എങ്കിൽ നോർക്ക പിരിച്ചുവിടാൻ വനിതാ കമ്മീഷൻ ആവശ്യപ്പെടണം

“മാറ്റത്തിന് തന്റേടമുള്ളവളാകുവിൻ” – വനിതാകമ്മീഷന്റെ ഏറ്റവും ഒടുവിലത്തെ ആഹ്വാനമാണ് ! എന്തൊക്കെയാണ് പത്രത്തിലൂടെ വിളമ്പിയ  വായ്ത്താരികൾ ? “പക്ഷപാതത്തെയും അസമത്വത്തെയും ഞാൻ വെല്ലുവിളിക്കും , അക്രമത്തിനെതിരെ ഞാൻ പ്രചാരണം നടത്തും , സ്ത്രീകളുടെ പുരോഗതി ഞാൻ കരുപ്പിടിപ്പിക്കും , സ്ത്രീകളുടെ നേട്ടങ്ങൾ ഞാൻ കൊണ്ടാടും , അങ്ങനെ ഞാൻ മാറ്റത്തിന് തന്റേടം കാട്ടും ” വനിതാക്കമ്മീഷൻ കൊട്ടിഘോഷിക്കുന്ന കേരളത്തിലെ ഈ മാറ്റം പത്രത്തിലെ  തൊട്ടടുത്ത പുറത്തു നോർക്ക എന്ന സർക്കാർ വിലാസം ഏജൻറ് പരസ്യമായി തന്നെ കൊടുത്തു .വനിതകൾക്കായി നോർക്ക റൂട്സിന്റെ സൗജന്യ റിക്രൂട്ട്മെന്റ് . ജോലി എന്താണെന്നറിയണ്ടേ ? കുവൈറ്റിലെ ഗാർഹീക ജോലികൾ ! പ്രായം 30 നും 45 നുമിടക്ക് !! 30 കാരികൾ ഗൾഫിലെ അടുക്കളകളിൽ ആ പണികൾ മാത്രമാണോ ചെയ്യേണ്ടി വരുന്നത് എന്ന് കുറഞ്ഞപക്ഷം നോർക്ക അന്വേഷിക്കേണ്ടതായിരുന്നു . അല്ലെങ്കിൽ തന്നെ കേരളത്തിലെ പെണ്ണുങ്ങൾ അറബിയുടെ അടുക്കള തുടക്കേണ്ടവരാണോ എന്നെങ്കിലും നോർക്ക ചിന്തിക്കേണ്ടതായിരുന്നു . ലക്ഷക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികൾ കേരളത്തിൽ പണിയെടുക്കുന്നുണ്ടെങ്കിലും അവരാരും അവരുടെ സ്ത്രീകളെ കേരളത്തിലെ അടുക്കള തുടക്കാൻ പറഞ്ഞു വിടുന്നില്ല എന്നെങ്കിലും നോർക്ക മുതലാളിമാർ കാണേണ്ടതായിരുന്നു . അല്ലെങ്കിൽ തിരിച്ചു ഒന്ന് ചോദിച്ചോട്ടെ – ഏതെങ്കിലും നോർക്ക മുതലാളിയുടെ വീട്ടിലെ പെണ്ണുങ്ങളെ ഈ പണിക്കു പറഞ്ഞു വിടുമോ ? ഗഫൂറിക്കയുടെ പണി നോർക്ക ചെയ്യേണ്ടതുണ്ടോ എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു . നാട്ടിൽ ഈ പാവങ്ങൾക്ക് ഒരു വരുമാന മാർഗം കാണിച്ചു കൊടുക്കാൻ ത്രാണിയില്ലാത്തതു കൊണ്ടാണല്ലോ ഈ പാവങ്ങളെ നാടുകടത്താൻ നോർക്ക തയ്യാറെടുത്തിരിക്കുന്നത് ? എന്നാൽ ഈ നാടിനെ കുറിച്ച് മറ്റുള്ളവർ ഇപ്പോൾ എങ്ങനെ ചിന്തിക്കുന്നു എന്നു കൂടി ഈ കമ്മീഷൻ ഏജന്റുമാർ മനസ്സിലാക്കിയിരിക്കുന്നത് നന്നായിരിക്കും .  ഇന്ത്യാ മഹാരാജ്യം അതിന്റെ സുവർണ്ണ കാലത്തിലേക്ക് കുതിക്കാൻ തയ്യാറെടുക്കുന്നു . അതുകൊണ്ടു ഇന്ത്യയിൽ ധാരാളം നിക്ഷേപം നടത്തണം . പറയുന്നത് , ഒന്നാം നമ്പർ ലോക ശക്തിയാകാൻ കുതിക്കുന്ന ചൈനയാണ് . അങ്ങനെ നിക്ഷേപം നടത്താൻ സർക്കാർ ഉടമസ്ഥതയിൽ പ്രത്യേക നിക്ഷേപ ഫണ്ടുവരെ അവർ മാറ്റി വച്ച് കഴിഞ്ഞു . ലോകം നമ്മളെ വിലയിരുത്തുന്നതു പോലും മനസ്സിലാകാതെ നമ്മൾ വിദഗ്ധമായി ‘മനുഷ്യക്കടത്ത് ‘ നടത്തിക്കൊണ്ടിരിക്കുന്നു . ലോകത്തിലെ വളരുന്ന ഏറ്റവും വലിയ ആഭ്യന്തര വിപണി ലാക്കാക്കി ലോക നിർമ്മാണക്കമ്പനികൾ പുതിയ പുതിയ സംരംഭങ്ങൾ ഇവിടെ  ആരംഭിക്കുമ്പോൾ നമ്മൾ അതൊന്നും കാണുന്നേയില്ല . ആ വിപണിയിൽ കേരളീയർക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന അന്വേഷണമില്ല . കുഞ്ഞുടുപ്പുകൾ കയറ്റുമതി ചെയ്യുന്ന കേരളത്തിലെ ഒരു സ്ഥാപനം ഒരു ദിവസത്തെ അവരുടെ ഉത്പാദനം 25 ലക്ഷം യൂണിറ്റാക്കാൻ പദ്ധതിയിടുന്നതായി വാർത്തകണ്ടു (25 ലക്ഷമെന്നത് റിപോർട്ടർക്കു വന്ന തെറ്റല്ല എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം ). അത്രയും വലിയ ഒരു ലോക വിപണി നമ്മുടെ മുന്നിൽ ഉള്ളപ്പോൾ നമ്മുടെ പെണ്ണുങ്ങളെ തറ തുടക്കാൻ പറഞ്ഞു വിടണോ ? ഇനി അത് നോർക്കയുടെ നയമാണെങ്കിൽ വനിതാക്കമ്മീഷൻ തന്റേടം പെന്റെടം എന്നൊക്കെ പറഞ്ഞു വീമ്പിളക്കുന്നത്‌ അവസ്സാനിപ്പിക്കണം . അതല്ല വനിതാകമ്മീഷന്റെ നയത്തിന് വിരുദ്ധമാണ് നോർക്കയുടെ നോട്ടമെങ്കിൽ ആ പ്രസ്ഥാനത്തെ പിരിച്ചു വിടാൻ വനിതാക്കമ്മീഷൻ ആവശ്യപ്പെടണം. കുറഞ്ഞപക്ഷം ഈ മനുഷ്യക്കടത്തെങ്കിലും അവസ്സാനിപ്പിക്കാൻ മുൻകൈ എടുക്കണം .

Share This:

Leave a Reply

Your email address will not be published.