ഓഖിയിലുംതമിഴ്‌നാട് ഒരു മുഴം മുമ്പേ !

കേരളത്തിൽ ഓഖി ഫണ്ട് ചെലവിട്ടതിനെ ചൊല്ലി വിവാദങ്ങൾ പുകയുമ്പോൾ തമിഴ്‌നാട് ദുരിതാശ്വാസം പൂർത്തിയാക്കുകയും ജോലികൾക്കുള്ള നിയമന ഉത്തരവുകൾ നൽകുകയും ചെയ്‌തു കഴിഞ്ഞു ! കേരളത്തിൽ ഓഖി ഇരകളിൽ ഒരാൾക്ക് പോലും നിയമന ഉത്തരവ് നൽകുന്നതിന് മുൻപാണ് തമിഴ്‌നാട് കേരളത്തിനെ കടത്തി വച്ചു മാതൃകാപരമായ പ്രവർത്തനം ഓഖിയുടെ കാര്യത്തിലെങ്കിലും നടത്തുന്നത്.  അതും നിയമനം ലഭിച്ച ഒരാൾ കേരളത്തിൽ ഉള്ള ആളായിരുന്നു എന്നു കൂടി കൂട്ടിവായിക്കേണ്ടതാണ്. തലസ്ഥാനത്തെ അടിമലത്തുറയിലുള്ള ജെ. രാജൻ എന്നയാൾക്കാണ് തമിഴ്‌നാട് സാമൂഹ്യ ക്ഷേമ വകുപ്പിൽ കോഓർഡിനേറ്റർ ആയി 7700-24200 ശമ്പള നിരക്കിൽ നിയമനം ലഭിച്ചത്.  ഓഗസ്റ്റ് 23 ന് ഇറങ്ങിയ ഉത്തരവ് പ്രകാരം എത്രയും നേരത്തെ ജോലിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടിരിക്കയാണ്.

 

തമിഴ്‌നാട് , കന്യാകുമാരി ജില്ലയിലെ വള്ളവിള മൽസ്യബന്ധന ഗ്രാമത്തിൽ നിന്നും കടലിൽ പണിക്കു പോയ ജോൺ ബോസ്‌കോയുടെ മകനാണ് രാജൻ. അടിമലത്തുറയിലെ ശില്‌വമ്മയെ ആണ് വിവാഹം കഴിച്ചത് . എന്നാലും മൽസ്യബന്ധനം വള്ളവിള ഗ്രാമത്തിൽ തുടർന്നു . അങ്ങനെയാണ് ബോസ്കോ തമിഴ്‌നാട് ഓഖി ഇരകളുടെ പട്ടികയിൽ ഇടംനേടിയത് . തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം രൂപയുടെ വ്യവസ്ഥകളില്ലാത്ത  നഷ്ടപരിഹാരം ലഭിക്കുകയും ചെയ്തു .കേന്ദ്രവും സംസ്ഥാനവും വമ്പൻ വാഗ്‌ദാനങ്ങൾ നൽകിയ ഓഖി ഇരകളുടെ അവസ്ഥ ഇപ്പോഴും പരിതാപകരമാണ് . രണ്ടുകൂട്ടരും പറഞ്ഞ പലകാര്യങ്ങളും ഇനിയും നിറവേറ്റതായിട്ടുണ്ട് . പക്ഷെ ഓഖിയെക്കാൾ പ്രാധാന്യമേറിയ പ്രളയം വന്നപ്പോൾ ഓഖി ഇരകൾ പിന്തള്ളപ്പെട്ടു പോയി . 20 ലക്ഷം സ്ഥിര നിക്ഷേപത്തിന് പുറമെ പ്രധാന മന്ത്രി വാഗ്‌ദാനം ചെയ്ത 2 ലക്ഷം രൂപ ബോഡി തിരിച്ചുകിട്ടാത്തവർക്കു ഇതുവരെ ലഭിച്ചിട്ടില്ല . ഇതിനു പുറമെ മക്കളുടെ വിദ്യാഭ്യാസം , കുടുംബത്തിൽ ഒരാൾക്ക് ജോലി തുടങ്ങിയ വാഗ്ദാനങ്ങളും ജലരേഖയായി. സ്ഥിരനിക്ഷേപത്തിൽ നിന്നും കിട്ടുന്ന പലിശ ഓരോ മാസത്തേയും കുടുംബ ചെലവിന് പോലും തികയാത്ത അവസ്ഥയാണ് . അതിനു പുറമെയാണ് രോഗികളായ ഇരകളുടെ അവസ്ഥ.

പ്രളയകാലത്തു കേരളത്തിന്റെ ‘സൈന്യം’ ആണ് മൽസ്യത്തൊഴിലാളികൾ എന്നു മുഖ്യ മന്ത്രി തന്നെ വിശേഷിപ്പിച്ചവരുടെ അവസ്ഥയാണ് മേൽക്കാണിച്ചത്‌. പല കാര്യങ്ങളിലും കേരളം ഇന്ത്യയിൽ മുൻപന്തിയിൽ ആണ് എന്ന് വെണ്ടയ്ക്ക പരസ്യം നിരത്തുന്ന സർക്കാർ ഓഖിയുടെ കാര്യത്തിലെങ്കിലും തമിഴ്‌നാടിന്റെ  പിന്നിലായി പോയി എന്നതിന്റെ തെളിവാണ് ശെൽവമ്മയുടെ കയ്യിലിരിക്കുന്ന ഉത്തരവ് .      

Share This:

Leave a Reply

Your email address will not be published.