ഖൽബിലേറ്റെടുക്കണം ഖത്തർ നൽകുന്ന ഈ കടൽക്കഥ

കൊച്ചി പോർട്ടിന്റെ ചെയര്മാൻ വലിയ സന്തോഷത്തിലാണ് . കഴിഞ്ഞ പത്തു വര്ഷത്തിനിടക്ക് കൊച്ചി പോർട്ട് ആദ്യമായി ലാഭമുണ്ടാക്കി , ലാഭം എത്രയാണെന്നറിയണ്ടേ ? വെറും 4 കോടി രൂപ ! നാലു കോടിയുടെ നെഗളിപ്പുമായി ഇരുന്ന ചെയർമാൻ  പറഞ്ഞ കണക്കുകൾ കുറഞ്ഞ പക്ഷം ഓരോ മലയാളിയും ആവർത്തിച്ചാവർത്തിച്ചു വായിച്ചു പഠിക്കേണ്ടതാണ് . നമ്മളിതൊന്നും പഠിക്കില്ലായെന്നു മാത്രമല്ല എല്ലാം പഠിച്ചു പഷ്ട് ക്‌ളാസിൽ പാസ്സായ ജാഡ അഭിനയിക്കുകയും ചെയ്യും . അല്ലെങ്കിൽ അതൊക്കെ പഠിച്ചു മനസ്സിലാക്കിയ കറക്കുകമ്പനികൾ ദല്ലാൾ പണിയിലൂടെ കോടികൾ അടിച്ചു മാറ്റും . അങ്ങനെ പതിറ്റാണ്ടുകളായി നമ്മളെ പറ്റിച്ചുകൊണ്ടിരിക്കുന്നവരുടെ കള്ളി  വെളിച്ചത്തു വരുന്നതാണ് ഖത്തർ നൽകുന്ന പാഠം.  കേരളീയർക്ക് ഏറെ അടുപ്പവും അറിവുമുള്ള ഒരു രാജ്യവും പ്രദേശവുമാണല്ലോ ഖത്തറും ദോഹയുമൊക്കെ.   രണ്ടു കാര്യങ്ങളിലൂടെ ഖത്തർ ഇപ്പോൾ ലോക ശ്രദ്ധ നേടിയിരിക്കയാണല്ലോ ? ഒന്ന്‌ കഴിഞ്ഞ വർഷം യൂ എ ഇ,   സൗദി അറേബ്യ,  ബഹ്‌റൈൻ എന്നീ രാജ്യങ്ങൾ തീവ്രവാദത്തെ ചൊല്ലി ഖത്തർ റിന് മേൽ ഏർപ്പെടുത്തിയ ഉപരോധം.  രണ്ട് 2022 ൽ നടക്കാൻ പോകുന്ന ലോക ഫുട്ബോൾ മേള. ആദ്യം പറഞ്ഞ ഉപരോധം വാസ്തവത്തിൽ ഖത്തറിന് ഗുണമായി ഭവിച്ചു എന്നു വേണം കരുതാൻ.  അല്ലെങ്കിൽ അവർ ആ ഉപരോധത്തെ ഒരവസരമായി ഉപയോഗപ്പെടുത്തി എന്നു വേണമെങ്കിലും പറയാം.  ഇതാണു കേരളം ഖത്തറിൽ നിന്നും പഠിക്കേണ്ടത്.  വൈകിയെങ്കിലും പഠിക്കേണ്ട ഒരു പാഠമിതാണ്.  2010 ലാണ് ദോഹയിൽ നിന്നും 40 കിമീ തെക്കു മാറി അവർ ഹമാദ് പോർട്ടിന്റെ നിർമ്മാണം ആരംഭിച്ചത്.  ആറു വർഷത്തിനകം അവർ പോർട്ട് പ്രവർത്തിപ്പിച്ചു തുടങ്ങി.  ഔദ്യോഗികമായ ഉദ്ഘാടനം നടന്നിട്ടു കൊല്ലം ഒന്നായതേയുള്ളു.  പ്രവർത്തനം തുടങ്ങിയ 2016 ലെ ആദ്യ മാസം അവർക്കു വെറും 41000 കണ്ടെയ്നറുകൾ മാത്രമാണ് കൈകാര്യം ചെയ്യാൻ കഴിഞ്ഞത്.  