എന്നാപ്പിന്നെ ഈ ‘പാവങ്ങൾ’ക്കു കൂടി അതങ്ങു പതിച്ചു കൊടുത്താലോ ?!

കാലിഞ്ചു മണ്ണിനു വേണ്ടി മനുഷ്യർ കോടതി കയറിയിറങ്ങുന്ന നാട്ടിൽ ഇതാ 30,000 ഏക്കർ ഭൂമി കോടതി തന്നെ ചിലർക്ക് വിട്ടു കൊടുക്കുന്നു.  ഹാരിസൺ മലയാളം എന്ന കമ്പനിക്കാണ് അങ്ങനെ ഒരു ബമ്പർ ലോട്ടറി ഇക്കഴിഞ്ഞ ദിവസം അടിച്ചത്.  30,000 ഏക്കറിന്റെ സ്ഥാനത്തു അമ്പതോ നൂറോ ഏക്കറിന് വല്ല പ്രസക്തിയുമുണ്ടോ ? അത്തരത്തിൽ ഇടുക്കി ജില്ലയിലെ ചില ‘പാവങ്ങൾ’ കുറെ കാലമായി കയ്യേറ്റക്കാരെന്നു ചിത്രീകരിച്ച് കേസ് നടത്തിക്കൊണ്ടിരിക്കയാണ്.  എന്തിനാണ് ആ ‘പാവങ്ങളെ’ ഇങ്ങനെ  ബുദ്ധിമുട്ടിക്കുന്നത് ? അവർക്കു കൂടി അതങ്ങു പതിച്ചു കൊടുത്തു കൂടെ ഏമാന്മാരെ ? അതിൽ വയലിക്കടവ് എസ്റ്റേറ്റിൽ  15 പേർ കൂടി ചേർന്ന് കൈയേറിയത് വെറും 50 ഏക്കർ,  ജോളി പോൾ എന്നയാൾ കൈയേറിയത് 30 ഏക്കർ,  ജെസ്സി,  പള്ളിവാസൽ വില്ലേജിൽ കൈയേറിയത് 25 ഏക്കർ,  ചിന്നക്കനാൽ വില്ലേജിൽ ജിമ്മി സ്കറിയ 21 ഏക്കർ,  അവിടെ തന്നെ ബോബി സ്കറിയ കൈയേറിയത് 12 ഏക്കർ,  കെ എൻ മോഹനൻ കൈയേറിയത് 9.71 ഏക്കർ , കേഴന്തുർ വില്ലേജിൽ എസ്പി രാജ്‌കുമാർ കൈയേറിയത്  8  ഏക്കർ ,  ചിന്നക്കനാൽ വില്ലേജിൽ ലിജീഷ് ലംബോദരൻ കൈയേറിയത് 7 .5  ഏക്കർ , അവിടെ തന്നെ പാവപ്പെട്ട ടിസ്സിൻ തച്ചങ്കരി കൈയേറിയത് 7 .7 ഏക്കർ , അങ്ങനെ നീളുന്നു ഈ പാവങ്ങളുടെ നിര . കയ്യിൽ കിട്ടിയ ഒരു രേഖ പ്രകാരം തന്നെ കൈയേറ്റ വിസ്തൃതി ഏകദേശം 400  ഏക്കർ വരും. പക്ഷെ ഹാരിസൺ മുതലാളിയുടെ 30 ,000 ഏക്കറിന്റെ സ്ഥാനത്തു ഇത് എത്ര നിസ്സാരം ? വെറും ഒരു ശതമാനം! ഈ പാവങ്ങളെ പിടികൂടാനാണ് കുറച്ചു നാൾ മുൻപ് ശ്രീറാം വെങ്കിട്ടറാം എന്ന ഉദ്യോഗസ്ഥൻ ഒരു വൃഥാശ്രമം നടത്തിയത് . ഫലം , ഏതോ കുടുസ്സു മുറിയിൽ പാവം ഒതുങ്ങിപ്പോയി . നമുക്കിതൊക്കെ വച്ചുമതിയാക്കാം , കയ്യേറുന്നവർ നീണാൾ വാഴട്ടെ എന്നു മുട്ടിപ്പായി പ്രാർത്ഥിച്ചു കൊണ്ട് ചുരുണ്ടു കൂടിക്കിടന്നുറങ്ങാം !  

 

Share This:

Leave a Reply

Your email address will not be published.