ബംഗാളും ബർമയുമല്ല, നമോ നമിക്കേണ്ടത് വിഴിഞ്ഞത്തെയാണ് !

ഈ കുറിപ്പെഴുതുമ്പോൾ നമ്മുടെ പ്രധാനമന്ത്രി ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിദോദോ യോടൊപ്പമായിരിക്കാം.  ഇത്തരം വിദേശയാത്രകൾ നടത്തി മേനി നടിക്കുന്ന പ്രധാന മന്ത്രി അവിടുത്തെ അധികാരികൾ നടത്തുന്ന കാര്യങ്ങൾ കൂടി പഠിക്കുന്നത് നന്നായിരിക്കും.  പ്രത്യേകിച്ചും ആഗോള പോർട്ടു മേഖലകളിൽ ചൈനയെ നേരിടാൻ ജപ്പാനുമായി ഇന്ത്യ പുതിയ ധാരണകൾ ഉണ്ടാക്കുന്ന സാഹചര്യത്തിൽ.  ഏഷ്യൻ മേഖലയിൽ ചൈന ബംഗ്ലാദേശ്,  ബർമ,  മലേഷ്യ,  ശ്രീലങ്ക,  മാൽ ദീപ്,  പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ പുതിയ പോർട്ടുകൾ നിർമ്മിക്കുകയോ അല്ലെങ്കിൽ നേരത്തെ ഉള്ളവ ഉപയോഗപ്പെടുത്തുകയോ ചെയ്യുക എന്ന തന്ത്രപരമായ സമീപനം സ്വീകരിച്ചു കഴിഞ്ഞു.  വാസ്തവത്തിൽ ഇന്ത്യക്ക് ചുറ്റും ഒരു സാഗർ മാല തീർത്തത് ചൈനയാണ്.  ചിറ്റഗോങ്ങ്,  ഹമ്പൻ ടോട്ട,  ഗദ്ദാർ എന്നീ പോർട്ടുകൾ അവയിൽ ചിലതു മാത്രമാണ്. അപകടം തിരിച്ചറിയാൻ വൈകിയ ഇന്ത്യ ഇപ്പോൾ ഒരാഗോള മറുതന്ത്രം പ്രയോഗിക്കാനുള്ള ശ്രമത്തിലാണ്.  ജപ്പാനുമായി ചേർന്ന് ഏഷ്യൻ മേഖലയിൽ പുതിയ പോർട്ടുകൾ പണിയുകയോ ഉള്ളവ വികസിപ്പിക്കുകയോ ആണു ലക്ഷ്യം.  ഇന്ത്യ മുൻകൈ എടുത്തു എന്നു പറയുന്നതിനേക്കാൾ നല്ലത് ജപ്പാൻ ഇന്ത്യയെ മുന്നിൽ നിർത്തി ചൈനയെ വിരട്ടാൻ ശ്രമിക്കുന്നു എന്നു വേണമെങ്കിലും പറയാം. അത്തരം ഒരു നീക്കത്തിന്റെ ഒടുവിൽ ഒരേഷ്യൻ പോർട്ടുകളുടെ  ചിത്രം രൂപപ്പെട്ടു തുടങ്ങുന്നു . അതിലൊരെണ്ണം ബംഗ്ലാദേശിലെ പ്യാര, മ്യാൻമാറിലെ ദവെയ് , ശ്രീലങ്കയിലെ ട്രിൻകോമലേ എന്നിങ്ങനെ പോകുന്നു . ഇറാനിലെ ചബഹാർ പോർട്ട് ഈ രംഗത്തെ ഒരു തുടക്കമായി വേണമെങ്കിൽ വിലയിരുത്താം .അന്താരാഷ്‌ട്ര തലത്തിൽ പോർട്ട് വികസനത്തിന് ഇത്രയും പ്രാധാന്യം നൽകുന്ന ഒരു പ്രധാന മന്ത്രി ഇന്ത്യയിലെ ഏറ്റവും വലിയ മദർ പോർട്ട് പദ്ധതിക്ക് എന്തെങ്കിലും പ്രാധാന്യം നൽകുന്നുണ്ടോ ? അതറിയണമെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോൾ സന്ദർശനം നടത്തിക്കൊണ്ടിരിക്കുന്ന ഇന്തോനേഷ്യൻ പ്രസിഡന്റിന്റെ നടപടികൾ കൂടി നമ്മൾ പരിശോധിക്കണം . നാളിതുവരെ ഇന്തോനേഷ്യയുടെ കപ്പൽ വ്യാപാരം പ്രധാനമായും നടത്തിയിരുന്നത് സിംഗപ്പൂർ , മലേഷ്യ എന്നിവിടങ്ങളിലെ പോർട്ടുകൾ വഴിയാണ് . ആദ്യമായി അവർ അമേരിക്കയിലേക്ക് നേരിട്ടുള്ള ഒരു കയറ്റുമതിക്ക് ശ്രമിച്ചു . ഫ്രഞ്ച് കമ്പനിയായ CMA CGM മായി ചേർന്നു ആദ്യത്തെ ഒരു കപ്പൽ അമേരിക്കയിലോട്ടു പുറപ്പെടാൻ തയ്യാറായപ്പോൾ അത് നേരിട്ട് കണ്ടു കാര്യങ്ങൾ അന്വേഷിക്കാൻ ഇന്തോനേഷ്യൻ പ്രസിഡന്റ് നേരിട്ട് തന്നെയെത്തി . അവിടെയാണ് കാര്യങ്ങൾ നമ്മൾ കൂടുതൽ പഠിക്കാൻ നിര്ബന്ധിതരാകുന്നത്. ജക്കാർത്ത ഇന്റർനാഷണൽ കണ്ടെയ്നർ ടെർമിനൽ സാക്ഷ്യം വഹിച്ച ആ ചടങ്ങിലെത്തിയ കപ്പലിന് 9365 കണ്ടെയ്നർ ശേഷി മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്തോനേയേഷ്യയെ സംബന്ധിച്ചിടത്തോളം അത് തന്നെ വലിയ കാര്യമായിരുന്നു . അതുകൊണ്ടാണ് ആ കപ്പലിനെ യാത്രയാക്കാൻ  രാജ്യത്തെ പ്രസിഡന്റ് തന്നെ നേരിട്ടെത്തിയത് . പതിനായിരത്തിൽ താഴെ മാത്രം കണ്ടെയ്നർ ശേഷിയുള്ള ഒരു കപ്പലിന് ഒരു രാജ്യം നൽകുന്ന പ്രാധാന്യം അറിയുമ്പോൾ ആണ് ലോകത്തിലെ ഏറ്റവും വലിയ കപ്പലുകളെ പോലും സ്വീകരിക്കാൻ കഴിയുന്ന വിഴിഞ്ഞം മദർ പോർട്ട് വെയിലത്ത് ഉണങ്ങാനിനിട്ടിരിക്കുന്ന കാഴ്ച നമ്മൾ കാണുന്നത് . ഇന്ത്യക്കു ചുറ്റും പോർട്ടുകൾ പണിയാൻ ഓടി നടക്കുന്ന പ്രധാന മന്ത്രി എന്തുകൊണ്ടാണ് രാജ്യത്തെ ആദ്യത്തെ മദർ പോർട്ടിനെ കണ്ടില്ലയെന്നു നടിക്കുന്നത് ? വിഴിഞ്ഞം ഒരു സംസ്ഥാന വിഷയമാണ് കേന്ദ്രത്തിനു അതിൽ പങ്കില്ലായെന്നു പറയാൻ കഴിയില്ല , കാരണം ഒരു മദർ പോർട്ടില്ലാത്തതിനാൽ നഷ്ടം സംഭവിച്ചു കൊണ്ടിരിക്കുന്നത് രാജ്യത്തിന് മുഴുവനുമായിട്ടാണ് . ഏതോ കാലത്തു വയബിലിറ്റി ഗ്യാപ് ഫണ്ട് ഇനത്തിൽ ഒരു 800 കോടി രൂപ കൊടുത്തുകൊള്ളാം എന്നെഴുതിക്കൊടുത്ത ഒരു കടലാസ്സിനപ്പുറം കേന്ദ്രം നാളിതു വരെ വിഴിഞ്ഞം പദ്ധതി എവിടം വരെയായി എന്നുപോലും അന്വേഷിച്ചിട്ടുണ്ടോ ? ഇപ്പോഴും ട്രാൻസ്ഷിപ്മെന്റ് ഇനത്തിൽ കോടികൾ ചോർന്നു പോയിക്കൊണ്ടിരിക്കുന്നു .  ആ സാഹചര്യം കണക്കിലെടുത്തെങ്കിലും വിഴിഞ്ഞം പദ്ധതി നേരത്തെ പൂർത്തിയാക്കാൻ അദ്ദേഹം ഇടപെടേണ്ടതായിരുന്നു . അപ്പോഴാണ് ഒരു വികസന കാഴ്ചപ്പാട് പ്രധാന മന്ത്രിക്കുണ്ട് എന്നു നമുക്ക് പറയാൻ കഴിയുക . ലോകം മുഴുവൻ പറന്നാൽ പോരാ , അവിടെ നടക്കുന്ന നല്ല കാര്യങ്ങൾ നാട്ടിൽ പകർത്താൻ കൂടി ശ്രമിച്ചാലെ വിമാനക്കൂലി വഹിക്കുന്ന നാട്ടുകാർക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടാകു . നാഴികക്ക് നാല്പതുവട്ടം വികാസ് വികാസ് എന്നു പറഞ്ഞതുകൊണ്ടുമാത്രം നാട്ടുകാരുടെ വയർ വികസിക്കത്തില്ല !! 

Share This:

Leave a Reply

Your email address will not be published.