2017 ജൂൺ 5 നാണ് പ്രധാനപ്പെട്ട 3 ജിസിസി രാജ്യങ്ങൾ ഉപരോധം പ്രഖ്യാപിച്ചത്.  അന്നുവരെ ചരക്കു കൈമാറ്റത്തിന് ദുബായ് പോർട്ടിനെ പ്രധാനമായും ആശ്രയിച്ചിരുന്ന ഖത്തർ അപകടം തിരിച്ചറിഞ്ഞ് ഉണർന്നു പ്രവർത്തിച്ചു.  കപ്പൽ ചരക്കു കൈമാറ്റത്തിന് സ്വന്തം മാർഗ്ഗങ്ങൾ വളരെ പെട്ടെന്ന് രൂപപ്പെടുത്തിയെടുത്തു.  ഉപരോധത്തിന്റെ ആദ്യ മാസം തന്നെ അവർ 21കപ്പലുകളെ സ്വന്തം പോർട്ടുകളിൽ അടുപ്പിച്ചു.  ഇന്ത്യയിലെ മുന്ദ്ര,  ജെ എൻ  പി ടി,  ഒമാനിലെ സൊഹാർ എന്നീ പോർട്ടുകളുമായി നേരിട്ടു കപ്പൽ ബന്ധം സ്ഥാപിച്ചു.  കഴിഞ്ഞ സെപ്റ്റംബറോടു കൂടി അവർ മലേഷ്യ,  ചൈന,  ടർക്കി,  ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കപ്പൽ സർവീസ് വ്യാപിപ്പിച്ചു.  ഇക്കഴിഞ്ഞ മാർച്ചു 19 ന് ഖത്തർ പോർട്ട് അതോറിറ്റിയുടെ ചെയര്മാനും ട്രാൻസ്‌പോർട് മന്ത്രിയുമായ  ജാസിം സെയ്ഫ് അഹമ്മദ് അൽ സുലൈത്തി അഭിമാനത്തോടെയാണ് അവരുടെ പോർട്ടുകളുടെ നേട്ടം നിരത്തിയത്.  പ്രവർത്തനം തുടങ്ങി കേവലം രണ്ട് വർഷത്തിനകം ഹമദ് പോർട്ട് പത്തു ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്തു കഴിഞ്ഞു. ദുബായുടെ കപ്പലടിമത്വത്തിൽ കഴിഞ്ഞിരുന്ന ഖത്തർ ആ അടിമച്ചങ്ങല പൊട്ടിച്ചെറിഞ്ഞതോടു കൂടിയാണ് കടലിൽ അവർ സ്വതത്രരായത്,  തങ്ങൾക്കും സ്വന്തമായി ഒരു കടലും പോർട്ടുകളും ഉണ്ടെന്നു അവർ തെളിയിച്ചു തുടങ്ങിയത്.   ഉപരോധം വാസ്തവത്തിൽ അവർക്കൊരനുഗ്രഹമായി. ഇന്നലെ വരെ ഖത്തർ ചരക്കിന്റെ  കുത്തകപ്പാട്ടം അടക്കി വാണിരുന്ന ദുബായ് പോർട്ടിനെങ്കിലും ഉപരോധം തെറ്റായി പോയി എന്ന് ഇപ്പോൾ തോന്നുന്നുണ്ടാകും.    ഒന്നും ഒരുകാലത്തും  തിരിച്ചറിയാത്ത,  പൂരപ്പറമ്പിലെ അമിട്ട് തോളിൽ കൊണ്ടു വച്ചു പൊട്ടിച്ചാലും ചെവി തുറക്കാത്ത അന്തർദേശീയ പൊട്ടന്മാർ വാഴുന്ന നമ്മുടെ  നാട്ടിൽ ഖത്തറിനെ നാളിതുവരെ കബളിപ്പിച്ചതിനേക്കാൾ വലിയ കളി നമ്മുടെ നാട്ടിൽ ദുബായ് പോർട്ടു നടത്തിക്കൊണ്ടിരിക്കുന്ന വിവരം മാത്രം പിടി കിട്ടുന്നില്ല. 2011 ൽ പ്രവർത്തനമാരംഭിച്ച വല്ലാർപാടം 7 വർഷം പിന്നിടുമ്പോൾ കേവലം 5. 