ഓഖി ഓരിയിട്ടതിനു പിന്നിലും വിഴിഞ്ഞം തന്നെ… ?!

എന്തിനാ അതിൽ നിന്നു മാത്രം ‘കൊലയാളി’ പദ്ധതിയായ വിഴിഞ്ഞത്തെ മാറ്റി നിർത്തുന്നത്? 153 പേരെ കൊന്നു കൊലവിളിച്ച്‌ ഓരിയിട്ട ഓഖിയും കൂടി വിഴിഞ്ഞത്തിന്റെ തലയിൽ കെട്ടി വച്ചു കൊടുക്കാൻ പറ്റിയ സന്ദർഭം രൂപപ്പെട്ടു വരികയല്ലേ ? അതും കൂടി ചെയ്‌ത്‌ അവസാനത്തെ ആണിയടിക്കാൻ തയ്യാറായിക്കോളു.  പക്ഷെ അതിനു മുമ്പു,  ആണിയും ചുറ്റികയും കയ്യിലെടുത്തു വിഴിഞ്ഞത്തെ  കൊന്നു കുഴിച്ചു മൂടുന്നതിനു  മുമ്പു ഈ രണ്ടു മൂന്നു പീറക്കടലാസ്സു കഷണങ്ങൾ കൂടി വായിച്ചു നോക്കാൻ,  ശംഖുമുഖം തീരം നഷ്ടപ്പെട്ടതിൽ കണ്ണീർ ഇപ്പോഴും തോരാത്ത   ‘ദേശ സ്നേഹി’കളോട് ഒരപേക്ഷയുണ്ട്.  

വിഴിഞ്ഞം പദ്ധതിയുടെ നിർമ്മാണം തുടങ്ങിയതോടു കൂടിയാണല്ലോ തലസ്ഥാനത്തു കടൽ കയറിത്തുടങ്ങിയത് എന്നാണല്ലോ ആരോപണം.  വടക്കു നിന്നും തെക്കോട്ടു പോകുന്ന കടലടിത്തട്ടിലെ മണ്ണ് കടൽ ശാന്തമാകുന്നതോടു കൂടി തിരികെ കടൽ തന്നെ ശംഖുമുഖത്തു കൊണ്ടിടുന്നത് വിഴിഞ്ഞം പദ്ധതിയുടെ നിർമ്മാണം കാരണം തടസ്സപ്പെട്ടിരിക്കയാണത്രെ . വിഴിഞ്ഞം പദ്ധതിയുടെ പുലിമുട്ടുകളാണ് ഈ മണ്ണൊഴുക്കിനെ തടസ്സപ്പെടുത്തിയിരിക്കുന്നതു എന്നാണു ‘ശാസ്ത്രീയമായ’ കണ്ടെത്തൽ . ഈ അഭിനവ ശാസ്തജ്ഞരെ ഞങ്ങൾ വിഴിഞ്ഞം പദ്ധതി പ്രദേശത്തോട്ടു ക്ഷണിക്കയാണ് . ഏകദേശം 1000 ദിവസങ്ങളായി വിഴിഞ്ഞത്തു പണി നടക്കയാണെങ്കിലും നാളിതു വരെ പണി പൂർത്തിയാക്കാൻ കഴിഞ്ഞത് കേവലം 600 മീറ്ററിനടുത്ത ബ്രേക്ക് വാട്ടർ ആണ് . അതിൽ തന്നെ കുറെ ഭാഗം ഓഖി കടലെടുത്തു പോവുകയും ചെയ്തു . ബാക്കി ഭാഗം ഇപ്പോഴത്തെ മൽസ്യ ബന്ധന തുറമുഖത്തിന്റെ തെക്കു വശത്തെ (ലീവാർഡ് സൈഡ്) പുലിമുട്ടിനേക്കാൾ പിന്നിൽ മാത്രമാണ് ഇപ്പോഴും നിൽക്കുന്നത് . അതായത് ശംഖുമുഖത്തു തിരികെ മണൽ കൊണ്ട് നിക്ഷേപിക്കാതെ തടഞ്ഞു നിർത്തിയിരിക്കുന്നത് ‘അഭിനവ ശാസ്ത്രജ്ഞ’രുടെ വിചിത്രമായ കാഴ്ചപ്പാട് പ്രകാരം മൽസ്യ ബന്ധന തുറമുഖം എന്നു വരുന്നു . വിഴിഞ്ഞത്തു മൽസ്യ ബന്ധന തുറമുഖം ആരംഭിച്ചിട്ട് അമ്പതു വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു . മൽസ്യ ബന്ധന തുറമുഖത്തേക്കാൾ കടലിൽ കയറിക്കിടക്കുന്ന കോവളം ബാരിയർ മന്വന്തരങ്ങളായി ഈ കടലിൽ തന്നെയുണ്ട് . ഇവയൊക്കെ ഉണ്ടായിട്ടും  നാളിതു വരെയില്ലാത്ത മണലൊഴുക്കിന്റെ തടസ്സം ഇക്കൊല്ലം മാത്രമെങ്ങനെയുണ്ടായി എന്നൊന്നും ഈ അഭിനവ ശാസ്ത്ര അഭിനേതാക്കളോടു ചോദിക്കരുത് . കാരണം തങ്ങൾ ഒരു തിയറി അവതരിപ്പിക്കും , ലോകം മുഴുവൻ അതു ശരിയെന്നു സമ്മതിച്ചു കൊടുക്കണം . അതാണ് വിഴിഞ്ഞം വിരോധികളുടെ ആവശ്യം . അങ്ങനെ സമ്മതിച്ചു കൊടുക്കാൻ ഞങ്ങളുടെ അൽപ ജ്ഞാനം ഞങ്ങളെ അനുവദിക്കുന്നില്ല . വിഴിഞ്ഞം പദ്ധതിയിലൂടെ നാട്ടിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയും എന്നു വിശ്വസിക്കുന്നവർ ആ വിശ്വാസം രൂപപ്പെടുത്തിയത് ലോകം മുഴുവൻ പോർട്ടുകൾ സൃഷ്ടിക്കുന്ന മായാജാലക്കാഴ്ചകൾ കണ്ടതിൽ നിന്നാണ് . അതുപോലെ തന്നെ പല കാര്യങ്ങളും ലോകത്തിൽ നിന്നും പഠിക്കേണ്ടതുണ്ട് . കഴിഞ്ഞ കുറച്ചു മാസങ്ങളായി , പ്രത്യേകിച്ചും ഓഖി ചുഴലിക്കാറ്റിനു ശേഷം നമ്മുടെ കടലിന്റെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ കണ്ടു തുടങ്ങിയത് ഞങ്ങളിലും ആശങ്കകൾ ഉളവാക്കി . തിരമാലകൾക്കു ശക്തി കൂടി വരുന്നു , തീരം കൂടുതൽ കവർന്നെടുക്കുന്നു , പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കൂരകൾ നിന്ന നില്പിൽ കടലെടുത്തു പോകുന്നു , പലതരം കാറ്റുകൾ ചുറ്റിയടിക്കുന്നു തുടങ്ങി പ്രകൃതി ആകെ കലങ്ങി മറിയുന്നു . പക്ഷെ ഇതിന്റെയെല്ലാം പാപഭാരം ഇതൊന്നുമറിയാത്ത വിഴിഞ്ഞം പദ്ധതിയുടെ തലയിൽ വച്ചുകെട്ടി ചുളുവിൽ ‘ചുരത്തി’ലൂടെ ചാമ്പ്യനായി കളയാം എന്നൊന്നും ഞങ്ങൾ വ്യാമോഹിച്ചില്ല .  പകരം കണ്ണ് തുറന്നു ലോകം മുഴുവൻ കാണാൻ ശ്രമിച്ചു . അപ്പോൾ കണ്ട  ചില കാര്യങ്ങൾ വിഴിഞ്ഞം പദ്ധതിയെ കൊല്ലാൻ നടക്കുന്ന പുണ്ണ്യവാളന്മാരും വിഴിഞ്ഞത്തെ സ്വപ്നതുല്യം സ്നേഹിക്കുന്നവരും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ് . അതിലൊരെണ്ണം ഇങ്ങനെയാണ് .