വിഴിഞ്ഞത്തിനില്ല, മാലിക്കുണ്ട്- എന്തായിരിക്കും ?!

നമ്മുടെ ചെറിയ അറിവിൽ തന്നെ രണ്ടരപ്പതിറ്റാണ്ടിലേറെ പഴക്കമുള്ള ആവശ്യമാണ് വിഴിഞ്ഞം മദർ പോർട്ടു പദ്ധതി. തടസ്സങ്ങൾ ഓരോന്നായി മാറ്റി മാറ്റി പദ്ധതി മുന്നോട്ടു പോകുമ്പോൾ പുതിയ തടസ്സങ്ങളുമായി മറ്റു ചിലരെത്തും.  ഏറ്റവും ഒടുവിൽ കിളിമാന്നൂരിൽ നിന്നും പാറ ലഭ്യമാക്കാൻ സർക്കാർ സൗകര്യം ഒരുക്കിയപ്പോൾ പുതിയ തടസ്സതൊഴിലാളികൾ രംഗത്തെത്തി.  എല്ലാ തടസ്സ രാജ്യ സ്നേഹികൾക്കും ഒരു ചെറിയ കാഴ്ച കാണിച്ചു തരാം.  ശംഖുമുഖം കടപ്പുറത്തു നിന്നും വളരെ സൂക്ഷിച്ചു നോക്കിയാൽ കാണാവുന്ന ഒരു പ്രദേശമുണ്ട്,  മാൽ ദീവ്സ് എന്നാണ് പേരു. ഏകദേശം ദൂരം പത്തെഴുനൂറ്‌ കിലോമീറ്റർ.  എല്ലാം കൂടി ഒരു നാലു ലക്ഷം ജനങ്ങൾ.  തലസ്ഥാന കോർപറേഷൻ പരിധിയിലെ ജനങ്ങൾ 10 ലക്ഷത്തോളം വരുമ്പോൾ മാൽ ദീവ്സ് എന്താണ് എന്നു ഏകദേശം പിടികിട്ടും.  അവിടേക്കു ദിവസവും യാതൊരു തടസ്സവുമില്ലാതെ തൊട്ടയല്പക്കത്തു നിന്നും ഇഷ്ടം പോലെ പാറ ബാർജുകളിൽ കയറിപ്പോകുന്നുണ്ട്.  നമ്മുടെ നാട്ടിലെ പാറ ഉപയോഗപ്പെടുത്തി മാൽ ദീവ്സ് എയർപോർട്ടും സീപോർട്ടുമൊക്കെ പണിയുന്നുണ്ട്.  ഇതൊക്കെ പണിയുന്നതിൽ മുൻ പന്തിയിൽ നിൽക്കുന്നത് ചൈന കമ്പനികളും ! നമ്മുടെ നാട്ടിൽ പാറ കിട്ടാക്കനിയായി തുടരുമ്പോൾ എങ്ങനെയാണ് അടുത്ത രാജ്യങ്ങളിൽ നമ്മുടെ പാറ ഉപയോഗപ്പെടുത്തി നിർമ്മാണ പ്രവർത്തികൾ നടക്കുന്നത് ? വിഴിഞ്ഞത്തിന്റെ തൊട്ടടുത്തുള്ള തമിഴ്‌നാട്ടിലെ ചില സ്ഥലങ്ങളിൽ നിന്നാണ് ദിവസേന ഒരു ടണ്ണോളം വലുപ്പമുള്ള ആയിരക്കണക്കിന് പാറക്കൂട്ടങ്ങൾ ബാർജുകൾ വഴി കടൽ കടക്കുന്നത് . പാറ പൊട്ടിക്കുന്നതിനു അവിടെ ഒരു പരിസ്ഥിതി നിയമവും ബാധകമല്ല , ഒരു കോടതികളും അറിയുന്നുപോലുമില്ല . ഏക്കറുകണക്കിന് ഭൂമിയിൽ നിന്നുള്ള കല്ലുകൾ ഇതിനകം കടൽ കടന്നുകഴിഞ്ഞു . അപ്പോഴും വിഴിഞ്ഞത്തിനു കാൽ കഴഞ്ചു കല്ലുകിട്ടാൻ ഇവിടെ പലരും നെട്ടോട്ടമോടുന്നു . എവിടെയെങ്കിലും