5 ലക്ഷം കണ്ടെയ്നർ മാത്രമേ കൈകാര്യം ചെയ്തുള്ളു എന്നു പറയുമ്പോൾ എവിടെയാണ് കുഴപ്പമെന്നു സ്വബോധം നഷ്ടപ്പെട്ടിട്ടില്ലാത്തവരെങ്കിലും തിരിച്ചറിയണം.  പ്രധാന ആഗോള കപ്പൽ പാതയിൽ നിന്നും വലിയ അകലത്തിലല്ലാതെ കിടക്കുന്ന കൊച്ചി ഏഴാം വർഷത്തിൽ 5. 5 ലക്ഷം കണ്ടെയ്നർ കൈകാര്യം ചെയ്തപ്പോൾ പ്രധാന പാതയിൽ നിന്നും 1800 നോട്ടിക്കൽ മൈൽ അകലെ കിടക്കുന്ന ഖത്തർ ഹമദ് പോർട്ട് കേവലം രണ്ട് വർഷത്തിനകം 10 ലക്ഷം കൈകാര്യം ചെയ്തപ്പോൾ ആരുടെ ചെകിടത്താണ് നമ്മൾ അടി പൊട്ടിക്കേണ്ടത്  എന്നു മാത്രമേ ചിന്തിക്കേണ്ടതുള്ളൂ.  ഖത്തർ ജനസംഖ്യ കേവലം 25 ലക്ഷം, പിന്നെ ഇരുവശത്തുമുള്ള ഉപരോധ രാജ്യങ്ങൾ ഒഴിച്ച് ബാക്കിയുള്ള ഇറാൻ,   ഇറാഖ്,  കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള ട്രാൻസ്ഷിപ്മെന്റ് മാത്രമാണ് ഏക സാധ്യത.  അവിടെയെല്ലാം കൂടിയുള്ള ജനങ്ങളാണെങ്കിലോ ആകെ പത്തു കോടിയും.  ഖത്തർ,  ട്രാൻസ്ഷിപ്മെന്റ് ഉൾപ്പെടെ  നിർവഹിച്ചു എന്നു വിശ്വസിച്ചാൽ പോലും ആ  കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 130 കോടി ജനങ്ങൾ എന്ന ബ്രഹുത്തായ ബേസ് കാർഗോയുടെ പ്രഭവ കേന്ദ്രത്തിൽ നൂറ്റാണ്ടുകളായി വാഴുന്ന കൊച്ചി എത്ര കണ്ടെയ്നറുകൾ കൈകാര്യം ചെയ്യണമായിരുന്നു ? ആരും കഴിഞ്ഞ ഏഴു കൊല്ലക്കാലത്തിനിടക്ക് ദുബായ് മുതലാളിയോട് അത്തരത്തിൽ ഒരു ചോദ്യം നെഞ്ചു നിവർത്തി നിന്നു ചോദിച്ചതായി കേട്ടു കേൾവി പോലുമില്ല.  അവിടെയാണ് നമ്മൾ ഖത്തർ നൽകുന്ന പാഠം ഖൽബിലേറ്റി കിത്താബിലെഴുതി പഠിക്കേണ്ടത്.  ഇറാനും ഒമാനും മധ്യേയുള്ള ഹോർമുസ് കടലിടുക്ക് താണ്ടി എത്ര കപ്പലുകൾ എന്തിനു വേണ്ടി ഖത്തറിൽ  പോകണം ? എൽഎൻജിയും ക്രൂഡോയിലും ഒഴിച്ചാൽ പരമാവധി പത്തു കോടി ജനത്തിന്റെ ഉത്പാദനവും ഉപഭോഗവും ആണു ഈ കടലോരങ്ങളിലെ വ്യാപാര സാധ്യത.  