 ഡിസംബർ മാസം 4 വരെ അദാനിക്ക് സമയമുള്ളിടത്താണ് 1000 ദിവസമെന്ന വെല്ലുവിളി അദാനി സ്വയം ഏറ്റെടുത്തത്.  അതു മനസ്സിൽ കുറിച്ചിട്ട വിഴിഞ്ഞം മദർ പോർട്ട് ആക്ഷൻ സമിതി ഓരോ ദിവസവും ഒരു  കശുമാവ് തൈ നട്ടുകൊണ്ട് കൗണ്ട് ഡൗൺ ആരംഭിക്കുകയും ചെയ്തു. നാട്ടുകാരുടെ ഈ ജാഗ്രതയും പ്രതീക്ഷയും മാനിക്കുന്നതാണ് കമ്പനി അധികൃതരുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്ന പുതിയ നീക്കം. 

Share This:

2 thoughts on “ഓണസമ്മാനമായി വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തും?!

Leave a Reply

Your email address will not be published.