കല്ലുണ്ടെന്നറിഞ്ഞാൽ ഉടനെ തടസ്സക്കമ്മിറ്റികൾ സജീവമാകും . ഇത്തരക്കാർ അയൽ രാജ്യങ്ങളിലും പ്രദേശങ്ങളിലും കടലുകളിൽ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പഠിക്കാൻ ശ്രമിച്ചില്ലെങ്കിലും കാണാനെങ്കിലും ശ്രമിക്കണം . ശ്രീലങ്കയിലെ കൊളംബോ പോർട്ടിനോട് ചേർന്ന് അവർ ഒരു പുതിയ പോർട്ട് സിറ്റി തന്നെ പണിയുന്നു . നികത്തുന്ന കടൽ എത്രയാണെന്നറിയണ്ടേ ? വെറും 700 ഏക്കർ ! മാൽ ദീവ്‌സിൽ അവരുടെ പാർലമെന്റ് പാസ്സാക്കിയ ഒരു നിയമമുണ്ട് , വിദേശികൾക്ക് അവിടുത്തെ ഭൂമി സ്വന്തമാക്കി നിർമ്മാണ പ്രവർത്തനങ്ങൾ നടത്താം . കുറഞ്ഞത് 65000 കോടി രൂപ നിക്ഷേപിക്കണം . കൂടാതെ 70 % ഭൂമി കടൽ നികത്തിയെടുത്തു കൊള്ളണം . അപ്പോൾ തൂത്തുക്കുടി വഴി 700 കിലോ മീറ്റർ മാത്രം ദൂരമുള്ള മാൽ ദീവ്‌സിൽ പാറ പോകുന്നത് എന്തിനെന്നു മനസ്സിലായല്ലോ ? പൂന്തുറയിലും ശംഖുമുഖത്തും കടൽ കയറുന്നതിന്റെ കാരണം വേറെ എവിടെയെങ്കിലും അന്വേഷിക്കണോ ? ഇതൊന്നും കാണാൻ ഇവിടുത്തെ ‘പരിസ്ഥിതി തീവ്രവാദി ‘കൾക്ക് കണ്ണുമില്ല പ്രതിഷേധവുമില്ല . വിഴിഞ്ഞം കടലിനോടും കല്ലിനോടും മാത്രമാണ് അവരുടെ എതിർപ്പ് എന്നറിയുന്നിടത്താണ് പല അണിയറക്കഥകളും പുറത്തുവരുന്നത് . ഏതു നിമിഷവും വെള്ളം കയറി മുങ്ങിപ്പോകാവുന്ന ഒരു രാജ്യം , കാര്യമായ കൃഷിയോ വ്യവസായങ്ങളോ ഇല്ല ,  അത്തരം പരിമിതികളെ എല്ലാം അതിജീവിച്ച് നമ്മുടെ മൂന്നിരട്ടി പ്രതി ശീര്ഷ ഉത്പാദനം നടത്തുന്നു . നമ്മുടെ ശരാശരി പ്രതിശീർഷ ഉത്പാദനം 4 .5 ലക്ഷം രൂപയുള്ളിടത്തു ശരാശരി മാലിക്കാരന്റെ സംഭാവന 12 .5 ലക്ഷമാണ് . തൂത്തുക്കുടിയിൽ നിന്നും കല്ല് കൊണ്ട് പോകുന്നത് എന്തിനാണെന്ന് ഇപ്പോൾ പിടി കിട്ടിക്കാണുമല്ലോ ! ഇല്ലാത്ത ചാരക്കഥകൾ മെനഞ്ഞവർ ചമയം ഒട്ടുമില്ലാത്ത ഇത്തരം കഥകൾ കപട പരിസ്ഥിതിക്കാരോടും നഗരൂർ സമരക്കാരോടും  പറഞ്ഞു കൊടുക്കാത്തതെന്താണ് ?

Share This:

Leave a Reply

Your email address will not be published.