അതിനു വേണ്ടിയുള്ള കപ്പലുകൾ മാത്രമേ അവിടെപ്പോയി ചരക്കു കൈമാറ്റം ചെയ്തു വരികയുള്ളു.  ഈ പരിമിതമായ ഒരു മാർക്കറ്റിലാണ് കേവലം രണ്ടു വർഷത്തിനകം ഹമദ് പോർട്ട് പത്തു ലക്ഷം തികച്ചതും 2020 ടു കൂടി 70 ലക്ഷം ലക്ഷ്യം വക്കുന്നതും. ഇവിടെ ഒരു താരതമ്യത്തിന് കൂടി പ്രസക്തിയുണ്ട് . വല്ലാർപാടത്തിന്റെയും ഹമദ് പോർട്ടിന്റെയും കടലാഴം ഏതാണ്ട് ഒരുപോലെയാണ് , വല്ലാര്പാടത്തിനു ഒരല്പം കുറവ് വന്നേക്കാം . ചരക്കു കൂട്ടണമെന്ന ആഗ്രഹം ദുബായ് പോർട്ടിനുണ്ടായിരുന്നെങ്കിൽ വല്ലാർപ്പാടത്തിന്റെ ആഴവും അത്യാവശ്യം കൂടുമായിരുന്നു  . അതിനു വല്ലാർപ്പാടത്തിന്റെ ചരക്കു കൂട്ടണമെന്ന് ആവശ്യപ്പെടുന്ന ഒരു മനുഷ്യ ജന്മമെങ്കിലും ഇന്ത്യ മഹാരാജ്യത്തുണ്ടാകണ്ടേ ? ഒരു വശത്തു ചൈനയുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ അവർ ഹമ്പൻ ടോട്ടയും ഗദ്ദാർ പോർട്ടുകളും ഏറ്റെടുക്കുമ്പോൾ ദുബായ് മറ്റൊരു തരത്തിലാണ് ആഗോള കടൽ വ്യാപാര രാഷ്ട്രീയം കളിക്കുന്നത് . ഖത്തർ പോർട്ട് പോലെ വളരാൻ സാധ്യതയുണ്ടായിരുന്ന വല്ലാർപാടത്തെ ശ്വാസം മുട്ടിച്ചു തളർത്തിയതിലൂടെ ദുബായ് 2016 ൽ 152 ലക്ഷം കണ്ടൈനറുകളാണ് കൈകാര്യം ചെയ്തത് . നടപ്പു വർഷത്തെ അവരുടെ കപ്പാസിറ്റി 221 ലക്ഷം ആയി അവർ വളർത്തി . തന്തയും തള്ളയുമില്ലാത്ത അനാഥയായ  വല്ലാർപാടത്തെ  ഏതാണ്ട് എഴുതി തള്ളിയത് പോലെയാണ് ഭരണകൂടങ്ങളുടെ നിലപാട് . പ്രധാന കപ്പൽ പാതയിൽ നിന്നും ഏകദേശം 1700 നോട്ടിക്കൽ മൈൽ അകലെ കിടക്കുന്ന ദുബായ് ആഗോള ചരക്കിനെ വലിച്ചു കൊണ്ട് പോകുമ്പോൾ അതെ സ്ഥലത്തു നിന്നും  പത്തു മുന്നൂറു നോട്ടിക്കൽ മൈൽ മാത്രം(ആകെ 2000 നോട്ടിക്കൽ മൈൽ}  കൂടുതലുള്ള വല്ലാർപാടവും വിഴിഞ്ഞവും നാളിതുവരെ നോക്കുകുത്തിയായെങ്കിൽ അതിന്റെ കാരണം ഖത്തറിൽ ഉള്ളവരെ പോലെ കരളുറപ്പുള്ളവർ ഇന്ത്യ മഹാരാജ്യത്തു കുറ്റിയറ്റു പോയി എന്നു മാത്രമേ വിശ്വസിക്കാൻ കഴിയുകയുള്ളു .   

Share This:

Leave a Reply

Your email address will not be published.