ലോകമാകെയുള്ള മണൽപ്പരപ്പുള്ള ബീച്ചുകളുടെ 24 ശതമാനവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു . ഇത് ഏകദേശം 50 ,000 മൈലുകളോളം വരുമത്രെ . ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ നാസയും അമേരിക്കയിലെ ജിയോളജിക്കൽ സർവേയും ചേർന്നാണ് ഈ പഠനം നടത്തിയത് . അതിൽ ശംഖുമുഖം ബീച്ച് ഒരു കാരണവശാലും വരില്ല എന്നു വാശി പിടിക്കുന്നവർ ഇനിയും കണ്ടേക്കാം . അത്തരക്കാർക്കു വേണ്ടി മറ്റൊരു വസ്തുത കൂടി നിരത്തി വക്കാം . 1993 മുതൽ നാളിതുവരെയായി 3.3 ഇഞ്ച്‌ വർദ്ധനവ് ആഗോള കടൽ ജലത്തിലുണ്ടായി . ഓരോ വർഷവും 3 .4 മില്ലീമീറ്റർ എന്ന കണക്കിന് ഈ വെള്ളം വർധിച്ചു കൊണ്ടിരിക്കുന്നു . കടലിൽ ദിവസേന കൂടി വരുന്ന ഈ വെള്ളം എങ്ങോട്ടു പോകും എന്നൊന്നും നമ്മൾ ആരോടും ചോദിച്ചു പോകരുത് . അതെല്ലാം ശംഖുമുഖം തിരക്കുഴിക്കപ്പുറം ചിറകെട്ടി നിർത്താൻ കെൽപ്പുള്ളവരാണ് നമ്മുടെ അഭിനവ അഭ്യാസികൾ ! കടലേഴിലും കരവെള്ളം കൂടിയാലും,  അതിലൂടെ കടൽ കരകൾ  കവർന്നെടുത്താലും അതൊന്നും തങ്ങളുടെ വിഷയമല്ലായെന്നു വാദിക്കുന്നവർ അപ്പോഴും തങ്ങളുടെ അമ്പുകൾ വിഴിഞ്ഞത്തിനു നേരെ തൊടുത്തു വക്കും . അതിലൊന്നും ഞങ്ങൾ പുതുമ കാണുന്നില്ല , കാരണം അങ്ങ് മുംബയിൽ കടലുയർന്നാൽ പോലും  അതിന്റെ പഴി വിഴിഞ്ഞത്തിന്റെ തലയിൽ കെട്ടാൻ അവർ കാത്തിരിക്കയാണ് . അപ്പോഴാണ് അഞ്ചു മീറ്റർ ഉയരത്തിൽ മുംബൈ മറൈൻ ഡ്രൈവിൽ ഒരു തിര വന്നു ചിതറിത്തെറിച്ചത്‌ .അതും നടപ്പു ജൂലൈ മാസത്തെ നടു മധ്യത്തിൽ . ഹേ അങ്ങനെ ഒന്നും തിരുവനന്തപുരത്തിന് പുറത്തു  സംഭവിക്കാൻ സാധ്യതയില്ലായെന്നു തന്നെയാകും വിഴിഞ്ഞം വിരോധികളുടെ വിലയിരുത്തൽ . ഇനി അഥവാ സംഭവിച്ചിട്ടുണ്ടെങ്കിൽ വിഴിഞ്ഞം തന്നെയാകും അവിടുത്തെയും വില്ലൻ!  കടൽ പൊങ്ങുന്നതും കര പോകുന്നതും ലോകത്തിലാകെ ശംഖുമുഖത്തെ ആറാട്ടു കടവിൽ മാത്രമാണ് എന്നു വിശ്വസിക്കാനാണ് അഭ്യാസികൾക്കിഷ്ടം . അതിന്റെ കാരണക്കാരനോ , വിഴിഞ്ഞം മദർ പോർട്ടും ! ശംഖുമുഖത്തിനു പുറമെ എടുത്തുയർത്തിക്കാട്ടുന്ന മറ്റൊരു ഉദാഹരണമാണല്ലോ വലിയതുറ കടൽപ്പാലം . വിഴിഞ്ഞം നിർമ്മാണം ആരംഭിച്ചതോടെ അതും അപകടത്തിലായി . നോക്കണേ , വിഴിഞ്ഞം പദ്ധതി കൊണ്ടു വരുന്ന ഓരോ ദ്രോഹങ്ങൾ ?! പാവം സ്ഥലവാസികളായ പാവം മൽസ്യത്തൊഴിലാളികൾ പോലും വിഴിഞ്ഞം പദ്ധതിയെ വില്ലനായി കണ്ടു തുടങ്ങി . എന്നാൽ രണ്ടിടത്തെയും പൊതുവായ ഒരു സത്യം സർക്കസ് നന്നായി കളിക്കാൻ അറിയാവുന്ന അഭ്യാസികൾ മറച്ചുവച്ചു .വലിയതുറയിലെ പാലത്തിന്റെ അപ്പുറവും ഇപ്പുറവും രണ്ടു കടൽഭിത്തികൾ വന്നവസ്സാനിക്കുന്നു . ഏകദേശം ഒരു 500 മീറ്റർ തുറസ്സായ സ്ഥലത്താണ് കടൽപ്പാലം നിലകൊള്ളുന്നത് . കടൽത്തിരകളുടെ ശക്തി കൂടുമ്പോൾ അവക്കാകെ പ്രവേശിക്കാൻ തടസ്സമില്ലാതെ കിടക്കുന്ന ഈ പ്രദേശത്തു അവ കടന്നു വരികയും മണ്ണ് കവർന്നെടുക്കുകയും ചെയ്യുന്നു. അങ്ങെനയാണ് പാലം അപകടത്തിലായെന്നു പറയാൻ വിഴിഞ്ഞം തിമിരം ബാധിച്ചവർക്ക്‌ കഴിയില്ല . അവർക്കൊരു പ്രതിയെ വേണം,  അത്ര തന്നെ .  അത് തന്നെയാണ് ശംഖുമുഖം ബീച്ചിന്റെ അവസ്ഥയും . 500 മീറ്ററിന്റെ ഇരു വശവും കടൽ ഭിത്തി വന്നവസാനിക്കുന്നു .ഇനി വിഴിഞ്ഞം തിമിരം ബാധിച്ചവർക്കും ശംഖുമുഖം ബീച്ച് ഇനി മടങ്ങി വരില്ല എന്നു വിലപിക്കുന്നവർക്കും ഒരു ചിത്രം കാട്ടിത്തരാം. 2015 ഡിസംബർ മാസം അഞ്ചിനാണ് വിഴിഞ്ഞത്തു പോർട്ടിന്റെ  നിർമ്മാണം ആരംഭിച്ചത് . മേൽച്ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത് 2013 ജൂൺ 13 നു ആണ് . ഇന്നത്തെ ബീച്ചിന്റെ അവസ്ഥയിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ല വിഴിഞ്ഞം പിറക്കാതിരുന്ന അഞ്ചു കൊല്ലം മുമ്പുള്ള ശംഖുമുഖം. ഇഷ്ടമില്ലാത്ത അച്ചിയെ കുറിച്ച് പറയുമ്പോൾ മറവി പലർക്കും ഒരായുധമാണ് . ബോധപൂർവ്വമുള്ള ആ മറവിച്ചിത്രങ്ങൾ മറ്റു പലരും ആയുധമാക്കി എടുത്തുപയോഗിക്കും എന്ന് തിരിച്ചറിയാതെ പോകുന്നത് മഠയത്തരമാണ് . ഇനിയും വിഴിഞ്ഞതിനെതിരെയുള്ള അഭ്യാസങ്ങൾ തുടരാം . അതിനുവേണ്ടിയുള്ള ഗോദ ശംഖുമുഖത്തു നമ്മുടെയൊക്കെ കടലമ്മ തന്നെ ഒരുക്കിത്തരും !         

Share This:

Leave a Reply

Your email address will not be published.